ലഖ്നൗ: ലോക തൊഴിലാളി ദിനത്തില്‍ 1,000 രൂപ വീതം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 30 ലക്ഷം തൊഴിലാളികള്‍ക്കാണ് പ്രാഥമിക ഘട്ടത്തില്‍ ആനുകൂല്യം ലഭ്യമായത്. 17,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി പ്രകാരം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ, മാര്‍ച്ച് 24ന് 5,97,000 തൊഴിലാളികള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആയിരം രൂപ വീതം യുപി സര്‍ക്കാര്‍ നിക്ഷേപിച്ചിരുന്നു. സംസ്ഥാനത്തെ 18 കോടി ജനങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് സൗജന്യ റേഷന്‍ എത്തിച്ചു കഴിഞ്ഞെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യത്തിന്റെ എവിടെ താമസിക്കുന്ന യുപി സ്വദേശികള്‍ക്കും റേഷന്‍ കാര്‍ഡ് നമ്പര്‍ പറഞ്ഞാല്‍ റേഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് യുപി സര്‍ക്കാര്‍ നടപ്പാക്കിയത്.
തൊഴിലാളികള്‍ വികസനത്തിന്റെ അവിഭാജ്യഘടകമാണെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമഗ്ര വികസനത്തില്‍ അവരുടെ പങ്ക് വലുതാണെന്നും തൊഴിലാളികള്‍ക്കു വേണ്ട സകല വിധ സംരക്ഷണവും നല്കുന്നതില് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മികവുറ്റ പ്രവര്‍ത്തനമാണ് ഉത്തര്‍പ്രേദശിനെ സുരക്ഷിതമായ സംസ്ഥാനമായി മാറ്റിയത്. ലോക്ക് ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ദിവസക്കൂലിക്കാരായ ആള്‍ക്കാര്‍ക്ക് വേണ്ടി 1000 രൂപ എക്സ്ഗ്രേഷ്യ പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം യുപിയാണെന്നും യോഗി പറഞ്ഞു. കൂടാതെ വൈറസ് രോഗികള്‍ക്കായി യുപിയില്‍ ഏഴ് ലക്ഷം ക്വാറന്റൈന് കിടക്കകളുണ്ട്. ഇത് രണ്ട് ദിവസത്തിനകം പത്ത് ലക്ഷമാകും. വെല്ലുവിളികളെ മറികടക്കുകയെന്നത് ഞങ്ങളുടെ ശീലമാണ്. അതിനാല്‍ അക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ടില്ല. ഓരോ ചുവടും വെക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശമനുസരിച്ചാണ്. ടെലിഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. നോയിഡയും യുപിയും ഇപ്പോള്‍ സുരക്ഷിതമാമെന്നും യോഗി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: