കോഴിക്കോട്: കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി ബീഹാറിലേക്ക് 2230 ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങി. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ബീഹാറിലെ കത്തിഹാറിലേക്ക് 1090 പേരും കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 1140 പേരുമാണ് മടങ്ങിയത്. രാത്രി എട്ടു മണിക്കാണ് കോഴിക്കോട് നിന്നും തീവണ്ടി പുറപ്പെട്ടത്.
വടകര താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 38 കെഎസ്ആര്‍ടിസി ബസുകളിലായാണ് ജില്ലയില്‍ നിന്നുള്ള ഇതരസംസ്ഥാന തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. ഭക്ഷണക്കിറ്റ്, വെള്ളം, മധുരം എന്നിവ നല്‍കിയാണ് ഇവരെ യാത്രയാക്കിയത്. ട്രെയിന്‍ ടിക്കറ്റിനുള്ള പണം തൊഴിലാളികളോ തൊഴിലുടമകളോ എടുക്കുകയായിരുന്നു. നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്തിരുന്നവരാണ് മിക്കവരും. ട്രെയിനില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ കൂടെ ഉദ്യോഗസ്ഥരുണ്ടാകും. ശാരീരിക അകലം പാലിച്ചാണ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ആയഞ്ചേരി, വടകര, ഒഞ്ചിയം, അഴിയൂര്‍, ഏറാമല വില്ലേജുകളില്‍ നിന്ന് 257 ബീഹാറി തൊഴിലാളികളും കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലുമായി 330 പേരും നാദാപുരത്ത് നിന്നുള്ള 68 പേരും മറ്റു പ്രദേശങ്ങളില്‍ നിന്നടക്കം 1090 പേര് കെഎസ്ആര്‍ടിസി ബസുകളില്‍ കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെത്തി ഒരുമിച്ച് പോവുകയായിരുന്നു. എല്ലാവരുടെയും വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ്വെയര് ഉപയോഗിച്ച് ഡിജിറ്റല്‍ രൂപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് ഇവര്‍ക്ക് പോകാനുള്ള അനുമതി ലഭിച്ചത്. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ട്.
ഡെപ്യുട്ടി കലക്ടറുടെയും തഹസില്‍ദാരുടെയും നേതൃത്വത്തില്‍ ക്യാമ്പുകളില്‍ ചെന്ന് വൈദ്യപരിശോധന നടത്തി കോവിഡ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇതര സംസ്ഥാന തൊളിലാളികള്‍ക്ക് യാത്രാനുമതി നല്‍കിയത്. ഒരു ബസില്‍ 30 തൊഴിലാളികള്‍ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്.
ജില്ലാ കലക്ടര്‍ സാംബശിവ റാവു, സബ് കലക്ടര്‍ ജി. പ്രിയങ്ക, ഡിസിപി ചൈത്ര തെരേസ ജോണ്‍, സെപ്യൂട്ടി കലക്ടര്‍ അനിത കുമാരി എന്നിവര്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്കി. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ബീഹാറിലെ ഷഹര്ഷയിലേക്ക് തീവണ്ടി പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: