മുക്കം: സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലചിത്രം പോസ്റ്റുചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. ആരോപണ വിധേയനായ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യു രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായെത്തി.
സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതേ സമയം കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത സ്റ്റിയറിംഗ് കമ്മറ്റി യോഗം യുഡിഎഫ് അംഗങ്ങള്‍ ബഹിഷ്കരിച്ചു. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പ്രചരിപ്പിച്ച വൈസ് പ്രസിഡന്റ് പങ്കെടുക്കുന്ന യോഗത്തില്‍ ഇരിക്കാനാവില്ലന്ന് പറഞ്ഞാണ് യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്ക്കരിച്ചത്. വൈസ് പ്രസിഡന്റ് രാജിവെക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
അതേസമയം ഈ യോഗത്തില്‍ വൈസ് പ്രസിഡന്റ് ഒഴികെയുള്ള ഇടത് അംഗങ്ങള്‍ ആദ്യം മുതല്‍ തന്നെ പങ്കെടുത്തിരുന്നില്ല. യുഡിഎഫ് അംഗങ്ങളായ ജോസ് പള്ളിക്കുന്നേല്‍, വി.എ. നസീര്‍ ഏലിയാമ്മ എടമുള, സണ്ണി പെരുകിലംതറപ്പേല്‍, ഷമീന, മേരി തങ്കച്ചന് എന്നിവരാണ് യോഗം ബഹിഷ്ക്കരിച്ചത്.
സോഷ്യല്‍ മീഡിയ വഴി അശ്ലീലചിത്രം പ്രചരിപ്പിച്ച പരാതിയില്‍ നിലപാട് വ്യക്തമാക്കി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോളി ജോസഫ്. സ്ത്രീകളെ അപമാനിച്ചതായുള്ള പരാതി ഗൗരവത്തോടെയാണ് കാണുന്നതെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു. അതിനിടെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റെ തോമസ് മാത്യുവിനെതിരെ കൂടരഞ്ഞി മണ്ഡലം മഹിളാ കോണ്‍ഗ്രസും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: