കുവൈറ്റ് സിറ്റി – കൊറോണ പ്രതിരോധനടപടികളുടെ ഭാഗമായി നാട്ടില്‍ പോകാനാകാതെ പ്രതിസന്ധിയിലായ പ്രവാസികളുടെ വിവരശേഖരണമാണ് എന്പസി വെബ്സൈറ്റില്‍ തയ്യാറാക്കിയിരിക്കുന്ന പേജിലൂടെ നടത്തുന്നത്. നാട്ടിലേക്ക് മടങ്ങാനായി എന്പസി ആരംഭിച്ച ഓണ്‍ലൈന്‍ വിവരശേഖരണത്തില്‍ ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് ആദ്യമണിക്കൂറുകള്‍ക്കുള്ളില്‍ രജിസ്ട്രേഷന് നടത്തിയത്. വിദേശകാര്യ മന്ത്രാലയം നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ചാണ് ഓണ്‍ലൈന്‍ ഫോം തയ്യാറാക്കിയിരിക്കുന്നത്. ഗര്‍ഭിണികള്‍, ഗുരുതരരോഗം ബാധിച്ചവര്‍, കുടുംബാംഗത്തിന്റെ മരണം, വയോധികര്‍, ജോലിനഷ്ടപ്പെട്ടവര്‍, സന്ദര്‍ശകവിസ കാലാവധി കഴിഞ്ഞവര്‍ തുടങ്ങിയ വിവരങ്ങളാണ് indembkwt.com/eva/ എന്ന ലിങ്കില്‍ രേഖപ്പെടുത്തേണ്ടത്. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍, പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവര്‍, ഗുരുതര രോഗബാധിതര്‍ എന്നിങ്ങനെയാകും മുന്‍ഗണനാ ക്രമീകരണം.
ഇതൊരു വിവര ശേഖരണം മാത്രം ആണെന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വിസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇന്ത്യാ ഗവണ്മെന്റ് തീരുമാനമെടുക്കുന്നതനുസരിച്ച് എംബസി പ്രഖ്യാപിക്കുമെന്നും എന്പസി അറിയിച്ചു.
നാട്ടിലേക്ക് പോകുന്നതിനായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഇനി എന്പസി വൈബ്സൈറ്റിലും രജിസ്റ്റര്ചെയ്യേണ്ടിവരും. വിമാനസര്‍വ്വീസിന് അനുമതി ലഭിക്കുന്ന മുറക്ക് വിവിധ ഘട്ടങ്ങളിലായിട്ടാകും പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കം സാദ്ധ്യമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: