തൊടുപുഴ: ലോക്ക് ഡൗണിനിടയില്‍ കാന്‍സര്‍ രോഗ ബാധിതനായ മകനുമായി ആശുപത്രിയിലേക്കു പോയ അച്ഛന് നേരെ പോലീസിന്റെ മനുഷ്യത്വ രഹിതമായ പെരുമാറ്റം. ആര്‍സിസിയില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പോയ കാന്‍സര്‍ രോഗം ബാധിച്ച യുവാവിനെയാണ് കുളമാവ് പോലീസ് പെരുവഴിയില്‍ തടഞ്ഞത്.
ഈ സമയം കളക്ടറേറ്റിലേക്ക് പോകാന്‍ ഇതു വഴി വന്ന പി.ജെ. ജോസഫ് എംഎല്‍എ ഇടപെട്ടതിനെ തുടര്‍ന്ന് ഇവരെ പിന്നീട് പോകാന്‍ അനുവദിച്ചെങ്കിലും ഇവര്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ കേസെടുക്കുമെന്നറിയിച്ചത് വിവാദമായി. കഴിഞ്ഞ 28ന് കുളമാവ് ഡാമിന് സമീപമാണ് ഇവരെ പോലീസ് തടഞ്ഞത്.
ഇടുക്കി നായരുപാറ താഴുത്തുരുത്തേല് ടി.ജെ. വര്‍ക്കിയ്ക്കും മകന് അനൂപിനുമാണ് പോലീസില്‍ നിന്നും ദുരനുഭവം നേരിട്ടത്. ആറ് വര്‍ഷമായി ഇടത് തോളില്‍ കാന്സര്ബാധിച്ച് ചികില്‍സയിലാണ് അനൂപ്. തിരുവനന്തപുരം ആര്‍സിസിയിലെ ചികില്‍സയ്ക്ക് ശേഷം ചെന്നൈയിലെ ആശുപത്രിയില്‍ തോളിലെ അസ്ഥി നീക്കം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ആര്‍സിസിയില്‍ കീമോ തെറാപ്പി ചെയ്തു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വലത് തോളില്‍ വേദനയനുഭവപ്പെട്ടു. ആര്‍സിസിയില്‍ വിളിച്ചപ്പോള്‍ ലോക്ക് ഡൗണായതിനാല്‍ ഇത്രയും ദുരം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് അടുത്ത് ഓങ്കോളജിസ്റ്റുള്ള ആശുപത്രിയില്‍ കാണിക്കാന്‍ പറഞ്ഞു.
ഇതിനുസരിച്ച് രാവിലെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് പോരുന്നതിനിടയിലാണ് കുളമാവ് പോലീസിന്റെ കണ്ണില്‍ച്ചോരയില്ലാത്ത പെരുമാറ്റം നേരിടേണ്ടി വന്നത്. വര്‍ക്കിയും അനൂപിനും പുറമെ വാഹമോടിച്ചിരുന്ന ബന്ധുവായ നോബിയുമാണ് കാറിലുണ്ടായിരുന്നത്. യാത്രയില്‍ ഇവര്‍ മാസ്ക്കും ധരിച്ചിരുന്നു. കുളമാവ് സ്റ്റേഷനിലെ എഎസ്ഐയും സംഘവുമാണ് ഡാമിന് സമീപം ഇവരെ തടഞ്ഞത്. സംഭവം വിവാദമായതോടെ കേസെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പോലീസ് പിന്മാറിയതായിട്ടാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: