കണ്ണൂര്‍: ലോക്ക്ഡൗണിന്റെ മൂന്നാംഘട്ടം തുടങ്ങിയ ഇന്നലെ കണ്ണൂര്‍ ജില്ലയില്‍ ഹോട്ട്സ്പോട്ടായ പ്രദേശങ്ങളിലുള്‍പ്പെടെ നിരവധി ആളുകളും വാഹനങ്ങളും കൂട്ടത്തോടെ നിരത്തിലിറങ്ങി. കണ്ണൂരിലുള്‍പ്പെടെ പ്രധാന നഗരങ്ങളിലെല്ലാം ജനങ്ങള്‍ വാഹനവുമായി റോഡിലിറങ്ങിയത് പോലീസിന് തലവേദന സൃഷ്ടിച്ചു. ഇരിട്ടി ടൗണിലാണ് കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയത്. രണ്ട് മാസത്തിന് ശേഷം ആദ്യമായി മണിക്കൂറുകളോളം ഇരിട്ടി പാലത്തില്‍ ഗതാഗത സ്തംഭനമുണ്ടായി. ഇരിട്ടി സബ്ഡിവിഷന് കീഴില്‍ പോലീസ് 53 കേസുകളാണ് ലോക്ഡൗണ്‍ ലംഘനത്തിനെതിരെ രജിസ്റ്റര്‍ ചെയ്തത്.
പോലീസിന് ഗതാഗതം നിയന്ത്രിക്കാന്‍ രംഗത്ത് ഇറങ്ങേണ്ടി വന്നു. പലരെയും പറഞ്ഞ് ബോധ്യപ്പെടുത്തി മടക്കി അയച്ചു. ചിലര്‍ ഹെല്‍മറ്റോ മുഖാവരണങ്ങളോ ധരിക്കാതെയായിരുന്നു പുറത്തിറങ്ങിയത്. ഇത്തരക്കാര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. അനാവശ്യമായി പുറത്തിറങ്ങിയതാണെന്ന് കണ്ടെത്തിയവരുടെ വാഹനങ്ങളും പോലീസ് പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. രാവിലെ തുടങ്ങിയ വാഹനത്തിരക്ക് ഉച്ചക്ക് 2 മണിവരെ നീണ്ടു. അതിന് ശേഷമാണ് അല്‍പ്പം ശമനമുണ്ടായത്.
റെഡ്സോണായ കണ്ണൂരില്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കണ്ണൂര്‍ എസ്പി യതീഷ്ചന്ദ്ര പറഞ്ഞു. ആളുകള്‍ ഇനിയും ഇതുപോലെ പുറത്തിറങ്ങിയാല്‍ പോലീസ് നടപടി കടുപ്പിക്കും. അതിതീവ്ര മേഖലകളില്‍ ആളുകള്‍ പുറത്തിറങ്ങിയാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും എസ്പി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: