കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ നിരവധി പ്രവാസികള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് കേന്ദ്രത്തിനെതിരെ തെറ്റിദ്ധാരണ പരത്താന്‍. സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജനും കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധ പ്രസ്താവന ഇറക്കി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാജ്യത്താകമാനം തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളില്‍ മാത്രമാണ് പ്രവസികളെ എത്തിക്കുന്നതെന്ന കാര്യം മറച്ചുവെയ്ക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെ സംബന്ധിച്ച് അറിവുണ്ടായിട്ടും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കേന്ദ്രത്തെ വിമര്‍ശിക്കുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനാണെന്ന് വ്യക്തം.
കോവിഡ് രോഗ വ്യാപന ഭീതിയില്‍ പ്രവാസികളെ തിരിച്ചെത്തക്കുന്നതിന് ആദ്യഘട്ടത്തില്‍ വിമാനങ്ങളെത്തുന്നത് രാജ്യത്തെ 13 വിമാനത്താവളങ്ങളിലേക്ക് മാത്രമാണ്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികളെത്തുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തിയ ശേഷവും സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണവും കണക്കിലെടുത്താണ് പ്രവാസികളെ തിരിച്ചെത്തിക്കേണ്ട വിമാനത്താവളങ്ങള്‍ കേന്ദ്രം നിശ്ചയിച്ചത്. കേരളത്തില്‍ മാത്രമാണ് മൂന്ന് വിമാനത്താവളങ്ങളില്‍ പ്രവാസികളെ തിരിച്ചെത്തിക്കുന്നത്. മഹാരാഷ്ട്രയില്‍ ഒരു വിമാനത്താവളം മാത്രമാണ് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ആന്ധ്രാ പ്രദേശില്‍ ഹൈദരാബാദിലും ഗുജറാത്തില്‍ അഹമ്മദബാദിലും മാത്രമേ പ്രവാസികളെ തിരിച്ചെത്തിക്കുന്നുള്ളൂ.
കേരളത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ മൂന്ന് എയര്‍പോര്‍ട്ടുകളില്‍ പ്രവാസികളെ എത്തിക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ മാത്രമേ പ്രവാസികളെ എത്തിക്കാതുള്ളു. മറ്റ് സംസ്ഥാനങ്ങളില്‍ ഡല്‍ഹി, ശ്രീനഗര്‍, ലക്നൗ, ഹൈദരബാദ്, അഹമ്മദബാദ്,അമൃതസര്‍, ചെന്നൈ, മൂംബൈ, ട്രിച്ചി, ബഗ്ളൂരു എന്നിവിടങ്ങളിലാണ് നാളെമുതല്‍ ഒരാഴ്ച കാലത്തിനിടയില്‍ പ്രവാസികളേയും വഹിച്ചു കൊണ്ടുളള 64 വിമാനങ്ങള്‍ എത്തുക. കേരളം (15), ഡല്‍ഹി (11), തമിഴ്നാട് (11), തെലുങ്കാന (7) എന്നിവിടങ്ങളിലാണ് കൂടുതല്‍ വിമാനങ്ങള്‍ പ്രവാസികളേയും വഹിച്ചു കൊണ്ട് എത്തുന്നത്.
ഇക്കാര്യങ്ങളെല്ലാം വ്യക്തമായി അറിയുന്ന മുഖ്യമന്ത്രി കേന്ദ്രത്തെ മനഃപൂര്‍വ്വം കുറ്റപ്പെടുത്താനാണ് കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടുത്തിയില്ല എന്ന ആക്ഷേപം ഉന്നയിക്കുന്നത്. അതിന്റെ ഏറ്റുപാടല്‍ മാത്രമാണ് പാര്‍ട്ടി ജില്ല സെക്രട്ടറിയുടെ ഇന്നലത്തെ പ്രസ്താവനയെന്നും ആരോപണമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: