കൊച്ചി: ലോക്ഡൗണിനുശേഷം ആശുപത്രികളില്‍ തിരക്കേറുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാല്‍ ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ജനങ്ങള്‍ വീണ്ടും ആശുപത്രികളിലേയ്ക്ക് എത്തിത്തുടങ്ങി.
ലോക്ഡൗണ്‍ സമയത്ത് പനിയായിട്ട് പോലും ആശുപത്രിയില്‍ പോകാതിരുന്നവര്‍ ഇപ്പോള്‍ ചെറിയ ജലദോഷത്തിനും പോലും ആശുപത്രികളില്‍ എത്തുന്ന സ്ഥിതിയാണ്. മെയ് മാസം ആദ്യഅഞ്ചുദിവസം പിന്നിട്ടപ്പോള്‍ 851 പേരാണ് പനി ബാധിച്ച് ആശുപത്രിയിലെത്തിയത്. ഇന്നലെ മാത്രം 213 പേര് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ഒപിയില്‍ ചികിത്സതേടി. വേനല്‍ മഴ ശക്തിപ്രാപിച്ചതാണ് പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കാരണം.
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഡെങ്കിപ്പനി സംശയത്തില്‍ 20 ഓളം പേരും നിരീക്ഷണത്തിലുണ്ട്. വാരപ്പെട്ടി പഞ്ചായത്തിലെ കക്കാട്ടൂരിലാണ് ഡെങ്കിപ്പനി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. ജില്ലയില്‍ എലപ്പനി ബാധിച്ച് ഒരാളാണ് ചികിത്സ തേടിയത്. നാലുപേര്‍ക്ക് ചിക്കന്‍പോക്സ് ബാധിച്ചിട്ടിട്ടുണ്ട്. അഞ്ചുദിവസത്തിനുള്ളില്‍ 106 പേര്‍ക്ക് പട്ടിയുടെ കടിയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: