കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ‘വ്യാജ വീരകഥകള്‍’ പാടാനായി ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്രയയപ്പ്. ചെമ്പിലോട് ഗ്രാമ പഞ്ചായത്തിലാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് പാര്‍ട്ടി സ്റ്റഡി ക്ലാസ് നല്കി യാത്രയാക്കിയത്.
പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ലക്ഷ്മിയുടെ നേതൃത്വത്തില്‍ സകല ലോക്ഡൗണ്‍ നിയമങ്ങളും ലംഘിച്ച് പരിപാടി നടന്നത്. നൂറിലധികം വരുന്ന തൊഴിലാളികളെ ചെമ്പിലോട് പഞ്ചായത്ത് ഓഫീസിന്റെ പന്തലിട്ട മുറ്റത്ത് സ്ഥാപിച്ച ഇരിപ്പിടങ്ങളില്‍ തൊട്ടുരുമ്മുന്ന തരത്തില്‍ ഇരുത്തിയാണ് പ്രസിഡണ്ടിന്റെയും സിപിഎം നേതാക്കളുടേയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുളള തൊഴിലാളികളെ രണ്ട് കെഎസ്ആര്‍ടിസി ബസ്സുകളിലായാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് കയറ്റി അയച്ചത്. ഏതാണ്ട് അരമണിക്കൂറിലധികം പഞ്ചായത്തങ്കണത്തിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കൊണ്ട് പ്രസിഡണ്ട് തൊഴിലാളികളുമായി സംവാദിക്കുകയും മലയാളം അറിയാത്ത തൊഴിലാളികള്‍ക്ക് മനസ്സിലാകാനായി ഹിന്ദി അറിയുന്ന വ്യക്തിയെ കൊണ്ട് അപദാനങ്ങള്‍ മൊഴിമാറ്റി പറയിപ്പിക്കുകയും ചെയ്തു.
നിങ്ങള്‍ നാട്ടിലേക്ക് തിരിച്ച് പോകുന്നത് മുഖ്യമന്ത്രി പിണറായിയുടെ കഴിവു കൊണ്ടാണെന്നും നിങ്ങള്‍ക്ക് ബീഹാറിലേക്ക് ട്രെയിന്‍ ഏര്‍പ്പാടാക്കിയത് പിണറായിയാണെന്നും ഇവിടെ നല്ല സുഖമാണെന്നും പിണറായിയെ കുറിച്ച് നാട്ടിലെ ജനങ്ങളോട് പറയണമെന്നും പറഞ്ഞ പ്രസിഡണ്ട് മുഖ്യമന്ത്രിയുടെ പേര് ഉച്ചത്തില്‍ പറഞ്ഞ് തൊഴിലാളികളോട് ഏറ്റുപറയാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പരിപാടിയില്‍ സംബന്ധിച്ച ഒട്ടുമിക്കയാളുകളും മാസ്ക് ധരിക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തില്ല. തൊഴിലാളികള്‍ക്ക് പോകാനവസരം ഉണ്ടാക്കിയത് സിപിഎമ്മും സംസ്ഥാന ഭരണകൂടവുമാണെന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ യാത്രയയപ്പ് പരിപാടിക്ക് നേതൃത്വം നല്കിയ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ ലോക്ഡൗണ്‍ ലംഘനത്തിന് കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.നിയമ ലംഘനം നടത്തിയ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്, രാജന് ചക്കരക്കല്ല് പോലീസിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: