ഞാന്‍ പ്രണയത്തെക്കുറിച്ച് എഴുതുന്നു.
ഭൂതകാലം- തെരുവില്‍
നിരപരാധികള്‍
അപരാധികളുടെ കല്ലേറേറ്റ് പിടയുന്നു.
പിഞ്ചു പെണ്‍കുഞ്ഞുങ്ങള്‍
പേരില്ലാതെ
ഇരകളായ് അലയുന്നു.
കണ്ണു ചൂഴ്ന്നെടുക്കപ്പെട്ടവര്
നിലവിളിക്കാനാകാതെ
മാഞ്ഞു പോകുന്നു
ഇരുള് വാതിലുകളിലൂടെ
മഞ്ഞുതുള്ളികളെ
തള്ളിവിടുന്നു.
മുഖം മൂടിയിട്ട പിശാചുക്കള്‍
നര്‍ത്തനം ചെയ്യുന്നു.
ചുടുരക്തവും പച്ച മാംസവും
പറ്റിപ്പിടിച്ച കൂര്‍ത്ത നഖങ്ങളുമായി
കഴുകന്മാര് വട്ടമിടുന്നു
മാടപ്രാവുകളുടെ വംശം ഇല്ലാതായി.
മുകളില്‍-
ഗോളാന്തര യാത്രകള്‍
പ്രകാശവര്‍ഷങ്ങള്‍
ബഹിരാകാശ വിനോദസഞ്ചാരം
താഴെ-
ആഗോള താപനം
പ്ലാസ്റ്റിക് മാലിന്യം
മത(ദ)ഭ്രാന്ത്
ഇടയില്‍-
ഒട്ടിയ വയറുകള്‍
നിറഞ്ഞൊഴുകുന്ന ദയനീയത
ഭീതി നിറഞ്ഞ നിദ്ര
തലയോട്ടികളുടെ കൂമ്പാരം
ഒഴുക്ക്-
കാണാതെ പോകുന്നത് ഒരുപാടുണ്ട്
കണ്ടത് പകര്‍ത്താന്‍ ഏറെയും
മിഴി വാതില്‍ പൂട്ടിയിരിപ്പാണ്
പ്രതികരണങ്ങളില്‍ മരവിപ്പു പടര്‍ന്നു
മലിന നദികളിലൂടെ തുഴഞ്ഞു മടുത്തു.
കാട്
കാറ്റ്
മഴ
എല്ലാറ്റിന്റെയും നിറങ്ങള്‍
ആരാണ് കെടുത്തിയത്
സംശയം-
നമുക്കാരാണ് മനുഷ്യനെന്നു പേരിട്ടത്
ഏറ്റവും ക്രൂര ജീവികള്‍ക്ക്
സ്നേഹം
സത്യം
ദയ
തെരുവില്‍ വില്പനയ്ക്കു
വച്ചിരിക്കുന്നു
വാങ്ങാനാരുമില്ലാതെ
ചീഞ്ഞു പോകുന്നു.
എന്നിട്ടും കിളിര്‍ത്ത പൂമൊട്ടുകള്‍
പരസ്പരം ചോദിക്കുന്നു
എല്ലാ മനുഷ്യരും ഇല്ലാതായിപ്പോയോ?
— എവിടെയോ ഒരാള്‍ മഴ നനയുന്നുണ്ട്.
വര്‍ത്തമാനകാലം-
ഇതൊക്കെയായിരുന്നു നമ്മള്
കുറച്ചു ദിവസം മുമ്പു വരെ
ഒറ്റ നിമിഷം കൊണ്ട്
മാറ്റിയെഴുതപ്പെട്ട മനുഷ്യ വിധികള്‍
നമ്മെ പരിഹസിക്കുന്നുണ്ട്
എല്ലാം മാറിക്കഴിയുമ്പോള്‍
ഇതേവരെ പഠിച്ച പാഠങ്ങള്‍
നമ്മള്
മറന്നു പോയേക്കാനിടയുണ്ട്.
അങ്ങനെയൊക്കെയാണല്ലോ
നമ്മളെപ്പോഴും
നമുക്കു പ്രത്യേകതകളൊന്നുമില്ല
ഭൂമിയിലെ അനേകം ജീവജാലങ്ങളിലൊന്നു മാത്രം
ഭാവികാലം-
ഭൂതകാലത്തിന്റെ
ആവര്‍ത്തനം
സ്വപ്നം-
ഞാന്‍ പ്രണയത്തെക്കുറിച്ച് എഴുതുന്നു
തെരുവില്‍ ശിക്ഷ ഭയന്നു നില്ക്കുന്ന
അപരാധിയുടെ കവിളില്‍
ഓരോരുത്തര് വന്നുമ്മ വയ്ക്കുന്നു.
കണ്ണീര്‍പ്പുഴകള്‍
എല്ലാംകഴുകി വെടിപ്പാക്കുന്നു.
പെണ് ശലഭങ്ങള്‍
ആകാശത്ത് പാറുന്നു
സംരക്ഷണത്തിന്റെ
ആണ് നയനങ്ങള്‍
തുറന്നിരിക്കുന്നു.
വാതിലുകള്‍ വെളിച്ചത്തിലേക്ക് തുറക്കുന്നു
മാടപ്രാവുകള്‍ കൂട്ടത്തോടെ പറന്നു വരുന്നു
കാറ്റിന് സുഗന്ധത്തിന്റെ ചിറക്
രാജ്യാതിര്‍ത്തികളില്‍
കരിമ്പിന് തോട്ടങ്ങള്‍
പരസ്പരം നുണയുന്ന മധുരം
ആയുധപ്പുരകളില്‍
സ്നേഹം, കരുണ,നിലാവ്
സ്നേഹ ഭൂഖണ്ഡങ്ങള്‍
സ്നേഹ സമുദ്രങ്ങള്‍
സകലതും സ്നേഹമായി
ഭവിക്കുമ്പോള്‍
ദൈവത്തിന്റെ പേര്
മനുഷ്യനെന്നാകില്ലേ
മനുഷ്യന്റെ പേര് ദൈവമെന്നും
എവിടെയോ മണല്‍ക്കാറ്റു വീശുന്നു
ആരോ മഷിക്കുപ്പി
തട്ടിക്കളഞ്ഞു.
അതെന്തുമാകട്ടെ.
ഇനി പറയൂ
മുകളിലെഴുതിയതില്
ഏതു ഭാഗമാണ്
നിങ്ങള്‍ക്കിഷ്ടമായത്?
ഓര്‍ക്കണം
ഇത് കവിതയല്ല.
.
ബൃന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: