കോഴിക്കോട്: അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. വയനാട്, പാലക്കാട്, കോഴിക്കോട്, ബെംഗളൂര് എന്നിവിടങ്ങളില്‍ നിരവധി കളവുകള്‍ നടത്തിയ വന്‍ മോഷ്ടാവ് കോഴിക്കോട് അത്തോളി രാരോത്ത് വീട്ടില്‍ മുഹമ്മദ് സല്മാന് (22) ആണ് പിടിയിലായത്. താമരശ്ശേരി ഡിവൈഎസ്പി കെ.പി അബ്ദുല്‍ റസാഖിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പോലീസ് ഇയാളെ പിടികൂടികൂടിയത്.
താമരശ്ശേരി അടിവാരത്ത് നിന്നും ജനുവരി 9ന് ഏഴ് മൊബൈല്‍ ഫോണുകളും 4500 രൂപയും മോഷണം പോയതിന്റെ അന്വേഷണത്തിനിടെയാണ് പ്രതിയെ ഈങ്ങാപ്പുഴ വെച്ച് പിടികൂടുന്നത്. 2019 അവസാനത്തില്‍ താമരശ്ശേരി കോരങ്ങാട് നിന്നും നാല് ഫോണുകളും പണവും താമരശ്ശേരി ചുങ്കത്ത് നിന്നും 5000 രൂപയും മൂന്ന് ഫോണുകളും, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി എന്നിവിടങ്ങളില്‍ നിന്നും നിരവധി ഫോണുകളും മോഷ്ടിച്ചിരുന്നു. നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളിലെ ജോലിക്കാരുടെ ഫോണുകളാണ് മോഷ്ടിക്കാറ്. പട്ടാമ്പി, ബെംഗളൂര് എന്നിവിടങ്ങളില്‍ നിന്ന് സ്കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും കളവ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
കളവ് നടത്തിയ വാഹനത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് വീണ്ടും കളവ് നടത്തുന്നത്. ഏപ്രില്‍ 29ന് പുലര്‍ച്ചെ പടനിലത്ത് നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും 8000 രൂപയും മൊബൈല്‍ ഫോണും കളവ് നടത്തിയിരുന്നു. മോഷണം നടത്തിയ മൊബൈല്‍ ഫോണുകള്‍ മലപ്പുറം, വയനാട്, കോഴിക്കോട് ഭാഗങ്ങളിലാണ് വില്‍പ്പന നടത്തിയത്.
മോഷണം നടത്തിയ സ്കൂട്ടറും മൊബൈല്‍ ഫോണും 10,000 രൂപയും പ്രതിയില്‍ നിന്നും കണ്ടെടുത്തു. 6 മാസം മുന്‍പ് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയെ പീഡിപ്പിച്ചതിന് അത്തോളി പോലീസ് സ്റ്റേഷനില്‍ കേസുണ്ട്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്. പ്രതിയെ താമരശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. താമരശ്ശേരി ഇന്‍സ്പെക്ടര്‍ എം.പി. രാജേഷ് എസ്ഐമാരായ സനല്‍ രാജ്, അനൂപ്, വി.കെ. സുരേഷ്, രാജീവ് ബാബു, എഎസ്ഐ ജയപ്രകാശ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: