കളിയും കഥയും
2010 ജൂലൈ 11…..
ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗിലെ
സോക്കര്‍സിറ്റിയില്‍ സ്പെയിന് പുതിയ
ചരിത്രമെഴുതുകയായിരുന്നു…
കളിയുടെ 116-ാം മിനിട്ട്….
ഡച്ച് സ്വപ്നങ്ങള്‍ക്ക് ചരമഗീതമെഴുതിയ അതേ മുഹൂര്‍ത്തം സമാനതകളില്ലാത്ത സമര്‍പ്പണത്തിന്റെ
വരികള്‍ പ്രകാശിക്കപ്പെട്ട നിമിഷം കൂടിയായി…..
ഒപ്പമുണ്ടായിരുന്നവന്റെ ഓര്‍മ്മകളിലേക്കായിരുന്നു
ആ സ്പാനിഷ് വിജയക്കുതിപ്പിന്റെ സമര്‍പ്പണം
ദക്ഷിണാഫ്രിക്കയിലെ കളിമൈതാനങ്ങളില്‍ പെരുമഴ പെയ്തുതോര്‍ന്നിരിക്കുന്നു. ഇടിമുഴക്കങ്ങള്‍ നീണ്ട രാത്രികള്‍ക്ക് ശേഷം ലോകം പകലുറക്കത്തിലാണ്ടുപോയിരിക്കുന്നു. ചിരിയും കണ്ണീരും ആരവങ്ങളും ആര്‍പ്പുവിളികളും ഓര്‍മ്മപ്പുസ്തകത്തിന്റെ താളുകളെയും ത്രസിപ്പിക്കുന്ന അഴകായി മാറിയിരിക്കുന്നു. മുപ്പതുരാവുകള്‍ നീണ്ട ബഫാന മേളയ്ക്കൊടുവില്‍ ജോഹന്നസ് ബര്‍ഗിലെ സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ ഒരു കവിത പിറന്നു. കാലാബാഷ്കോപ്പപോലെ തീര്‍ത്തെടുത്ത കറുപ്പഴകിന്റെ മനോഹരശില്‍പ്പത്തില്‍ കൊത്തിവെയ്ക്കപ്പെട്ട കവിത. ഓരോ പുതുപുലരിയിലും പുല്നാമ്പുകളില് മുത്തുപോല്‍ തത്തിനില്‍ക്കുന്ന മഞ്ഞുതുള്ളികള്‍ ലോകത്തോട് ആ വരികള്‍ ഉറക്കെ വിളിച്ചുചൊല്ലിക്കൊണ്ടേയിരിക്കുന്നു. തലേരാത്രിയുടെ അന്തിമയാമത്തില്‍ ആന്ദ്രേ ഇനിയെസ്റ്റ എന്ന അപ്രവചനീയതയുടെ കലാകാരന് നെഞ്ചോട് ചേര്‍ത്ത് എന്നേ കുറിച്ചുവച്ച വരികള്‍ ലോകത്തിനുമുന്നില്‍ പ്രകാശനം ചെയ്യുകയായിരുന്നു.”DANI JARQUE STEMPRE CON NOSOTROS’ ”ഡാനി ജാര്‍ക്വെ, നീ എന്നും ഞങ്ങളോടൊപ്പമുണ്ട്.”
ആ ഒരൊറ്റ മുഹൂര്‍ത്തമാത്ര കൊണ്ട് ഡാനി ജാര്‍ക്വെ അനശ്വരനായി. എസ്പ്യാനോളിന്റെ പ്രതിരോധ ദുര്‍ഗത്തില്‍ കരുത്തനായ കാവലാളായി നിതാന്ത ജാഗ്രതയുടെ ആള്‍രൂപമായിരുന്ന ജാര്‍ക്വെയുടെ ഹൃദയതാളം കഴിഞ്ഞ ആഗസ്തില്‍ അപ്രതീക്ഷിതമായി നിലയ്ക്കുകയായിരുന്നു. കാല്പന്തുകളിയുടെ എല്ലാ സംത്രാസങ്ങളെയും സദാ പേറിയിരുന്ന ഒരു ഹൃദയത്തിന്റെ ഉടമ, അലച്ചാര്‍ത്തുപോലെ ചീറിയടുക്കുന്ന ആക്രമണങ്ങളെ മെയ്യ് മതിലാക്കി തടഞ്ഞുനിര്‍ത്തിയിരുന്ന ഭയരഹിതനായ പോരാളി അനിവാര്യമായ വിധിക്ക് കീഴടങ്ങി പൊലിഞ്ഞതിന്റെ വേദനയില്‍ നിന്നാണ് ഇനിയെസ്റ്റയുടെ ഒറ്റവരി കവിത പിറന്നത്. സ്വന്തം നെഞ്ചോടൊട്ടിക്കിടന്ന എല്ലാ വസ്ത്രങ്ങളിലും അവനത് എഴുതിപ്പിടിപ്പിച്ചു. ”പ്രിയപ്പെട്ട കൂട്ടുകാരാ, നീ എന്നും എന്നോടൊപ്പമുണ്ട്.”
ലോകം കണ്ണിമ ചിമ്മാതെ കാത്തുനിന്നപ്പോഴാണ് പ്രിയ സുഹൃത്തിനായി ഇനിയെസ്റ്റ ആ വരികള്‍ സമര്‍പ്പിച്ചത്. ലോക ചരിത്രത്തിലൊരിടത്തും ഇത്തരത്തിലൊരു പ്രകാശനകര്‍മ്മം ഉണ്ടായിരിക്കാനിടയില്ല.
2010 ലോകകപ്പ് ഫുട്ബോളിന്റെ അവസാന പോരാട്ടം. 116 -ാം മിനിട്ട്. സോക്കര്‍ സിറ്റിയിലെ പുല്‍നാമ്പുകളെ തീപിടിപ്പിച്ച് ഡച്ച് ഗോള്‍മുഖത്തേക്ക് ബോംബര്‍ ജെറ്റ് പോലെ കുതിച്ചുപാഞ്ഞ ഇനിയെസ്റ്റ ഓറഞ്ച് പടയുടെ സ്വപനങ്ങള്‍ക്ക് ചരമ ഗീതം എഴുതിച്ചേര്‍ത്ത അതേ മുഹൂര്‍ത്തത്തിലായിരുന്നു ആ പ്രകാശനം. ഡച്ച് ഗോളി സ്റ്റകലന്‍ ബര്‍ഗിന്റെ ചിറകുകള്‍ക്ക് മീതെ വലയിലേക്ക് പന്ത് കോരിയെറിഞ്ഞ ഇനിയെസ്റ്റ പൊടുന്നനെ ചെയ്തത് കോടിക്കണക്കിന് സ്പാനിഷ് ആരാധകര്‍ കൊതിക്കുന്ന പുറംകുപ്പായം ഊരിയെടുത്ത്, വലംകൈകൊണ്ട് നെഞ്ചില്‍ തട്ടി ഗാലറികള്‍ക്ക് നേരെ കുതിക്കുകയായിരുന്നു. ആ നെഞ്ചില്‍ നീല അക്ഷരങ്ങളില്‍ പ്രിയ സുഹൃത്തിനുള്ള തിലോദകച്ചാര്‍ത്തുപോലെ ഒരിക്കലും മരിക്കാത്ത വരികള്‍ കുറിക്കപ്പെട്ടിരുന്നു.”DANI JARQUE STEMPRE CON NOSOTROS.”
മിഴിയടയ്ക്കാതെ തുറന്നിരിക്കുന്ന ക്യാമറക്കണ്ണുകള്‍ ആ വരികള്‍ ഒപ്പിയെടുത്തു. രാത്രിയെ പകലാക്കി കളിയാഘോഷങ്ങളില്‍ മുഴുകിയ കോടിക്കണക്കായ ഫുട്ബോള്‍ പ്രേക്ഷകരുടെ മനസിലേക്ക് നീലനിറത്തിലുള്ള ആ അക്ഷരങ്ങളും കുടിയേറി. അന്തിമ പോരാട്ടത്തിന്റെ 116 -ാം മിനുട്ടിലാണ് കാല്പനികതയുടെ കമനീയത തുളുമ്പുന്ന കാല്‍സ്പര്‍ശവുമായി ആന്ദ്രെ ഇനിയെസ്റ്റ കളം നിറഞ്ഞത്. ആരും സ്വന്തമാക്കാന്‍ കൊതിക്കുന്ന അസുലഭ നേട്ടം സുഹൃത്തിന്റെ ഓര്‍മ്മകള്‍ക്ക് സമര്‍പ്പിച്ചാണ് ഇനിയെസ്റ്റ ഫുട്ബോള്‍ വെറും കളിയല്ലെന്ന് പ്രഖ്യാപിച്ചത്.
ഇത് ജീവിതമാണ്. ഓരോ ഒന്നരമണിക്കൂറിലും പിറന്ന് കൊഴിയുന്ന ജീവിതം. വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിന്റെ, വിയര്‍പ്പിന്റെ, രക്തത്തിന്റെ ഫലം കൊയ്യുന്ന നിമിഷങ്ങള്‍. ഒന്നുമാകാതെ വന്നുമടങ്ങുന്നവര്‍, എന്തെല്ലാമോ ആയി വന്ന് വെറും കയ്യുമായി തല കുമ്പിട്ട് തിരികെ പോകുന്നവര്‍, ഒരു രാത്രികൊണ്ട് രാജാക്കന്മാരാകുന്നവര്‍…
ഈ മൈതാനത്ത് കണ്ണുനീര് പെയ്ത രാത്രികളുണ്ട്, ആഹ്ളാദത്തിന്റെ തേന്‍കണം ചിതറിയ രാത്രികളുണ്ട്. ഒരു കൂട്ടരുടെ ആനന്ദം മറ്റ് ചിലര്‍ക്ക് നൊമ്പരമാകുന്ന അനിവാര്യമായ കാഴ്ചകളുണ്ട്. ചതിയിലും വിജയം പതിയിരിക്കുന്നുവെന്ന തിരിച്ചറിവുണ്ട്. സൗഹൃദത്തിന്റെ സ്വേദകണങ്ങള്‍ വീണാണ് ഈ കളിക്ക് കലയുടെ നനവുണ്ടായത്. പങ്കുവെയ്ക്കലാണ് പ്രപഞ്ച ജീവിതത്തിന്റെ ആധാരം. ”പരസ്പരം ഭാവയന്തഃ ശ്രേയഃ പരമ വാപ്സ്യഥ” എന്നാണല്ലോ ഗീതാവാക്യവും.
ഒരു കാലില്‍ നിന്ന് മറ്റൊരു കാലിലേക്ക് പന്തിനെ പകര്‍ന്ന് ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം. ‘പാസ്സിംഗ്’ എന്ന കൊടുക്കല്‍ വാങ്ങലിലൂടെ ഒരു ജീവിതവിജയം. അവിടെ ഇടര്ച്ചയുണ്ടായാല്, സ്വാര്‍ത്ഥം തലപൊക്കിയാല്‍ കളിയുടെ താളം പോകും. ഓര്‍ക്കുന്നില്ലേ ആന്ദ്രേ ഇനിയെസ്റ്റയുടെ അതേ സ്പെയിനിലായിരുന്നു പെഡ്രോയുടെയും സ്ഥാനം. അക്കുറി പോര്‍ച്ചുഗലിന്റെ ഗോള്‍മുഖത്ത് പന്ത് സ്വീകരിക്കാനും ഗോളിലേക്ക് ഉതിര്‍ക്കാനും കാത്തുനിന്ന ഫെര്‍ണാണ്ടോ ടോറസിനെ നോക്കുകുത്തിയാക്കിയ അതിമോഹിയുടെ മുഖമായി പിന്നീട് പെഡ്രോയ്ക്ക്. ഗോള്‍പട്ടികയില്‍ സ്വന്തം പേരു കുറിക്കാന്‍ ഒരവസരം കിട്ടിയാലോ എന്ന സ്വാര്‍ത്ഥമോഹത്തിന്റെ പേരായിരുന്നു ദക്ഷിണാഫ്രിക്കന്‍ ലോകക്കപ്പിലെങ്കിലും പെഡ്രോ.
എന്നാല്‍ ഒരു ഗോള്‍ പോലും നേടാതെ എണ്ണയിട്ട യന്ത്രം പോലെ കളം നിറഞ്ഞ് കളിച്ച ‘സാവി’ അതേ സ്പാനിഷ് നിരയിലെ കര്‍മ്മയോഗിയായി. ലോകകപ്പിലെ എറ്റവും കൂടുതല്‍ പാസുകള്‍ ആ കാലില്‍ നിന്നായിരുന്നു. ഗോളടിക്കലിനേക്കാള്‍ ഗോളടിപ്പിക്കലായിരുന്നു സാവിയുടെ കര്‍മ്മം. ഡേവിഡ് വിയയും കാര്‍ലോസ് പുയോളും ആന്ദ്രേ ഇനിയെസ്റ്റയും എതിരാളികള്‍ക്ക് പട്ടട തീര്‍ത്തപ്പോള്‍ പരാജിതരുടെ പടകുടീരങ്ങളില്‍ നിന്നു സാവിക്കു നേരെയും ഉയര്‍ന്നിട്ടുണ്ടാകും ‘കൊല്ലിക്കയത്രെ നിനക്ക് രസമെടോ’ എന്ന വിലാപം.
കളി കലയാകുന്നത് ഇത്തരം മുഹൂര്‍ത്തങ്ങളിലൂടെയാണ്….ചരിത്രമാകുന്നതും…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: