തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വരുമാനം 162 കോടിയായി കുറഞ്ഞുവെന്ന് ധനമന്ത്രി തോമസ് ഐസക്. 92 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ലോക്ഡൗണ്‍ ഒരാഴ്ച മാത്രമുണ്ടായിരുന്ന മാര്‍ച്ച് മാസത്തിലെ കണക്കാണിത്. പൂര്‍ണമായും അടച്ചിട്ട ഏപ്രിലില്‍ വരുമാനം ഇനിയും താഴുമെന്നും ഐസക് ഫേസ്ബുക് പോസ്റ്റില്‍ പ്രതികരിച്ചു.
പ്രളയകാലത്തുപോലും 200 കോടി രൂപയുടെ കുറവേ വന്നുള്ളൂ. പ്രളയകാലത്ത് പ്രാദേശികമായേ അടച്ചുപൂട്ടല്‍ ഉണ്ടായുള്ളൂ. എന്നാല്‍ ഇന്ന് സമ്പദ്ഘടന മൊത്തത്തില്‍ അടച്ചുപൂട്ടലിലാണ്. ഈ 161 കോടി രൂപ തന്നെ ബാങ്ക് ഇന്‍ഷ്വറന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നോ മാര്‍ച്ച് മാസത്തില്‍ പെട്ടെന്നുള്ള ലോക്ഡൗണ്‍ മൂലം നികുതി അടയ്ക്കാന്‍ കഴിയാത്തവരുടെതോ ആയിരിക്കണം. ഭൂമി ഇടപാടുകള്‍ നിലച്ചു. രജിസ്ട്രേഷനില്‍ 255 കോടി രൂപയ്ക്ക് പകരം 12 കോടി മാത്രം.
മദ്യത്തില്‍നിന്ന് നികുതി വരുമാനമേ ഇല്ല. വാഹനനികുതിയില്‍നിന്ന് 300 കോടി രൂപയ്ക്കു പകരം നാലു കോടി മാത്രമാണ് ലഭിച്ചത്. പെട്രോള്‍, ഡീസല്‍ സെയില്‍സ് ടാക്സ് 600 കോടി രൂപയ്ക്കു പകരം 26 കോടി മാത്രം. ഇതുതന്നെ സര്‍ക്കാര്‍ വണ്ടികളിലടിച്ച പെട്രോളും ഡീസലുമാകാനാണ് സാധ്യത. കഴിഞ്ഞ മാസം 5930 കോടി രൂപ കടമെടുത്താണ് കാര്യങ്ങള്‍ നടത്തിയത്. ഈ മാസം കടം വാങ്ങിയാണ് ശമ്പളം കൊടുക്കുന്നതെന്നും ഐസക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: