കൊച്ചി: കേരളം ഏറെ ആഗ്രഹിച്ചിരുന്ന അമ്പലപ്പുഴ-എറണാകുളം തീരദേശ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ റെയില്‍വേയുടെ സ്വന്തം ഫണ്ട് ഉപയോഗിച്ച് ചെയ്യും. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരത്തുക പൂര്‍ണമായി റെയില്‍വേ നല്‍കാനും തീരുമാനം. പദ്ധതിക്ക് 15,000 കോടി രൂപ ചെലവാകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.
സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണത്തെത്തുടര്‍ന്ന് പാത ഇരട്ടിപ്പിക്കല്‍ പദ്ധതി 2019 ഡിസംബറില്‍ റെയില്‍വേ മരവിപ്പിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാരത്തുകയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നായിരുന്നു റെയില്‍വേയുടെ ആവശ്യം. അതിനോട് സംസ്ഥാനം സഹകരിച്ചില്ല. തുടര്‍ന്നാണ് പദ്ധതി മരവിപ്പിച്ചത്. എന്നാല്‍, ഈ മേഖലയിലെ ഗതാഗതത്തിരക്ക് പരിഗണിച്ച് പദ്ധതി വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേയോട് നിര്‍ദേശിച്ചു. ഇതോടെയാണ് പദ്ധതി മരവിപ്പിച്ച ഉത്തരവ് പിന്‍വലിച്ച് റെയില്‍വേ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
2003ലാണ് പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്ക് തുടക്കമിട്ടത്. കായകുളത്ത് നിന്ന് എറണാകുളത്തേക്ക് കോട്ടയം വഴിയും ആലപ്പുഴ വഴിയുമായിരുന്നു പദ്ധതി. ആലപ്പുഴ വഴിയുള്ള പദ്ധതിയില്‍ സ്ഥലമേറ്റെടുക്കുന്ന പ്രാഥമിക പ്രവര്‍ത്തനം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. 70 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പാതയ്ക്കുള്ളത്. എറണാകുളം മുതല്‍ കുമ്പളം വരെയുള്ള എട്ട് കിലോമീറ്റര്‍ ഭാഗത്ത് സ്ഥലമേറ്റെടുക്കല്‍ നടപടി ആരംഭിച്ചിരുന്നു. ഇതോടെ, സമീപത്തുള്ള വസ്തു ഉടമകള്‍ക്ക് ഭൂമി വില്‍ക്കാനാവാത്ത സ്ഥിതിയുണ്ടായി. കുമ്പളങ്ങി-ആലപ്പുഴ വരെ വിജ്ഞാപനവുമിറക്കി. ആലപ്പുഴ-അമ്പലപ്പുഴ ഭാഗത്ത് അതും നടന്നിട്ടില്ല. 62 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നിലവില്‍ തീരപാതയിലൂടെ സര്‍വീസ് നടത്തുന്ന മുഴുവന്‍ ട്രെയിനുകളും വൈകിയോടുന്നത് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നു. പദ്ധതി നടപ്പാകുന്നതോടെ നിലവിലുള്ള യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ കഴിയും. ആലപ്പുഴയുടെ വികസനത്തിന് വേഗം കൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: