കോഴിക്കോട്: കോവിഡ് കാലത്ത് നാട്ടിലേക്ക് മടക്കമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ഝാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികള്‍. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഝാര്‍ഖണ്ഡിലെ ധന്‍ബാദിലേക്ക് ഇന്നലെ വൈകീട്ട് ഏഴരക്കായിരുന്നു ജില്ലയിലെ ആദ്യസംഘമായ 1174 ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങിയത്. കോവിഡിന്റെ ഭീതിയില്‍ നാട്ടിലേക്ക് മടങ്ങുന്നതിനായി പ്രത്യേകം തീവണ്ടി അനുവദിച്ച നരേന്ദ്രമോദിക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്.
മംഗലാപുരത്ത് നിന്ന് വന്ന പ്രത്യേക തീവണ്ടിയിലാണ് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഇവര്‍ മടങ്ങിയത്. കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളില്‍ നിന്നുള്ളവരാണിവര്‍. കോഴിക്കോട് താലൂക്കില്‍ നിന്ന് 962 പേരും കൊയിലാണ്ടി താലൂക്കില്‍ നിന്ന് 213 പേരുമാണ് ആദ്യസംഘത്തിലുള്ളത്. സംഘത്തില്‍ അഞ്ച് കുട്ടികളുമുണ്ട്. ട്രെയിനില്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ കൂടെ ഉദ്യോഗസ്ഥരുണ്ടാകും.
ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്നായി 37 കെഎസ്ആര്‍ടിസി ബസുകളിലായാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. ശാരീരിക അകലം പാലിച്ചാണ് ട്രെയിനില്‍ യാത്ര ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
കലക്ടര്‍ എസ്. സംബശിവറാവു നേരിട്ടെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. മന്തിമാരായ ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന് എന്നിവര്‍ ഫ്ളാഗ് ഓഫ് ചെയ്തു. 36 മണിക്കുര്‍ യാത്രയുണ്ട് ധന്‍ബാദിലേക്ക്. മധുരവും ഭക്ഷണക്കിറ്റും നല്‍കിയാണ് ഇവരെ യാത്രയാക്കിയത്. 851 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്. ഈ തുക ഓരോരുത്തരും സ്വയം വഹിച്ചതാണ്. ഡെപ്യുട്ടി കലക്ടറുടെയും തഹസില്‍ദാരുടെയും നേതൃത്വത്തില്‍ ക്യാമ്പുകളില്‍ ചെന്ന് വൈദ്യപരിശോധന നടത്തി കോവിഡ് ബാധ ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇതര സംസ്ഥാന തൊളിലാളികള്‍ക്ക് യാത്രാനുമതി നല്‍കിയത്.
മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെയും വരും ദിവസങ്ങളില്‍ സ്വന്തം നാടുകളിലേയ്ക്ക് മടക്കി അയക്കും. കോഴിക്കോട് നിന്നും പോകാന്‍ തയ്യാറായിട്ടുള്ളത് 44,000 ഇതരസംസ്ഥാന തൊഴിലാളികളാണ്. നാളെ പാറ്റ്നയിലേക്കുള്ളവര് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: