ന്യൂദല്‍ഹി: ലോക്ഡൗണിലും കൊറോണ ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോഴും ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത. ലോകത്ത് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ്‌വര്‍ധന്‍ പറഞ്ഞു. 3.2 ആണ് ഇന്ത്യയിലെ മരണനിരക്ക്.
രോഗം ഭേദമായി പതിനായിരത്തിലേറെ പേര്‍ ഇതുവരെ ആശുപത്രി വിട്ടു. നിരവധിയാളുകള്‍ക്ക് ഉടന്‍ ഭേദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടാഴ്ചയായി കേസുകള്‍ ഇരട്ടിയാകുന്നത് 10.5 ദിവസം കൂടുമ്പോഴായിരുന്നു. ഇപ്പോഴത് 12 ദിവസമായി ഉയര്‍ന്നു. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് ഉടന്‍ അവസാനിക്കുമെന്ന് നിതി ആയോഗ് അംഗം വി.കെ. പോള്‍ വ്യക്തമാക്കി. ഇന്നലെ 2644 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. 83 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 39,980 ആയി. ആകെ മരണം 1301. മഹാരാഷ്‌ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ദല്‍ഹി എന്നിവിടങ്ങളിലാണ് വൈറസ്ബാധ ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നത്. ദല്‍ഹി സിആര്‍പിഎഫ് ആസ്ഥാനത്തെ ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസ് താല്‍ക്കാലികമായി അടച്ചിട്ടു. 40 പേരെ നിരീക്ഷണത്തിലാക്കി.
ദല്‍ഹി, മഹാരാഷ്‌ട്ര, കര്‍ണാടക, ആസാം മദ്യശാലകള്‍ തുറന്നു
ദല്‍ഹി, മഹാരാഷ്‌ട്ര, കര്‍ണാടക, ആസാം എന്നിവിടങ്ങളില്‍ തീവ്രബാധിത മേഖലകള്‍ ഒഴികെയുള്ളിടത്ത് മദ്യശാലകള്‍ തുറക്കാന്‍ തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ശ്രമിക് ട്രെയിനുകള്‍ ഇന്നലെയും സര്‍വീസ് നടത്തി.
രോഗവ്യാപനത്തില്‍ തബ്‌ലീഗ് ജമാഅത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. രോഗം വരുന്നത് തെറ്റല്ല. എന്നാല്‍ ഇത് മറച്ചുവയ്‌ക്കുന്നത് കുറ്റമാണ്, അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് 315 പരാതികള്‍ ലഭിച്ചതായി ദേശീയ വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഗസ്തിന് ശേഷം ഇത്രയേറെ പരാതികള്‍ ലഭിക്കുന്നത് ആദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: