മൂലമറ്റം: ലോക് ഡൗണ്‍ കാലത്തിന് ശേഷം നല്കിയ ഇളവ് ദിവസത്തില്‍ തന്നെ ഉപഭോക്താവിന് ഇരുട്ടടി നല്കി കെഎസ്ഇബി കരുണ ഇല്ലാതെ പെരുമാറുന്നു.
സാമ്പത്തിക പരാധീനതയില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്കാണ് ഇരട്ടി ബില്ല് നല്കി കെഎസ്ഇബി അമ്പരപ്പിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് അടച്ചിട്ടിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ ഇന്നലെ തുറന്നപ്പോള്‍ തന്നെ ബില്ലുമായി കെഎസ്ഇബി ജീവനക്കാരെത്തി. പല സ്ഥാപനങ്ങള്‍ക്കും അടച്ചിട്ട സമയത്തെ ബില്ലായി ഇന്നലെ നല്‍കിയത് സാധാരണ അടക്കുന്നതിലും ഒന്നര ഇരട്ടി തുകയുടെ ബില്ല്.
അടച്ചിട്ട സ്ഥാപനങ്ങള്‍ വൈദ്യുതി ഉപയോഗിക്കാതിരുന്നിട്ടും അധിക ബില്ല് എങ്ങനെ വന്നുവെന്ന് കൃത്യമായി വിശദീകരണം നല്കുവാന് അധികൃതര്‍ തയാറാകുന്നില്ല. ഇന്നലെ മുതല്‍ വീടുകളിലും റീഡിങിന് എത്തി തുടങ്ങി.
ഇവിടെയും സ്ഥിതി വിഭിന്നമല്ല. കൊറോണ ജാഗ്രതയില്‍ പുറത്തിറങ്ങാന്‍ കഴിയാതെ ജോലി നഷ്ടപ്പെട്ടവരുടെ വീടുകളിലും അല്പം പോലും മനസാക്ഷിക്കുത്തില്ലാതെയാണ് വൈദ്യുതി വകുപ്പ് പണം അടയ്ക്കണമെന്നാവശ്യപ്പെട്ട് ബില്ല് നല്‍കുന്നത്.
ജീവിതമാര്‍ഗം നിലച്ച സാധാരണക്കാര്‍ എവിടെ നിന്നെടുത്ത് അടയ്ക്കും എന്നാണ് ചോദിക്കുന്നത്. ഒരു മാസത്തെ വൈദ്യുതി ബില്‍ സൗജന്യമാക്കി തരണമെന്ന ആവശ്യം പൊതുജനങ്ങളില്‍ നിന്നും ഉയരുമ്പോഴാണ് ഇരുട്ടടിയായി ഇരട്ടി ബില്ല് നല്കി വൈദ്യുതി വകുപ്പ് കരുണയില്ലാതെ പെരുമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: