ജനീവ: കൊറോണ വിഷയം കൈകാര്യം ചെയ്തതിലെ ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ വീഴ്ച ലജ്ജാവഹമെന്ന് മെയ് മാസത്തില്‍ സമിതിയുടെ അധ്യക്ഷത വഹിക്കുന്ന റിപ്പബ്ലിക് ഓഫ് എസ്തോണിയ. യുഎന്നിന്റെ പ്രബല സമിതിക്ക് അവരുടെ ഉത്തരവാദിത്വം നിറവേറ്റാനാകാത്തത് ലജ്ജാവഹമാണെന്നു പറഞ്ഞ എസ്തോണിയന്‍ അംബാസഡര്‍ സ്വെന്‍ ജുര്‍ഗെന്‍സണ്‍, പ്രമേയം പാസാകാന്‍ തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെയും തുറന്നടിച്ചു.
രണ്ടോ മൂന്നോ ആഴ്ചയ്ക്ക് മുന്‍പ് കൊറോണ സംബന്ധിച്ച് ഒരു പ്രമേയമെങ്കിലും സമിതി പാസാക്കേണ്ടിയിരുന്നു. ഇതുവരെ അതുണ്ടായില്ല. സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളുടെ പ്രമേയം ഫ്രാന്‍സും പത്ത് താത്കാലിക അംഗങ്ങളുടെ പ്രമേയം ടൂണീഷ്യയും തയാറാക്കി. കൊറോണ ആഗോളതലത്തില്‍ സൃഷ്ടിച്ച പ്രത്യാഘാതം കുറയ്ക്കാന്‍ അടിയന്തരമായി അന്താരാഷ്ട്ര തലത്തില്‍ സംയുക്ത നടപടി വേണമെന്നാണ് ടൂണീഷ്യ തയാറാക്കിയ പ്രമേയം ആവശ്യപ്പെടുന്നത്.
മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ച് ആഗോള തലത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് ഫ്രാന്‍സ് തയാറാക്കിയ പ്രമേയത്തിലുള്ളത്. രണ്ടു പ്രമേയങ്ങളും സംയോജിപ്പിച്ച് ഒറ്റ പ്രമേയമായി സമിതിക്ക് മുന്നിലെത്തി. എന്നാല്‍, സ്ഥിരാംഗങ്ങളായ അമേരിക്കയ്ക്കും ചൈനയ്ക്കുമിടയിലുള്ള അഭിപ്രായവ്യത്യാസം കാരണം പ്രമേയത്തിന് അംഗീകാരം ലഭിച്ചിട്ടില്ല. ഇതാണ് പ്രമേയം വോട്ടിനിടുന്നതിന് തടസ്സമായി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: