ന്യൂദല്‍ഹി: വ്യക്തിപരമായ പ്രശ്നങ്ങള്‍ കടുത്ത പ്രതിസന്ധി ഉണ്ടാക്കിയപ്പോള്‍ മൂന്ന് തവണ ജീവനൊടുക്കുന്നതിനക്കുറിച്ച് ചിന്തിച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഇന്‍സ്റ്റഗ്രാമില്‍ രോഹിത് ശര്‍മയുമായുള്ള ലൈവ് ചാറ്റിലാണ് ഷമിയുടെ വെളിപ്പെടുത്തല്‍. കടുത്ത മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് താന്‍ ഇരുപത്തിനാലു നിലകളുള്ള ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് തന്റെ കുടുംബക്കാര് ഭയപ്പെട്ടു. അതിനാല്‍ കുടുബാംഗങ്ങള്‍ എപ്പോഴും തന്റെ പിന്നാലെ ഉണ്ടായിരുന്നു. അവരുടെ പിന്തുണ ലഭിച്ചതുകൊണ്ടാണ് ക്രിക്കറ്റ് തനിക്ക് നഷ്ടപ്പെടാതിരുന്നതെന്ന് ഷമി പറഞ്ഞു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനസിക സമ്മര്‍ദങ്ങളെ തുടര്‍ന്ന് മൂന്ന തവണ ആത്മഹത്യ ചെയ്യാന്‍ ചിന്തിച്ചതാണ്. ആ സമയത്ത് ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാനായില്ല. ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ചാടി താന്‍ ആത്മഹത്യ ചെയ്യുമെന്ന് വീട്ടുകാര്‍ ഭയന്നു. പക്ഷെ സഹോദരന് അടക്കമുള്ള കുടുംബം പിന്തുണ നല്കി. രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ ഇരുപത്തിനാലു മണിക്കൂറും തനിക്കൊപ്പം ഉണ്ടായിരുന്നു. മാനസിക സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ മാതാപിതാക്കള്‍ ഉപദേശിച്ചു. തുടര്‍ന്ന് ഡെറാഡൂണ്‍ അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു, ഷമി പറഞ്ഞു.
2018-ല്‍ ഗാര്‍ഹികപീഡനം ആരോപിച്ച് ഭാര്യ ഹസിന് ജഹാന് പോലീസില്‍ കേസ് കൊടുത്തതോടെയാണ് ഷമിയുടെ ജീവിതം കടുത്ത സമ്മര്‍ദത്തിലായത്. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഷമിയേയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഷമിയെ കരാറില്‍ നിന്ന്് പുറത്താക്കി. തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു.
ഹസിന് ജഹാന് പിന്നീട് ഷമിക്കെതിരെ കോഴ ആരോപണം ഉയര്‍ത്തി. ഇംഗ്ലണ്ടിലെ വ്യവസായിയായ മുഹമ്മദ് ഭായി നല്കിയ പണം പാക്കിസ്ഥാന്‍കാരി അലികഷ്ബയില്‍ നിന്ന് ഷമിയുടെയും ഭാര്യയുടെയും ഫോന് സംഭാഷണത്തില്‍ നിന്ന് സൂചന കിട്ടി. ഷമിക്കെതിരെ അന്വേഷണം നടത്തിയ ദല്‍ഹി മുന്‍ പോലീസ് കമ്മീഷണല്‍ നീരജ് കുമാര്‍ നല്കിയ രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഷമിക്കെതിരെ നടപടി വേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു.
അതിനുശേഷമാണ് ഷമി ശക്തമായി ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ പകരക്കാരനായെത്തിയ ഷമി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പരിക്കേറ്റ് ഭുവനേശ്വര്‍ കുമാറിന് പകരം ടീമിലെത്തിയ ഷമി ഹാട്രിക്ക് സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: