ചിങ്ങവനം: കൊവിഡ് 19 സ്ഥിരീകരിച്ച പനച്ചിക്കാട് സാമ്പിള്‍ പരിശോധനയുമായി ബന്ധപ്പെട്ട് തികഞ്ഞ അനാസ്ഥയെന്ന് ആരോപണം. തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന മെയില്‍ നേഴ്സിനും അമ്മയ്ക്കും അവരുടെ ബന്ധുവിനും ആണ് ഇവിടെ രോഗം പിടിപെട്ടിട്ടുള്ളത്.
പതിനാറാം വാര്‍ഡില്‍ അവരുമായി ബന്ധപ്പെട്ട വ്യക്തികളില്‍ നിന്നും സാമ്പിള്‍ പരിശോധനകള്‍ നടക്കുകയാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് തികഞ്ഞ അനാസ്ഥയാണ് ഉണ്ടാവുന്നത്. സാമ്പിള്‍ എടുക്കാന്‍ ആംബുലന്‍സില്‍ കുറച്ചു പേരെ മാത്രമാണ് കൊണ്ടുപോയത്. ബാക്കി ആളുകളോട് കൊവിഡ് പരിശോധനയ്ക്ക് അവരവരുടെ സ്വന്തം വാഹനങ്ങളിലും മറ്റുള്ളവരെ സ്കൂട്ടറിലും എത്തിക്കാനുമാണ് ആവശ്യപ്പെട്ടത്.
എന്നാല്‍ പരിശോധനയ്ക്ക് സ്ക്കൂട്ടറില്‍ യാത്ര ചെയ്ത 84 വയസ്സായ അമ്മയെ പോലീസ് തടയുകയും സ്കൂട്ടറില്‍ നിന്നും ഇറക്കിവിട്ട സംഭവം ഉണ്ടായി. കൊവിഡ് ബാധിതയായ അമ്മയുടെ സമ്പര്‍ക്ക പട്ടികയിലെ കുടുംബശ്രീ അംഗങ്ങളോട് സാമ്പിള്‍ എടുക്കാന്‍ ചാന്നാനിക്കാട് പിഎച്ച്സിയില്‍ എത്താന്‍ പറഞ്ഞിരുന്നു. എന്നാല്‍ വന്നവര്‍ക്കാവട്ടെ നാല് മണിക്കൂര്‍ കാത്തിരിക്കേണ്ടതായി വന്നു. മാത്രമല്ല അധികൃതരില്‍ നിന്ന് മോശമായ പെരുമാറ്റങ്ങളും ഉണ്ടായി.
നാലു മണിക്കൂറിലെ കാത്തിരിപ്പിന് ശേഷം നിരീക്ഷണത്തില്‍ ഇരുന്നിരുന്ന വ്യക്തികളോട് യാതൊരു സുരക്ഷാ മുന്‍ കരുതലുകളും ഇല്ലാതെ സാമ്പിള്‍ എടുക്കാന്‍ പിഎച്ച്സിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള പാണ്ഡവര്കുളത്തെ മഹാത്മാഗാന്ധി ഹാളില്‍ എത്തുവാന്‍ പറഞ്ഞു. ഇതേപ്പറ്റി ചോദിച്ചവരോട് അധികൃതര്‍ അപമാനിച്ചതായും പരാതിയുണ്ട്.
മണിക്കൂറുകളോളം പെരുവഴിയിലെ കാത്തു നില്‍ക്കേണ്ടി വന്നു. നിരീക്ഷണത്തിലുള്ളവരെ അപമാനിച്ചും സുരക്ഷാ മുന്‍കരുതലുകള്‍ കാറ്റില്‍ പറത്തിയും പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍കുമാര്‍,ജനറല്‍ സെക്രട്ടറി പ്രവീണ്‍ ദിവാകരന്, വി പി മുകേഷ് എന്നിവര്‍ ആവശ്യപ്പെട്ടു.
ബി.ആര്.മഞ്ജീഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: