Categories: Thrissur

ഹര്‍ഷാരവങ്ങളില്ലാതെ ആളൊഴിഞ്ഞ് വടക്കുന്നാഥ ക്ഷേത്രവും മൈതാനവും; ഓര്‍മ്മയിലെ പൂരത്തെ ‘നെഞ്ചേറ്റി’ ജനസഹസ്രങ്ങള്‍

ആനയും അമ്പാരിയും ആരവങ്ങളും മേളപ്പെരുക്കളും ജനഹൃദയങ്ങളില്‍ നിറഞ്ഞു. കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് തൃശൂര്‍ പൂരം ചടങ്ങ് മാത്രമായെങ്കിലും പൂരപ്രേമികളുടെ മനസുകളില്‍ പൂരം പൂത്തിറങ്ങി.

Published by

തൃശൂര്‍: ആര്‍പ്പുവിളികളുമായി നിറഞ്ഞു നില്‍ക്കേണ്ട വടക്കുന്നാഥ ക്ഷേത്രവും മൈതാനവും ഇടവഴികളും ആള്‍മരക്കൂട്ടങ്ങളില്ലാതെ വിജനമായി. പൂരലഹരിയിലാറാടി ഘടകപൂരങ്ങള്‍ വടക്കുന്നാഥനെ വണങ്ങാനെത്തിയില്ല. മഠത്തില്‍ വരവ്, ഇലഞ്ഞിത്തറ മേളം, കുടമാറ്റം, വെടിക്കെട്ട് ഉണ്ടായില്ല. ജനകോടികള്‍ തിങ്ങി നിറയുന്ന പൂരപ്പറമ്പില്‍ ഇന്നലെ വടക്കുന്നാഥനിലേക്ക് തടതള്ളിയ കാലികള്‍ നിര്‍ഭയം മേഞ്ഞു നടന്നു. നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ സാക്ഷാത്കാരമായി പൂരങ്ങളുടെ പൂരം പൂത്തുലഞ്ഞത് ജനമനസുകളില്‍. ലോകമെമ്പാടുമുള്ള പുരപ്രേമികള്‍ ‘മനസുകളെ മൈതാനമാക്കി’ പൂരത്തെ നെഞ്ചേറ്റി.  

ആനയും അമ്പാരിയും ആരവങ്ങളും മേളപ്പെരുക്കളും ജനഹൃദയങ്ങളില്‍ നിറഞ്ഞു. കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് തൃശൂര്‍ പൂരം ചടങ്ങ് മാത്രമായെങ്കിലും പൂരപ്രേമികളുടെ മനസുകളില്‍ പൂരം പൂത്തിറങ്ങി. നാടിളക്കിയുള്ള ഘടകപൂരങ്ങളുടെ ഘോഷയാത്രയും വാദ്യപെരുമഴയുടെ പഞ്ചാമൃതൂട്ടുന്ന തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യവും 250ഓളം കലാകാരന്മാര്‍ അണിനിരക്കുന്ന വിശ്വോത്തര സിംഫണിയെന്നറിയപ്പെടുന്ന പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും ആബാലവൃദ്ധം ജനങ്ങളും അകക്കണ്ണില്‍ കണ്ടാസ്വദിച്ചു.  

സര്‍വ്വാഭരണ വിഭൂഷിതരായി തെക്കേഗോപുര നടയിറങ്ങുന്ന  കരിവീരന്മാര്‍, പൂരത്തിന്റെ സമസ്ത സൗന്ദര്യവും പെയ്തിറങ്ങുന്ന വര്‍ണങ്ങള്‍ നീരാട്ടു നടത്തുന്ന കുടമാറ്റം, പിന്നെ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ ആകാശമേലാപ്പുകളെ പ്രകമ്പനം കൊള്ളിച്ച് അഗ്നി താണ്ഡവമാടുന്ന വെടിക്കെട്ട് എല്ലാം ജനസഹസ്രങ്ങളുടെ മനസുകളില്‍ പെയ്തിറങ്ങി.  

 ആളും ആരവവും ആര്‍പ്പുവിളികളും ആനയും മേളവും ഇല്ലാതെ ചരിത്രത്തിലെ ആദ്യത്തെ തൃശൂര്‍ പൂരം.  ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാതെ  പൂരദിവസത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രം പൂര്‍ത്തിയാക്കി പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്ര നടകള്‍ അടച്ചു. പൂരത്തിന്റെ പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും കൃത്യമായി പൂര്‍ത്തിയാക്കാതെ പൂരം ചടങ്ങ് മാത്രമാക്കി. 

പൂരത്തിന് സാക്ഷിയാകുന്ന വടക്കുന്നാഥ ക്ഷേത്രവും രാവിലെയുള്ള പൂജകള്‍ക്ക് ശേഷം നട അടച്ചു. പൂരത്തിലെ പങ്കാളികളായ 8 ഘടകക്ഷേത്രങ്ങളും അടഞ്ഞു കിടന്നു.  തൃശൂര്‍ പൂരം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ജനങ്ങളെ പങ്കെടുപ്പിക്കാതെയും ആന എഴുന്നെള്ളിപ്പും മേളവുമില്ലാതെയും ആഘോഷിക്കുന്നത്. അതിനാല്‍ ആളില്ലാപൂരം ചരിത്രത്തിലെ അപൂര്‍വതയായി മാറി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts