തൃശൂര്‍: മേടത്തിലെ പൂരം നാളില്‍ വീട്ടിലിരുന്ന് ശീലമില്ല തൃശൂരുകാര്‍ക്ക്. കണക്കു തീര്‍ക്കും അടുത്തകൊല്ലം അതുറപ്പാ. ഇക്കൊല്ലത്തെ തൃശൂര്‍ പൂരം നഷ്ടമായതിന്റെ വേദനയില്‍ അടുത്ത പൂരത്തിനായി കാത്തിരിക്കുകയാണ് ഇന്നലെ മുതല്‍ തൃശൂരിലെ പൂരപ്രേമികള്‍.
ചെണ്ടയുടെ താളമില്ലാത്ത നെറ്റിപ്പട്ടംകെട്ടിയ ഗജവീരന്മാരില്ലാത്ത തൃശൂര്‍ പൂരം അവരുടെ ഓര്‍മ്മകളിലില്ല. 1962 ലും 63ലും ഇന്ത്യ-ചൈന യുദ്ധത്തെ തുടര്‍ന്നുണ്ടായ സാങ്കേതിക കാരണങ്ങളാല്‍ പൂരം ചടങ്ങായി മാറിയിട്ടുണ്ട്. പക്ഷേ അന്നും ഇരുവിഭാഗങ്ങളായ തിരുവമ്പാടിയും പാറമേക്കാവും ഓരോ ആനകളെ എഴുന്നള്ളിച്ച്, പൂരം ചടങ്ങായി നടത്തി. ഇക്കുറി അതുമുണ്ടായില്ല. മതില്‍ക്കെട്ടിന് പുറത്ത് ചടങ്ങുകളൊന്നുമുണ്ടായില്ല. രാവിലെ ഒന്‍പത് മണിയോടെ ഇരുക്ഷേത്രങ്ങളിലും താന്ത്രിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി നടയടച്ചു. മറ്റ് എട്ട് ഘടക ക്ഷേത്രങ്ങളിലും ചടങ്ങൊന്നുമുണ്ടായില്ല.
രണ്ട് നൂറ്റാണ്ടിലേറെയായി നടക്കുന്ന തൃശൂര്‍ പൂരം ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവാഘോഷമാണ്. ഇരുപത് ലക്ഷത്തിലേറപ്പേരാണ് പൂരം കാണാന്‍ വര്‍ഷങ്ങളായി ഈ ദിവസം നഗരത്തിലെത്താറുള്ളത്. 36 മണിക്കൂര്‍ തുടര്‍ച്ചയായി നടക്കുന്ന പൂരം ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ സൗന്ദര്യക്കാഴ്ചയായി യുഎന്‍ അംഗീകരിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കലാകാരന്മാര് പങ്കെടുക്കുന്ന ഓര്‍ക്കസ്ട്ര തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറമേളവും മഠത്തില്‍ വരവുമാണ്.
നൂറ്റാണ്ടുകളായി വിശ്വപ്രസിദ്ധമായ പൂരം നടക്കുന്ന വടക്കുന്നാഥന്റെ തിരുമുറ്റം ഇന്നലെ വിജനമായിക്കിടന്നു. ഇലഞ്ഞിത്തറമേളവും മഠത്തില്‍വരവ് പഞ്ചവാദ്യവും പെയ്ത് നിറയാറുള്ള ക്ഷേത്രമൈതാനം കനത്ത നിശ്ശബ്ദതയിലാഴ്ന്നു. മാറ്റക്കുടകള് മാനത്തുയരുമ്പോള് ആര്പ്പുവിളിക്കാറുള്ള ജനസഞ്ചയവും ഇന്നലെയുണ്ടായില്ല. ഒരാനയെ വീതം എഴുന്നള്ളിച്ച് ചടങ്ങ് നടത്താമെന്ന നിര്‍ദേശവും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. ഇതോടെയാണ് എല്ലാ ചടങ്ങുകളും ഉപേക്ഷിക്കാന്‍ പൂരം സംഘാടകര്‍ തീരുമാനിച്ചത്.
രാവിലെ പാറമേക്കാവിലും തിരുവമ്പാടിയിലും ആറാട്ടു നടന്നു. തിരുവമ്പാടിയില്‍ ശീവേലി നടന്നെങ്കിലും പുറത്തേക്ക് എഴുന്നള്ളിച്ചില്ല. പാറമേക്കാവിലും തിരുവമ്പാടിയിലും താന്ത്രിക ചടങ്ങുകള്‍ നടത്തുമ്പോള്‍ ക്ഷേത്രത്തിനകത്ത് അഞ്ച് പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാറമേക്കാവില്‍ രാവിലെ ഉഷഃപൂജയ്ക്ക് ശേഷം ക്ഷേത്രക്കുളത്തില്‍ ആറാട്ടും തുടര്‍ന്ന് ഉച്ചപ്പൂജയും ശ്രീഭൂതബലിയും നടത്തി. വൈകീട്ട് ദീപാരാധനയും അത്താഴപൂജയും ഉണ്ടായി.
ഇന്ന് വൈകിട്ട് ക്ഷേത്രക്കുളത്തില്‍ ആറാട്ടിനു ശേഷം കൊടിയിറക്കി 25 കലശം നടത്തുന്നതോടെ പൂരച്ചടങ്ങുകള്‍ സമാപിക്കും. തിരുവമ്പാടി ഭഗവതി ഇന്നലെ വൈകിട്ട് നാലിന് നടുവില്‍ മഠത്തില്‍ പോയി ആറാട്ട് നടത്തി. തിടമ്പ് കൈയിലേന്തി കുത്തുവിളക്കിന്റെ അകമ്പടിയില്‍ 5 പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പൂരത്തിന് പരിസമാപ്തിയായി ഇന്ന് ഉച്ചയ്ക്ക് വടക്കുന്നാഥ ക്ഷേത്ര ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങും ഉണ്ടാകില്ല.
പൂരം ഉപേക്ഷിക്കേണ്ടി വന്നതില്‍ വിഷമമുണ്ടെങ്കിലും നാടിന്റെ അതിജീവനത്തിന് വേണ്ടിയാകുമ്പോള്‍ അത് സഹിച്ചേപറ്റൂവെന്ന് തിരുവമ്പാടി -പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ഇതല്ലാതെ മറ്റുമാര്‍ഗമില്ല. പൂരം സംഘാടകരെപ്പോലെയോ അതിലേറെയോ വിഷമത്തിലാണ് പൂരപ്രേമികളും. ആഘോഷിക്കാനുള്ള ഒരവസരവും പാഴാക്കാത്ത തൃശൂരിന്റെ മനസിന് പൂരത്തിന്റെ നഷ്ടം വലുതാണ്. അതുകൊണ്ടുതന്നെ അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പിന് ആവേശമേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: