ന്യൂദല്‍ഹി: ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി തന്റെ മാര്‍ഗദര്‍ശിയാണെന്ന് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്്. യുവതാരങ്ങളെ സഹായിക്കുന്നതിന് അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ മാര്‍ഗങ്ങളുണ്ട്. ഒരു പ്രശ്‌നത്തിന് സമ്പൂര്‍ണമായ ഒരു പരിഹാരം നിര്‍ദേശിക്കില്ല. എന്നാല്‍ പ്രശ്‌നപരിഹാരത്തിനായുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് പന്ത് പറഞ്ഞു.
തന്റെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ ദല്‍ഹി ക്യാപിറ്റല്‍സുമായുള്ള ഇന്‍സ്റ്റഗ്രാം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പന്ത്. ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ച പന്ത്, കെ.എല്‍. രാഹുല്‍ കീപ്പറായതോടെ ടീമിന് പുറത്തായിരിക്കുകയാണ്.
കളത്തിലായാലും കളത്തിന് പുറത്തായാലും ധോണി തനിക്ക് ബുദ്ധി ഉപദേശിച്ചുതരുന്നയാളാണ്. എന്തു വിഷയമുണ്ടായാലും സ്വതന്ത്രമായി ധോണിയെ സമീപിക്കാം. പക്ഷെ ആ വിഷയത്തിന് സമ്പൂര്‍ണമായി പരിഹാരം നല്‍കില്ല. ചില സൂചനകള്‍ മാത്രം നല്‍കും. അത് പ്രശ്‌നപരിപാരത്തിന് സഹായകമാകുമെന്ന് പന്ത് വെളിപ്പെടുത്തി.
എനിക്കിഷ്ടപ്പെട്ട ബാറ്റിങ് പങ്കാളിയാണ് ധോണി. പക്ഷെ വല്ലപ്പോഴുമൊക്കെയാണ് ധോണിക്കൊപ്പം ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. മഹി ക്രീസിലുണ്ടെങ്കില്‍ കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാകും. വ്യക്തമായ പദ്ധതി തന്നെ അദ്ദേഹം തയ്യാറാക്കും. നമ്മള്‍ അത് പിന്തുടര്‍ന്നാല്‍ മതിയെന്ന് പന്ത് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിനുശേഷം ധോണി മത്സരക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ അനിശ്ചതകാലത്തേക്ക് നീട്ടിവച്ചിരിക്കുകാണ്. ധോണിയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകായാണ്. അതേസമയം, ധോണി ഇന്ത്യക്കായി അവസാന മത്സരം കളിച്ചുകഴിഞ്ഞതായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: