ഇടുക്കി: ജില്ലയില്‍ ഇളവുകള്‍ വന്നതിന് പിന്നാലെ ഇന്നലെ ചെറു പട്ടണങ്ങളിലടക്കം അനുഭവപ്പെട്ടത് വലിയ തിരക്ക്. പോലീസും പരിശോധന കുറച്ചതോടെ ജില്ലവിട്ട് യാത്ര ചെയ്തവരും നിരവധിയാണ്. പലയിടങ്ങളിലും
പോലീസുണ്ടെങ്കിലും പേരിന് മാത്രമായിരുന്നു പരിശോധനകള്‍ നടന്നത്. മെയ് രണ്ടിന് രാത്രി മുതല്‍ ഓറഞ്ച് സോണിലേക്ക് മാറിയിരുന്നെങ്കിലും ഇന്നലെ മുതലാണ് ഇത് പ്രായോഗികമായി നിലവില്‍ വന്നത്. അനുവദി നല്കിയതും നല്‍കാത്തതുമായ വ്യാപാര സ്ഥാപനങ്ങളും പലയിടങ്ങളിലും ഇന്നലെ തുറന്നു. പലച്ചരക്ക്-പലവ്യഞ്ചന കടകള്‍ക്ക് മുമ്പില്‍ സാമൂഹിക അകലം പോലും പാലിക്കാതെ ആളുകള്‍ കൂട്ടം കൂടി. വണ്ടിപ്പെരിയാര്‍ പോലുള്ള ഹോട്ട്സ്പോട്ടുകളില്‍ പോലും ആളുകള്‍ കൂട്ടത്തോടെ യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ തെരുവിലേക്കിറങ്ങി.
സംസ്ഥാനത്ത് തന്നെ രണ്ടാമതായി കൊറോണ മുക്തമായി മാറി പിന്നീട് ഗ്രീന്‍ സോണിലേക്ക് മാറിയ ജില്ലയാണ് ഇടുക്കി. മാര്‍ച്ച് 15ന് ആണ് ആദ്യ വൈറസ് ബാധ ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്്. പിന്നീട് ഇത് പത്ത് ആയി ഉയര്‍ന്നെങ്കിലും ഏപ്രില്‍ പാതിയോടെ ഇവരെല്ലാം സുഖം പ്രാപിച്ച് വീടുകളിലേക്ക് പോയി. ഏപ്രില്‍ രണ്ടിനായിരുന്നു അവസാന കേസ് വന്നത്. പിന്നീട് തുടര്‍ച്ചയായി 20 ദിവസത്തോളം
പുതിയ രോഗികളൊന്നും ഉണ്ടായില്ല. ഏപ്രില്‍ 23 തൊട്ട് പിന്നീട് വളരെ പെട്ടെന്നാണ് സാഹചര്യങ്ങള്‍ മാറിയത്. ഗ്രീന്‍ സോണില്‍ നിന്ന് ഇടുക്കി ദിവസങ്ങള്‍ക്കുള്ളില്‍ റെഡ് സോണിലെത്തി. ഹോട്ട്സ് പോട്ടുകളുടെ എണ്ണവും കുതിച്ചുയര്‍ന്നു. അടുത്തടുത്ത നാല് ദിവസത്തിനിടെ രോഗികള്‍ 14 എണ്ണമായി കൂടി. ഏപ്രില്‍ 27ന് റെഡ് സോണിലുമെത്തി. വളരെ പെട്ടെന്ന് തന്നെ ജില്ല വീണ്ടും നിശ്ചലമായി.
എന്നാല്‍ ഇതെല്ലാം മറികടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇടുക്കി വീണ്ടും തിരകെ ഓറഞ്ച് സോണിലേക്ക് മാറി. ഒരാളൊഴികെ ബാക്കിയെല്ലാവരുടേയും ഫലം നെഗറ്റീവായതിനാല്‍ വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇടുക്കി ഗ്രീന്‍ സോണിലേക്കും മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നല്കുന്ന ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍ ലഭിക്കുന്ന ഫലം വളരെ വലുതാകുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. ഗ്രീന്‍ സോണിലാപ്പോള് ഉണ്ടായതിലും കൂടിയ തിരക്കാണ് തൊടുപുഴയിലും കട്ടപ്പനയിലും പോലും ഇന്നലെ അനുഭവപ്പെടുന്നത്. തിരക്കേറിയതിനെ തുടര്‍ന്ന് വണ്ണപ്പുറത്ത് പോലീസ് കടകളടപ്പിച്ചു.
മൂലമറ്റം, മുട്ടം ഭാഗങ്ങളിലും ഇത്തരത്തില്‍ കടകള്‍ അടപ്പിച്ചു. ആവശ്യമില്ലാതെ ജനം ടൗണുകളിലേക്ക് എത്തുന്നത് തടയുന്നതിനായി വീണ്ടും പോലീസ് രംഗത്തിറങ്ങേണ്ടി വരും. ടൗണുകളില്‍ ആളുകള്‍ ധാരാളമായി എത്തുന്നതായും സാഹചര്യം വിലയിരുത്തിയ ശേഷം ആവശ്യമായ നടപടികള്‍ എടുക്കുമെന്നും ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന് വ്യക്തമാക്കി.
വണ്ടിപ്പെരിയാറില്‍ പോലീസ് വക ചൂരല്‍ കഷായം
പീരുമേട്: വണ്ടിപ്പെരിയാര്‍ ടൗണിലെ കടകളില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്ത നിയന്ത്രിക്കുവാന്‍ പോലീസിന് ചൂരല്‍ പ്രയോഗം നടത്തേണ്ടി വന്നു. വണ്ടിപ്പെരിയാര്‍ യൂണിയന് ബാങ്കും അവശ്യവസ്തുക്കള്‍ കടകള്‍ ഉള്‍പ്പെടെ മുഴുവന്‍ കടകളും പോലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് അടപ്പിച്ചു.
ഹോട്ട്സ്പോര്‍ട്ട് പ്രഖ്യാപിച്ച പഞ്ചായത്തില്‍ കഴിഞ്ഞ മൂന്ന് ദിവസം കടകള്‍ പൂര്‍ണ്ണമായി അടച്ചിട്ടിരുന്നു. ഞായറാഴ്ച കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചെങ്കിലും ആളുകള്‍ കടകള്‍ തുറന്ന് വിവരം അറിയാത്തതിനാല്‍ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നലെ രാവിലെ തോട്ടം മേഖലയായ മ്ലാമല, തേങ്ങാക്കല്‍, കീരിക്കര ചെങ്കര, മൂങ്കലാര്‍, പശുമല, ഗ്രാമ്പി, അരണക്കാല് തുടങ്ങിയ ഉള്‍പ്രദേശത്ത് നിന്നുമാണ് ആളുകള്‍ കൂട്ടമായി നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുവാന്‍ എത്തിയത്. വണ്ടിപ്പെരിയാര്‍ ടൗണില്‍ രാവിലെ 11 മണി മുതല്‍ 5 മണി വരെ പല ചരക്കുകടകളും, പച്ചക്കറി കടകളും ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം തുറന്നു പ്രവര്‍ത്തിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാവിലെ 9 മണി മുതല്‍ ജനങ്ങള്‍ ടൗണിലേക്ക് വിവിധ പ്രദേശത്ത് നിന്നും കൂട്ടത്തോടെ എത്തിതുടങ്ങിയത്. കടകള്‍ 11 മണിക്ക് തുറന്നപ്പോള്‍ സാമൂഹ്യ അകലം പാലിക്കാതെ നിന്ന ജനങ്ങള്‍ക്ക് പോലീസ് ആദ്യം നിര്‍ദ്ദേശങ്ങള്‍ നല്കി. ഇത് ലംഘിച്ചതോടെയാണ് കൂട്ടംകൂടി നിന്ന ആളുകളെ മാറ്റുന്നതിനായി ചൂരല്‍ പ്രയോഗം നടത്തേണ്ടിവന്നത്. ഇതോടൊപ്പം കടകള്‍ പൂര്‍ണമായും അടപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ആളുകള്‍ ടൗണില്‍ നിന്ന് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: