ന്യൂദല്‍ഹി: കശ്മീരിലെ ഹന്ദ്വാരയില് ഭീകരരെ തുരത്തുന്നതിനിടെ വീരമൃത്യു വരിച്ച വീര സൈനികര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ അശുതോഷ് ശര്‍മ, മേജര്‍ അനുജ് സൂദ്, നായക് രാജേഷ് കുമാര്‍ എന്നികവരുടെ ഭൗതിക ശരീരങ്ങള്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് രാജസ്ഥാനിലെ ജയ്പൂര്‍ മിലിട്ടറി സ്റ്റേഷന് സാക്ഷിയായത്. കേണല്‍ അശുതോഷ് ശര്‍മയുടെ സംസ്കാരച്ചടങ്ങുകള്‍ നടന്നത് അവിടെയാണ്. കണ്ണീരിനോട് യുദ്ധം ചെയ്തായിരുന്നു കേണല്‍ അശുതോഷ് ശര്‍മയുടെ മൃതദേഹത്തിനരികില്‍ ഭാര്യ പല്ലവി ശര്‍മ നിന്നത്. ഔദ്യോഗിക ബഹുമതിക്കുള്ള ബ്യൂഗിള്‍ മുഴങ്ങിയപ്പോള്‍ പല്ലവി ഭര്‍ത്താവിന് അന്തിമ സല്യൂട്ട് നലകി. മകള്‍ തമന്നയും കണ്ണീരൊതുക്കി അച്ഛന് അഭിവാദ്യമര്‍പ്പിച്ചു.
രാജ്യത്തിനായി പൊരുതി ജീവന് ബലികഴിപ്പിച്ച ഭര്‍ത്താവിന്റെ വിയോഗത്തില്‍ ഒരു തുള്ളി കണ്ണുനീര് പോലും പൊഴിക്കില്ലെന്ന് പല്ലവി നേരത്തെ പറഞ്ഞിരുന്നു. സംസ്കാര ചടങ്ങിനെത്തിയവരോടെല്ലാം പുഞ്ചിരിമായാത്ത മുഖവുമായാണ് പല്ലവി സംസാരിച്ചത്.
21 രാഷ്ട്രീയ റൈഫിള്‍സിലെ കമാന്‍ഡിങ് ഓഫീസറായിരുന്ന അശുതോഷ് ഭീകരവിരുദ്ധ ദൗത്യങ്ങളിലെ മികവിന് രണ്ടു തവണയാണ് സൈനിക ബഹുമതി സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: