കുമളി: കേരളത്തിലേക്ക് എത്തിചേരാന്‍ സ്വന്തം നിലയ്ക്ക് വാഹനം ക്രമീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അനീഷ് ഷാജന് എന്ന യുവാവിനെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അനീഷ് ചന്നൈയില്‍ കുടുങ്ങി.
സ്വദേശമായ പത്തനംതിട്ട മണക്കാട് നിന്ന് തൊഴില്‍ തേടി തമിഴ്നാടിന്റെ തലസ്ഥാന ചെന്നൈയിലേക്ക് പോയത്. സ്വകാര്യ കമ്പനിയുടെ ഇന്റര്‍വ്യൂവില്‍ ജോലി ലഭിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്ന് എല്ലാം തകിടം മറിഞ്ഞു. ലോക് ഡൗണിനെ തുടര്‍ന്നുള്ള ദിവസങ്ങള്‍ അന്യനാട്ടില്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ഒടുവില്‍ കേരളത്തിലേക്ക് തിരിച്ചെത്താന്‍ വഴിയൊരുങ്ങിയതോടെ ആശ്വാസമായി. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് അനീഷിന് ചൈന്നെയില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ മുമ്പില്‍ വന്നത്.
ഏകദേശം അഞ്ഞൂറ് കിലോമീറ്റര്‍ യാത്രക്ക് സ്വന്തം നിലക്ക് വാഹനം ക്രമീകരിക്കണം. നഗരത്തിലെ ടാക്സികള്‍ അവസരം മുതലെടുത്ത് വാടകയിനത്തില്‍ ആവശ്യപ്പെട്ടത് ഭീമമായ തുക. വണ്ടി വാടക തനിക്ക് താങ്ങാന്‍ ആവുന്നതിനും അപ്പുറമാണെന്ന് തിരിച്ചറിഞ്ഞ അനീഷ് സ്വന്തമായി വാഹനം വാങ്ങി: ‘സൈക്കിള്‍’. തുടര്‍ന്ന് തിങ്കളാഴ്ച വെളുപ്പിന് ചെന്നൈയില്‍ നിന്ന് യാത്ര തുടങ്ങി. ഇടയ്ക്ക് തമിഴ്നാട് പോലീസ് യാത്രക്കാരന്റെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് കുറച്ച് ദൂരം സഹായിച്ചു. ഒടുവില്‍ ചൊവ്വാഴ്ച വൈകിട്ടോടെ കേരള അതിര്‍ത്തിയായ കുമളിയില്‍ എത്തി.
സംസ്ഥാനത്തേക്കുള്ള പ്രവേശനത്തിന് ചെറിയ തടസം നേരിട്ടെങ്കിലും തന്റെ നാട്ടിലെ ജനപ്രതിനിധി ഇടപെട്ട് പരിഹാരമായപ്പോള്‍ രാത്രിയായി. ഏതുവിധേനയും വീടെത്തുക എന്ന ലക്ഷ്യത്തോടെ അനീഷ് ഷാജന് സ്വന്തം സൈക്കിള്‍ പത്തനംതിട്ട ലക്ഷ്യമാക്കി ചവിട്ടാന്‍ തുടങ്ങി. സര്‍ക്കാരുകള്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ സ്വന്തമായി വാഹനം വാങ്ങി യാത്ര ചെയ്യാന്‍ സാഹചര്യമില്ലാത്തവരെ കൂടി കണക്കിലെടുക്കണമെന്ന് അധികൃതരെ ഓര്‍മപ്പെടുത്തുകയാണ് ഈ യുവാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: