കൊറോണ വിതച്ചിട്ട ദുരിതപര്‍വങ്ങളില്‍ ആടിയുലയുകയാണ് ഗള്‍ഫ് മേഖലയിലെ രാഷ്ട്രങ്ങള്‍. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ കര്‍ക്കശമാക്കിയ സാഹചര്യത്തിലും രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതില്‍ ഭരണകൂടങ്ങളും ജനങ്ങളും വലിയ ആശങ്കയിലും ഭീതിയിലുമാണ്. സ്വയം ഉരുകുമ്പോഴും മറ്റുള്ളവരുടെ പട്ടിണി മാറ്റാനും, നാടിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്താനും മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കുന്ന പ്രവാസി സമൂഹം ഇന്നേവരെ അഭിമുഖീകരിക്കാത്ത സങ്കീര്‍ണമായ പ്രശ്നങ്ങളില്‍പ്പെട്ട് നെടുവീര്‍പ്പുകളോടെ കഴിയുകയാണ്. ഈ അവസ്ഥയില്‍ പട്ടിണിയുടെയും വറുതിയുടെയും നിഴലുകള്‍ മുഖാമുഖം കണ്ട് പരിമിതമായ സൗകര്യങ്ങളില്‍ തങ്ങളുടെ പാര്‍പ്പിടങ്ങളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി കഴിയുകയാണവര്‍.
ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ഏതാണ്ട് 40 ലക്ഷം ഇന്ത്യക്കാരാണ് അതിജീവനത്തിനായി കുടിയേറിയിട്ടുള്ളത്. ഫെബ്രുവരി മാസത്തിന്റെ അവസാനത്തോടെയാണ് മരുന്നില്ലാത്ത മഹാമാരി കൊറോണയെന്ന ഭീകരന് ഇവിടങ്ങളില്‍ അധിവാസം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ കുറഞ്ഞ രീതിയിലാണ് വൈറസ് പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ പിന്നീട് സമൂഹ വ്യാപനത്തിന്റെ സ്ഫോടനാത്മകമായ സ്ഥിതിവിശേഷം വന്നു. അതുകൊണ്ടുതന്നെ രൂക്ഷമായ ആരോഗ്യ-സാമ്പത്തിക-സാമൂഹ്യ പ്രശ്നങ്ങളുടെ ഭീകരമായ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍.
കൊറോണ പറയുന്ന കണക്കുകള്‍
പത്രമാധ്യമങ്ങളിലൂടെയും, അതത് രാഷ്ട്രങ്ങളുടെ ഔദ്യോഗിക അറിയിപ്പുകളിലൂടെയും ലഭ്യമായ കണക്കുകള്‍ പ്രകാരം ഇതുവരെ ദുബായിയില്‍ 11,380 കൊറോണ ബാധിതരുണ്ട്. 2181 പേര് രോഗമുക്തി നേടിയപ്പോള്‍ 89 പേര് മരണത്തിന് കീഴടങ്ങി. കുവൈറ്റിലെ ആരോഗ്യമന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ വിവരങ്ങള്‍ പ്രകാരം ഇതുവരെ 3740 പേരാണ് രോഗബാധിതര്‍. ഇതില്‍ 1769 പേര് ഇന്ത്യക്കാരാണ്. 1389 പേര് രോഗമുക്തരായപ്പോള്‍ 24 പേര് കൊറോണ മൂലം കുവൈറ്റില്‍ മരണപ്പെട്ടിട്ടുണ്ട്. സൗദി ഗവണ്മെന്റിന്റെ കണക്കു പ്രകാരം 21,402 പേര്‍ക്ക് രോഗം ബാധിക്കുകയും, 157 പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. 2953 പേര് സൗദി അറേബ്യയില്‍ സുഖം പ്രാപിച്ചിട്ടുണ്ട്.
ബഹറനില്‍ 1,24,591 പേരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോള്‍ 2,869 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് മരണമാണ് ഇതുവരെ ഇവിടെ സംഭവിച്ചിട്ടുള്ളത്. 1370 പേര് രോഗവിമുക്തി നേടി. ഖത്തറില്‍ 73,457 പേര് കൊറോണ ടെസ്റ്റ് നടത്തിയപ്പോള്‍ 91,415 പേര് രോഗബാധിതരാണ്. 10 പേര് മരണപ്പെട്ടു. 1,243 പേര് രോഗത്തില്‍നിന്ന് മോചനം നേടിയിട്ടുണ്ട്. ഒമാനിലെ ലഭ്യമായ വിവരങ്ങള്‍ പ്രകാരം 2.274 പേര്‍ക്കാണ് രോഗം ബാധിച്ചത്. 364 പേര് രോഗ വിമുക്തി നേടുകയും, 10 പേര് കൊറോണ കാരണം മരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിസന്ധികള്‍ പലവിധം
ഗള്‍ഫ് മേഖലയുടെ സാമ്പത്തികാടിത്തറ തകിടം മറിക്കുന്ന പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ് കൊറോണയെന്ന മഹാമാരി. ഉല്‍പ്പാദന മേഖലയിലെ കടുത്ത നിയന്ത്രണം, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങളുടെ ലോക്ക് ഡൗണ്‍ കാലത്തെ നിയന്ത്രിതമായ പ്രവര്‍ത്തനം, എണ്ണ വിലയിലുള്ള തകര്‍ച്ച, കര്‍ഫ്യൂ മൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഇവയെല്ലാം വ്യാപാര വാണിജ്യ മേഖലകളിലെ സ്തംഭനാവസ്ഥയ്ക്കും, സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമായിട്ടുണ്ട്.
ദുബായ്, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹറിന്‍, ഒമാന്‍ എന്നിവിടങ്ങളിലെ പ്രവാസികളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും വലിയ ജനവിഭാഗം ഭാരതീയരാണ്. അതില്‍ കേരളീയ പ്രവാസി സമൂഹത്തിന്റെ സംഖ്യ വളരെ കൂടുതലും. മാര്‍ച്ച് ആദ്യവാരത്തോടെ നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമായി. ഇവര്‍ യാതൊരു വരുമാനവുമില്ലാതെ സന്നദ്ധ സംഘടനകളുടെ കനിവിനാല്‍ കഴിയുകയാണ്. പല കമ്പനികളും തൊഴിലാളികളോട് നിര്‍ബന്ധിത അവധിയെടുത്ത് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇതുകാരണം ശമ്പളമില്ലാത്ത അവധിയില്‍ കഴിയുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നുണ്ട്. ചില കമ്പനികള്‍ അവരുടെ തൊഴിലാളികള്‍ക്ക് ലീവ് സാലറിയില്‍നിന്ന് ശമ്പളം കൊടുക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത് ആശ്വാസമാണ്. ചില രാജ്യങ്ങളില്‍ നിയമ ഭേദഗതികളിലൂടെ തൊഴിലാളികളുടെ ശമ്പള വ്യവസ്ഥയില്‍ ഏറ്റക്കുറച്ചില്‍ വരുത്താനും, ആവശ്യമുള്ളപ്പോള്‍ പിരിച്ചുവിടാനും സമ്മതം നല്‍കിയിട്ടുണ്ട്.
വിശദീകരിക്കാനാവാത്ത വിഷമതകള്‍
ടാക്സി, ഹോട്ടല്‍ സേവന മേഖല, ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ എന്നീ മേഖലയിലെ തൊഴിലാളികള്‍ക്ക് വരുമാനം പൂര്‍ണമായി നിലച്ചു. പലയിടങ്ങളിലും സമ്പൂര്‍ണ കര്‍ഫ്യൂ കാരണം താമസ സ്ഥലംവിട്ട് നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കുന്ന തൊഴിലിടങ്ങളിലേക്ക് പോകേണ്ട സാഹചര്യം സംജാതമായിരിക്കുന്നു. ലോക്ഡൗണ്‍ കാലത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ലെങ്കില്പ്പോലും അത് വാങ്ങിക്കാന്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വരുന്ന കാഴ്ച ഇന്ന് ഗള്‍ഫ് നാടുകളിലും കാണാം. അതോടൊപ്പം മരുന്ന്, അവശ്യവസ്തുക്കള്‍ എന്നിവയും കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമകളാണ് ഒട്ടുമിക്ക പ്രവാസികളും. മരുന്ന്, ഭക്ഷണം മുതലായവ കിട്ടാനുള്ള ബുദ്ധിമുട്ടും, വരുമാന സ്രോതസ്സുകള്‍ നിലച്ചതും പ്രവാസികളെ കടുത്ത മാനസിക സംഘര്‍ഷങ്ങളിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഇതുമൂലം ആത്മഹത്യകളില്‍ അഭയം തേടുന്നവരുടെ എണ്ണം പ്രതിസന്ധിയുടെ ആഴം വിളിച്ചോതുന്നതാണ്. വാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ടുന്ന പ്രവാസികളുണ്ട്. ലേബര്‍ ക്യാമ്പുകളിലെ ജീവിതം തികച്ചും ദുസ്സഹമാണ്. സോഷ്യല്‍ ഡിസ്റ്റന്‍സ് എന്നൊന്ന് ഇവിടെ പേരിനുപോലും ഇല്ല. സമൂഹവ്യാപനത്തിനുള്ള സാധ്യതകള്‍ വളരെ വലുതാണ്. അടിസ്ഥാന സൗകര്യം പോലും ലഭിക്കാതെ തൊഴിലാളികള്‍ ലേബര്‍ ക്യാമ്പുകളില്‍ കൂട്ടത്തോടെ കഴിയുന്നു.
ഉണര്‍ന്ന് പ്രവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍
രോഗബാധിതരുടെ കാര്യത്തില്‍ സ്വദേശികളെ വെല്ലുന്നതാണ് പ്രവാസികളായ വിദേശികളുടെ എണ്ണം. ഈ മേഖലയിലെ കടുത്ത പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവന്മാരുമായി ഇതിനകം നിരവധി തവണ നേരിട്ട് ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ മനസ്സിലാക്കി ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവരുന്നുണ്ട്. വിദേശ കാര്യ മന്ത്രാലയം ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഗള്‍ഫ് മേഖലയിലെ സന്നദ്ധ സംഘടനകള്‍ ഈ അവസരത്തില്‍ ജാഗ്രതയോടെ ഉണര്‍ന്നു പ്രവര്‍ത്തിച്ച് പ്രവാസി സമൂഹത്തിന്റെ കണ്ണീരൊപ്പുന്നത് പുതിയൊരു സേവന സംസ്കാരംതന്നെ സൃഷ്ടിച്ചിട്ടുണ്ട്.
ഗള്‍ഫ് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍വരെ അടച്ചിടാനുള്ള തീരുമാനമാണ് മിക്ക ഗവണ്മെന്റുകളും കൈക്കൊണ്ടിട്ടുള്ളത്. സൂം പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴി ഇ-ലേര്‍ണിങ് സിസ്റ്റത്തിലൂടെ പഠനം സാധ്യമാക്കാന്‍ നോക്കുകയാണ് ഒട്ടുമിക്ക ഇന്ത്യന്‍ സ്കൂളുകളും. യാതൊരുവിധ വിനോദവുമില്ലാതെ, പുറത്തിറങ്ങാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ വലിയ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്തെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് രക്ഷകര്‍ത്താക്കള്‍. കുട്ടികളുടെ ഭാവിയെക്കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ ഇത് ഉയര്‍ത്തുന്നുണ്ട്.
തൊഴില്‍ നഷ്ടപ്പെട്ടവരും രോഗികളുമായ പതിനായിരക്കണക്കിന് പ്രവാസികള്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. അധികം താമസിയാതെ വലിയൊരു പ്രവാസി ഒഴുക്ക് നാട്ടിലേക്കുണ്ടാവും. ലോക് ഡൗണ്‍ മാറി വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണിലേക്ക് പറന്നിറങ്ങുവാന്‍ കഴിയുന്ന ദിനങ്ങള്‍ക്കായി കണ്ണിലെണ്ണയൊഴിച്ച് പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് മണലാരണ്യത്തിലെ നിസ്സഹായരായ പ്രവാസി ജന്മങ്ങള്.
സാധികയുടെ ജീവനുമായി മെഡിക്കല്‍ സംഘം
കൊറോണ കാരണം ബുദ്ധിമുട്ടുന്ന പ്രവാസി സമൂഹത്തിന്റെ രക്ഷയ്ക്കായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം പ്രത്യേക വിമാനത്തില്‍ എത്തി കുവൈറ്റ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചതും, മുംബൈയില്‍നിന്ന് ടണ്‍ കണക്കിന് മരുന്നുകള്‍ എത്തിച്ചതും നമ്മുടെ സര്‍ക്കാര്‍ ചെയ്ത ശ്ലാഘനീയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ഗുരുതരമായ ട്യൂമര്‍ രോഗം ബാധിച്ച് കുവൈറ്റില്‍ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരിയായ മലയാളി പെണ്‍കുട്ടിയെ സന്നദ്ധ സംഘടനകളുടെയും ഇന്ത്യന്‍ എംബസ്സിയുടെയും അടിയന്തര ഇടപെടലിനെ തുടര്‍ന്ന് സൈനിക വിമാനത്തില്‍ കുവൈത്തില്‍നിന്ന് ഇന്ത്യയിലെത്തിച്ചത് കുവൈറ്റിലെ പ്രവാസി സമൂഹത്തിന് ഈ വിഷമഘട്ടത്തിലും ഏറെ ആശ്വാസം നല്കിയ വാര്‍ത്തയാണ്.
ഇന്ത്യയില്‍നിന്ന് കോവിഡ് പ്രതിരോധത്തിനായി കുവൈത്തിലെത്തിയ പ്രത്യേക മെഡിക്കല്‍ സംഘം തിരിച്ചുപോവുന്ന സൈനിക വിമാനത്തിലാണ് ചെവിയില്‍നിന്ന് രക്തസ്രാവമുള്ള പാലക്കാട്ടുകാരിയായ സാധികയെ പിതാവ് രതീഷ് കുമാറിനൊപ്പം ദല്‍ഹിയിലേക്ക് വിമാനം കയറ്റിയത്. ദല്‍ഹി എയിംസ് ആശുപത്രിയില്‍ സങ്കീര്‍ണ ശസ്ത്രക്രിയയ്ക്കായി അഡ്മിറ്റ് ചെയ്തിരിക്കുകയാണ് സാധികയെ ഇപ്പോള്‍.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നടത്തിയ മാനുഷികമായ ഇടപെടലുകളാണ് ഈ കുട്ടിക്ക് തുണയായത്. ഇതുപോലെ രോഗബാധിതരായ അനേകം പ്രവാസികള്‍ നാട്ടിലെത്താനുള്ള പ്രാര്‍ത്ഥനയിലാണ്. ഗള്‍ഫ് രാഷ്ട്രങ്ങളുമായി തോളോടുതോള്‍ ചേര്‍ന്ന് കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള കര്‍മപദ്ധതികള്‍ രൂപപ്പെടുത്താന്‍ നമ്മുടെ ഭരണകൂടത്തിന് കഴിയുമെന്ന പ്രത്യാശയും പ്രവാസി സമൂഹത്തിനുണ്ട്.
രക്ഷാദൗത്യം മുന്‍ഗണനാക്രമത്തില്‍
രോഗികളായവരെയും പ്രായമായവരെയും വിദ്യാര്‍ത്ഥികളെയും മുന്‍ഗണനാക്രമത്തില്‍ നാട്ടില്‍ എത്തിക്കാനുള്ള രക്ഷാദൗത്യങ്ങളും സംവിധാനങ്ങളും എത്രയും വേഗം ഒരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചത് ഭീതിയുടെ നിഴലിലും പ്രത്യാശയോടെയാണ് പ്രവാസികള്‍ കാണുന്നത്. നോര്‍ക്ക വഴിയും ഇന്ത്യന്‍ എംബസി വഴിയും നാട്ടിലേക്ക് വരാനുള്ളവരുടെ രജിസ്ട്രേഷന് നടപടികളും ഗള്‍ഫ് നാടുകളില്‍ പുരോഗമിച്ച് വരുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാന്‍ വിപുലമായ സംവിധാനമൊരുക്കുകയാണന്ന കേന്ദ്രസര്‍ക്കാരിന്റെ അറിയിപ്പ് ആശ്വാസദായകമാണ്. മൂന്ന് യുദ്ധക്കപ്പലുകളും അഞ്ഞൂറോളം വിമാനങ്ങളും ഇതിനായി തയ്യാറായി കഴിഞ്ഞുവെന്നാണ് അറിയുന്നത്. മടങ്ങിവരുന്നവരില്‍ സാധാരണ തൊഴിലാളികള്‍ക്കാകും ആദ്യ പരിഗണന എന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്.
കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴും ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്നത് കടുത്ത ഭീതിയാണ് അറേബ്യന്‍ മണലാണ്യങ്ങളില് പടര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് നിരവധി തീരുമാനങ്ങളും നടപടികളുമാണ് അംഗ രാജ്യങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു വരുന്നത്. ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയ സകല മേഖലകളിലും വലിയ വെല്ലുവിളിയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ നേരിടാന്‍ പോവുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കുറഞ്ഞത് ആറുമാസമോ ഒരു വര്‍ഷമോ എടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
പ്രവാസികള്‍ തേടുന്ന പ്രകാശ കിരണങ്ങള്‍
വലിയ തൊഴില്‍ നഷ്ടത്തിലേക്കായിരിക്കും ഈ പ്രതിസന്ധി കൊണ്ടുചെന്നെത്തിക്കുക. ഇതിനകം തന്നെ പലരുടെയും ശബളം വെട്ടിക്കുറച്ചതും, ടെര്‍മിനേഷന്‍ നോട്ടീസ് കിട്ടിയതും, പല കമ്പനികളും അടച്ചിട്ടതും വരാന്‍ പോകുന്ന പ്രത്യാഘാതങ്ങളുടെ മുന്നറിയിപ്പാണ്. ഈ പ്രതിസന്ധിയുടെ ആഴം പ്രവചനാതീതമാണ്. അത് ഏറ്റവും കൂടുതല്‍ ബാധിക്കുക സാധാരണക്കാരായ പ്രവാസി തൊഴിലാളികളെ ആയിരിക്കും.
ഇത്തരം വെല്ലുവിളികളെ അതിജീവിക്കുവാന്‍ ഗള്‍ഫ് രാഷ്ട്രങ്ങളുമായി ചേര്‍ന്ന് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുവാന്‍ നമ്മുടെ രാജ്യത്തിന് കഴിയട്ടെ എന്നാണ് പ്രവാസ ലോകത്തിന്റെ പ്രാര്‍ത്ഥന. കൊറോണ കാരണം ജന്മനാടിനും കര്മഭൂമിക്കുമുണ്ടായ നഷ്ടങ്ങള്‍ നികത്തുവാന്‍ ഭരണകൂടത്തിനപ്പുറം നമുക്കോരോരുത്തര്‍ക്കും ഇനിയെന്ത് ചെയ്യാനാവും എന്ന ചിന്തയാണ് ഈ കരുതലിന്റെ കാലത്ത് നമ്മെ നയിക്കേണ്ടത്. ഭീതിയുടെ മണല്ക്കാറ്റുകള്ക്കു മീതെ പ്രതീക്ഷയുടെ പ്രകാശകിരണങ്ങള്‍ വിടരട്ടെ എന്ന പ്രാര്‍ത്ഥനയില്‍ സ്വയം കരുതലിന്റെ തണലിലാണ് ഞങ്ങള്‍ പ്രവാസികള്‍.
വിഭീഷ് തിക്കോടി
കുവൈറ്റില്‍ നിന്ന്
(റൈറ്റേഴ്സ് ക്യാപ്പിറ്റല്‍ ഇന്റര്‍നാഷണല്‍ ഡയറക്ടറും സെന്റര്‍ ഫോര്‍ ഇന്ത്യ സ്റ്റഡീസ് ഉപദേശക സമിതിയംഗവുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: