Categories: Main Article

ഓര്‍ക്കുക; വള്ളത്തോളിന്റെ സന്ദേശം

Published by

ഭാരതമെന്ന പേര്‍ കേട്ടാലഭിമാന  

പൂരിതമാകണമന്തരംഗം

കേരളമെന്നു കേട്ടാല്‍ തിളയ്‌ക്കണം  

ചോര നമുക്ക് ഞരമ്പുകളില്‍

മഹാകവി വള്ളത്തോളിന്റെ ഈ കവിതാശകലം ഒരു കാലത്ത് ഇന്ത്യന്‍ ദേശീയതയുടെയും ഐക്യകേരള പ്രസ്ഥാനത്തിന്റെയും പതാകയായിരുന്നു. ഇന്നോ? ഇന്നും ഇത് തന്നെയാണ് കേരള രാഷ്‌ട്രീയത്തിന്റെ ഇതിവൃത്തം അത്തൈ ചുഴി.  

കോവിഡിനെ നേരിടുന്നതില്‍ നാം, ഇന്ത്യ ഒറ്റക്കെട്ടാണെന്നും ഏകീകൃ താളമുള്ള ജനാധിപത്യമാണെന്നും തെളിയിച്ചു കഴിഞ്ഞു. പാട്ടകൊട്ടുന്നതിലും വിളക്ക് തെളിയിക്കുന്നതിലും ന്യൂനപക്ഷ വിഭാഗങ്ങളിലെ തൊണ്ണൂറ്റഞ്ച് ശതമാനവും സജീവമായി പങ്കെടുത്തു. നാട്ടില്‍ ഞാന്‍ കണ്ട അനുഭവമാണിത്. വിളക്ക് വേണമെന്നില്ല, ടോര്‍ച്ചും മൊബൈല്‍ ഫോണും ആയാലും മതി എന്ന നേതൃത്വപാടവം ഇവിടെ ശ്രദ്ധിക്കുക.

അടിയന്തിരാവസ്ഥ വേണ്ടിവന്നില്ല സാമ്പത്തിക അടിയന്തിരാവസ്ഥയും വേണ്ടി വന്നില്ല. കൂട്ട പ്രതിഷേധമുണ്ടായില്ല. വേലത്തരം കാണിക്കുന്നവരെ നാട്ടുകാര്‍ തന്നെ തുരത്തി. 130 കോടി ജനം ബലപ്രയോഗത്തിന്റെ ലാഞ്ചനപോലുമില്ലാതെ ഒരു സിംഫണിയിലെന്നപോലെ താളാത്മകമായി ചലിച്ചു. കേന്ദ്രം-സംസ്ഥാനം-പഞ്ചായത്ത് തുടങ്ങി നിരവധി തലങ്ങളുള്ള നമ്മുടെ ഏകീകൃതവും അതേസമയം അയവുള്ളതുമായ അത്യപൂര്‍വ്വ ഭരണസംവിധാനത്തിന്റെ കരുത്ത് തെളിമയാര്‍ന്നുവന്നു. ജുഡീഷ്യറിയും ഐക്‌സിക്യൂട്ടീവും താളത്തോടെ ചലിച്ചു. അപസ്വരങ്ങള്‍ എങ്ങുമുണ്ടായില്ല. ഇത് ഇന്ത്യയുടെ ഇന്നത്തെ കരുത്ത്. എന്നത്തേയും കരുത്ത്.  

വകുപ്പുകള്‍ സഹകരിച്ചു. പള്ളികളും അമ്പലവും ഉത്സവങ്ങളുമെല്ലാം വേദനയോടെ നാം ഒന്ന് ഒഴിച്ചു നിര്‍ത്തി തത്കാലം. ഇതാണ് ഇന്ത്യ. ഇതിന്റെ ഉള്ളിലെ ചരട് കണ്ടുപിടിച്ച് അതിന് പേരിട്ട് അഹങ്കരിക്കേണ്ട കാര്യവുമില്ല. നാം അതാണ്. അതിന് ഒരു നാമകരണ കര്‍മ്മം ഇനിയാവശ്യമില്ല. നാം എല്ലാം മക്കളാണ്. നാമകരണം നടത്താന്‍ ഇവിടെ ആരാണ് അച്ഛന്‍. ആരാണമ്മ! മാതാവും പിതാവും ബന്ധുവും സഖാവും എല്ലാം ചേര്‍ന്നതാണിത്. കുടുംബത്തിലെ പോലും കലഹം തുടങ്ങുന്നത് നാമകരണത്തോടെയാണെന്ന് തോന്നുന്നു. സ്‌നേഹം ദൃഢമായി പ്രകാശിക്കുമ്പോള്‍ നാമം പോലും അപ്രസക്തമാകുന്നു. നിയമവും.

നാമം ഇപ്പോള്‍ കാണിച്ചുകൊണ്ടിരിക്കുന്ന ഈ അത്ഭുതം പലപ്പോഴും മതാതീതം മാത്രമായിരുന്നില്ല. നിയമങ്ങളുടെ ഇടുങ്ങിയ ചട്ടക്കൂടുകള്‍ക്കതീതവും ആയിരുന്നു. സൂക്ഷ്മദൃഷ്ടിയോടെ പഠിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പക്ഷെ വള്ളത്തോള്‍ പഠിപ്പിച്ചത് ഇന്നത്തെ കേരളത്തിലെ തത്ക്കാല രാഷ്‌ട്രീയ ലീലകളുടെ ഇതിവൃത്തവുമാണ്. കോവിഡ് ബാധയില്‍ കേരളം ജയിച്ചു എന്നു പറയുന്നവര്‍ പലപ്പോഴും ഉപയോഗിക്കുന്ന ശൈലിയില്‍ ”നീ തോറ്റെടാ” എന്നു പറയുന്ന ഒരു അപശബ്ദം അറിയാതെ കടന്നുകൂടുന്നു. തുടയ്‌ക്കടിച്ച് കവലയില്‍ വെല്ലുവിളിക്കുന്ന അമ്പതുകൊല്ലം മുമ്പുള്ള ചട്ടമ്പിയുടെ വൃഥാസ്വരം.

വിജയിക്കുന്നവര്‍ക്ക് ആഭരണം വിനയവും നന്ദിയുമാണ്. അതില്ലാതെയുള്ള ആഹ്ലാദപ്രകടനം കണ്ട് നില്‍ക്കുന്നവരെ ഉള്ളില്‍ ചൊടിപ്പിക്കും. പുറമേ അവര്‍ കയ്യടിക്കുമെങ്കിലും ഇവിടെ നാം മറക്കുന്നത് വള്ളത്തോളിന്റെ കവിതയാണ്. ഭാരതം എന്നോ ഇന്ത്യയെന്നോ എന്ന ബോധത്തെക്കുറിച്ച് ഒന്നും ഉരിയാടാതെ പോകുക! നൂറുശതമാനം ആലോചിച്ചുറച്ച മൗനം. എന്നിട്ടോ ഇടയ്‌ക്കിടെ ഓരോ കുത്ത് വാക്ക്. പരിഹാസം, ഒരു ഐസക് ചിരി! (”കടൗര” ഞാന്‍ ജയിച്ച് എന്നോണം) ചുണ്ടിന്റെ ചെറുകോണിലെ വക്രത. ഇത് മന്ത്രിമാരുടെ മാത്രം ഭാഷയല്ല. ചാനല്‍ അവതാരകരുടെ പൊതുഭാഷയും ഇതാണ്. സാധാരണ ജനങ്ങള്‍ക്കിടയില്‍ ”ഭാരതം” എന്ന പേര്‍ കേട്ടാല്‍ ഉടനേ നിന്ദയും അപമാനവും തോന്നണമെന്ന ഉദ്ദേശത്തോടെയുള്ള കുത്ത് വാക്കുകളും പരിഹാസവും മാത്രമല്ല അതിര്‍ത്തി സംസ്ഥാനങ്ങളെക്കുറിച്ച് പ്രത്യക്ഷത്തില്‍ തന്നെ കള്ളമെന്ന് തിരിച്ചറിയാന്‍ കഴിയുന്ന കണക്കുകളുടെ നിരന്തരമായ ആവര്‍ത്തനം.  

ആകപ്പാടെ കേരളം എന്ന് കേട്ടാല്‍ നമുക്ക് ചോര തിളയ്‌ക്കണം എന്നാല്‍ ഭാരതം എന്ന് കേട്ടാല്‍ അപമാനവും വെറുപ്പും തോന്നണം എന്ന മട്ടിലാണ് കോവിഡിനെ നാം വാര്‍ത്താസമ്മേളനങ്ങളിലും ചാനല്‍ തലക്കെട്ടുകളിലും കൈകാര്യം ചെയ്യുന്നത്.

ഭാരതവും കേരളവും ഒരുമിച്ചു പോകണമെന്ന സന്ദേശം വള്ളത്തോളുയര്‍ത്തിക്കൊണ്ട് വന്നത് സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂറിന്റെ പടപ്പുറപ്പാടിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇന്നും സ്വതന്ത്ര തിരുവിതാംകൂറിന് പകരം സ്വതന്ത്രമായി അന്തര്‍-രാഷ്‌ട്ര ബന്ധങ്ങള്‍ കൂടി സ്വന്തമായി കൈകാര്യം ചെയ്യാന്‍ പുറപ്പെടുന്ന ഒരു സ്വതന്ത്ര കേരള സ്വപ്‌നം എവിടെയൊക്കെയോ പതിയിരിക്കുന്നതായി തോന്നുന്നു.

അത്തരമൊരു സങ്കല്‍പ്പം കേരളത്തില്‍ പതുക്കെ ഉരുത്തിരിഞ്ഞ് വരാതിരിക്കാന്‍ കഴിയാത്ത സാഹചര്യവും നിലനില്‍ക്കുന്നു. ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം മാര്‍ക്‌സിയന്‍ പ്രാദേശിക പരീക്ഷണം കേരളത്തിലും അവസാനിക്കാതിരിക്കാന്‍ രണ്ട് പോംവഴികളേയുള്ളൂ. ഒന്നാമത്തേത് സത്യസന്ധമായ ജനാധിപത്യപാര്‍ട്ടിയായി സിപിഐ(എം) മാറുകയാണ്. അതിന്നവര്‍ക്ക് ഭയമാണ്. വിപ്ലവം, ചെഗുവേര, കടുത്ത ഹൈന്ദവ വിരുദ്ധത എന്നിവയൊക്കെ തിരുത്തേണ്ടതായി വരും. അതല്ലെങ്കില്‍ കേന്ദ്രവിരുദ്ധ മുദ്രാവാക്യത്തിന്റെ മറവില്‍ ദീര്‍ഘകാല പദ്ധതിയിട്ട് വിഭജനപരമായ ഒരു ദേശീയവിപ്ലവം എന്ന സ്വപ്നത്തിന്റെ വിത്തുപാകണം. കേരള ദേശീയതയെന്ന മുദ്രാവാക്യം ”കേരളം മലയാളികളുടെ മാതൃഭൂമി” എന്ന ഇഎംഎസിന്റെ പുസ്തകത്തില്‍ തലനീട്ടി പുറത്തുവന്നതാണ്. അതല്ലാതെ ഇന്ത്യയില്‍ മുഴുവന്‍ വളര്‍ന്നു പന്തലിക്കാന്‍ സമീപഭാവിയില്‍ സാധ്യതയില്ലാത്ത ഒരു പാര്‍ട്ടിക്ക് ഇന്ന് നിലനില്‍ക്കാന്‍ രണ്ടാമതൊരു  പോംവഴിയില്ല.

രണ്ടാമത്തെ പോംവഴി സ്വീകരിച്ചാല്‍ അതിന് കടുത്ത വില നല്‍കേണ്ടി വരും. അതിന് വേണ്ടുന്ന ത്യാഗശക്തി അവരുടെ കേഡര്‍മാര്‍ക്കോ നേതൃത്വത്തിനോ ഇനി അല്‍പമേ അവശേഷിക്കുന്നുള്ളു. അവര്‍ സുഖലോലുപരായത് നമ്മുടെ ഭാഗ്യം. മാത്രമല്ല. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലുള്ള ആ പാര്‍ട്ടിയുടെ അവശിഷ്ട ഭാഗങ്ങളും അവരെ ഈ സാഹസത്തില്‍ നിന്ന് പിന്തിരിപ്പിക്കുമെന്ന് ആശിക്കാം. വടക്കേ മലബാറിലെ ചില ത്യാഗി വര്യരായ നേതാക്കള്‍ ഒതുക്കപ്പെടുമ്പോള്‍ അവര്‍ എന്തൊക്കെ സ്വപ്‌നം കാണുമോ എന്തോ?

തമിഴ്‌നാട്, കേരളാ-കര്‍ണാടക അതിര്‍ത്തികളില്‍ രൂപപ്പെടുന്ന വസന്തത്തിന്റെ ചെറു-ചെറു മേഘശകലങ്ങള്‍ ഇത്തരമൊരു ചാകരക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതും. കാത്തിരിക്കുന്നവര്‍ വേറെയുമുണ്ട്! രാഷ്‌ട്രീയ ക്രാന്ത ദര്‍ശിത്വമുള്ള ജനാധിപത്യ വിവേകം ഇതൊന്നും മുന്‍കൂട്ടി കാണാതിരിക്കരുത്. ഇതൊരു കോവിദനാണ്, അതീവ വിദഗ്ധന്‍ എന്നാണ് കോവിദന്റെ അര്‍ത്ഥം. കോവിഡിനെക്കാര്‍ ”കോവിദന്‍” സൂത്രക്കാരനാണ്. ഭാരതത്തെയും കേരളത്തെയും വിരുദ്ധ ഭാവത്തില്‍ കാണാതെ താള ലയത്തിലും സ്വരലയത്തിലും സ്‌നേഹത്തിന്റെ യാഥാര്‍ത്ഥ്യത്തിലും പരസ്പര പൂരകങ്ങളായി കാണുന്നവര്‍ ജാഗ്രതയോടെ ധൈര്യത്തോടെ സത്യം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്, വൈരം വളര്‍ത്താത്ത ഭാഷയില്‍, മിതമായ ഭാഷയില്‍; സത്യം തുറന്നു പറയേണ്ട കാലമായി.  

അന്തരംഗവും ചോരയുടെ മിടിപ്പും ഒരേ താളത്തില്‍ ലയിക്കട്ടെ അതാണ് വള്ളത്തോളിന്റെ സന്ദേശം.

ഫിലിപ്പ് എം. പ്രസാദ്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by