തൃശൂര്‍: അണിയറയിലെ ഒരു വര്‍ഷമായുള്ള മനുഷ്യാധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും വിലയാണ് പൂരങ്ങളുടെ പൂരത്തില്‍ മതിവരാക്കാഴ്ചയൊരുക്കുന്നതിന് പിന്നില്‍. പൂരത്തിന്റെ പിന്നാമ്പുറങ്ങളില്‍ ആരവങ്ങളില്‍ നിന്നൊഴിഞ്ഞ് പണിയെടുക്കുന്നത് നിരവധി പേര്. പൂരക്കാലത്തിനായി നെട്ടോട്ടമോടുന്നവരും നിരവധി.
പൂരത്തിന് മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഒരുക്കങ്ങള്‍ തുടങ്ങും. നെറ്റിപ്പട്ടത്തില്‍ താലികളും കനം കുറഞ്ഞ അലുക്കുകളും ഒരുക്കുന്നവര്‍, ചെമ്പില്‍ സ്വര്‍ണം പൂശുന്നവര്‍, വട്ടക്കിണ്ണങ്ങളും ചെറിയ കുമിളകളും ഉണ്ടാക്കുന്നവര്‍, വര്‍ണക്കുടകള്‍ ഒരുക്കുന്നവര്‍, മയില്‍പ്പീലിച്ചന്തത്തില്‍ ആലവട്ടവും വെണ്‍ചാമരവും ഒരുക്കുന്നവര്‍ എല്ലാം ഇവരില്‍ ചിലര്‍ മാത്രം.
ഇനിയുമുണ്ട് നിരവധി പേര്. പൂരം ജനഹൃദയങ്ങളില്‍ കൊട്ടിത്തിമിര്ക്കുമ്പോള് ആനയ്ക്ക് കീഴെ ജീവന് അര്‍പ്പിക്കുന്ന പാപ്പാന്മാര്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന് മുകളില്‍ കോലത്തിന് പിന്നില്‍ മറയുന്ന ആനപ്പുറം കയറുന്നവര്‍. സ്വജീവന്‍ പണയം വെച്ച് ആകാശത്ത് കരിമരുന്നിന്റെ ദൃശ്യ-ശ്രാവ്യ വിസ്മയം ഒരുക്കുന്നവര്‍. ആനയ്ക്കു മുന്നില്‍ ഇരുട്ടില്‍ ദീപപ്രഭയൊരുക്കാന് പന്തം പിടിക്കുന്നവര്‍. ഇവരുടെയെല്ലാം പ്രതീക്ഷകള്‍ക്കാണ് ഇത്തവണ മങ്ങലേറ്റത്.
ചെണ്ട, തിമില, കൊമ്പ്, കുഴല്‍, താളം എന്നിവയില്‍ വിസ്മയം തീര്‍ക്കുന്ന കലാകാരന്മാരുടെ ജീവിതതാളവും പൂരമില്ലാതായതോടെ തെറ്റി. തെരുവ് സര്ക്കസുകാര്, നാടന്കലാകാരന്മാര്, ബലൂണ്‍ വില്‍പ്പനക്കാര്‍, പൊരിക്കച്ചവടക്കാര്, ശീതളപാനീയ വില്‍പ്പനക്കാര്‍, പലഹാരക്കച്ചവടക്കാര്‍ തുടങ്ങി പൂരപ്പറമ്പിനെ സജീവവും വര്ണാഭവുമാക്കിയവരുടെ വരുമാനവും ഇല്ലാതായി.
പ്രിയപ്പെട്ടവരുടെ ചിരി മായാതിരിക്കാന്‍ തത്ക്കാലം അകലം പാലിക്കുമ്പോഴും പൂരം നാളില്‍ ഇവരുടെയെല്ലാം മനസ്സ് നിറയെ പൂരം തന്നെയായിരുന്നു. മഹാമാരിയുടെ കാലം കടന്ന് അടുത്താണ്ടില്‍ പൂരം തിരിച്ചുവരുമെന്ന പ്രതീക്ഷകളായിരുന്നു പൂരത്തിന്റെ അണിയറയിലുള്ള ആയിരങ്ങളുടെ മനസുകളില്‍. ഇപ്പോഴത്തെ ദുരിതക്കാലവും പിന്നിടും. പുതിയൊരു പുലരിയുടെ സൂചകമായി സ്വര്‍ണക്കോലവുമായി ഗജവീരന്മാര് എഴുന്നള്ളിയെത്തുമെന്ന ശുഭപ്രതീക്ഷ. ഒപ്പം അടുത്ത പൂരം തകര്‍ക്കാമെന്ന ആഹ്ലാദവും. 2021 ഏപ്രില്‍ 23നാണ് അടുത്ത തൃശൂര്‍ പൂരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: