ന്യൂദല്‍ഹി: ഇന്ത്യയുടെ ആകാശത്ത് യുദ്ധവിമാനങ്ങള്‍ പറന്നു. ആക്രമിക്കാനല്ല, ആദരിക്കാന്‍. മിസൈലുകള്‍ക്ക് പകരം വര്‍ഷിച്ചത് പുഷ്പങ്ങള്‍. നിറഞ്ഞ മനസ്സോടെ, ആവേശത്തോടെ സ്വീകരിച്ച് ആരോഗ്യ പ്രവര്‍ത്തകരും. മഹാമാരിക്കാലത്തെ യഥാര്‍ത്ഥ സൈന്യത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ സല്യൂട്ട്. കൊറോണയ്ക്കെതിരെ ജീവന് ത്യജിച്ചും യുദ്ധമുഖത്തുള്ള ആരോഗ്യപ്രവര്‍ത്തര്‍ അടക്കമുള്ള പോരാളികള്‍ക്ക് ആദരവര്‍പ്പിക്കാന്‍ മൂന്ന് സൈനിക വിഭാഗങ്ങളും ഒരുമിച്ചു. യുദ്ധക്കപ്പലുകളില്‍ വൈദ്യുത ദീപങ്ങള്‍ തെളിച്ചു. ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തി. സൈനിക ആസ്ഥാനങ്ങളില്‍ ബാന്‍ഡ് മേളം മുഴക്കി.
സുഖോയ്, മിഗ്, ജഗ്വാര്‍ യുദ്ധവിമാനങ്ങളും ചരക്ക് വിമാനങ്ങളും ഹെലികോപ്റ്ററുകളും രാവിലെ നടന്ന ഫ്ളൈ പാസ്റ്റില്‍ പങ്കെടുത്തു. ശ്രീനഗര്‍ മുതല്‍ തിരുവനന്തപുരം വരെയും കച്ച് മുതല്‍ ദിബ്രുഗഡ് വരെയുമുള്ള പ്രധാന നഗരങ്ങളിലെ ആശുപത്രികളില്‍ പുഷ്പവൃഷ്ടിയുണ്ടായി. ആരോഗ്യ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് പുറത്തിറങ്ങി സ്വാഗതം ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, ഗോവ മെഡിക്കല്‍ കോളേജ്, ലേയിലെ എസ്എന്‍എം ഹോസ്പിറ്റല്‍, രാജസ്ഥാനിലെ ജയ്പൂര്‍, ദല്‍ഹി പോലീസ് മെമ്മോറിയല്‍, രാജ്പഥ്, ശ്രീനഗറിലെ ദാല്‍ തടാകം, ഉത്തര്‍ പ്രദേശിലെ ലക്നൗ തുടങ്ങിയ സ്ഥലങ്ങളില്‍ പൂക്കള്‍ വിതറി.
അരക്കിലോമീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെ ഉയരത്തിലാണ് വിമാനങ്ങള്‍ പറന്നത്. തീരസംരക്ഷണ സേനയുടെ കപ്പലുകള്‍ തീരദേശ നഗരങ്ങളുടെ സമീപം ദീപാലങ്കാരങ്ങളോടെ പ്രത്യക്ഷപ്പെട്ടു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ആരോഗ്യവകുപ്പ് ജീവനക്കാര്‍, പോലീസ്, മാധ്യമങ്ങള്‍, ബാങ്ക് ജീവനക്കാര്‍, അവശ്യ സര്‍വീസിന്റെ ഭാഗമായ കടകളിലെ ജോലിക്കാര്‍ എന്നിവര്‍ക്കായിരുന്നു ആദരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: