ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പ്രതിരോധിക്കാനായി രാപ്പകല്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ പ്രൗഢഗംഭീര ചടങ്ങുകളുമായി ഇന്ത്യന്‍ സൈനിക വിഭാഗങ്ങള്‍. കര-നാവിക-വ്യോമ സേനകള്‍ ഒരുമിച്ചായിരിക്കും ആദരിക്കല്‍ ചടങ്ങുകള്‍ നടത്തുക. സൈനിക വിമാനങ്ങള്‍ ആകാശപ്പരേഡ് നടത്തിയും ആശുപത്രികള്‍ക്ക് മുകളില്‍ പൂക്കള്‍ വിതറിയും കപ്പലുകളില്‍ ലൈറ്റ് തെളിയിച്ചും രാജ്യത്തെ കോവിഡ് പോരാളികളെ സൈന്യം ആദരിക്കുക.
മേയ് മൂന്നിനാണ് ഈ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുകയെന്ന് സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സിഡിഎസ്) ബിപിന്‍ റാവത്ത് വ്യക്തമാക്കി. ജമ്മുകശ്മീര്‍ മുതല്‍ തിരുവനന്തപുരം വരെയും ബംഗാള്‍ മുതല്‍ ഗുജറാത്തുവരെയുമായിരിക്കും സെനിക വിമാനങ്ങള്‍ ആകാശപ്പരേഡ് നടത്തുക. ഗതാഗത, യുദ്ധ വിമാനങ്ങള്‍ ഇതില്‍ പങ്കെടുക്കും. മൂന്നു സൈനിക വിഭാഗത്തിന്റെയും ഹെലികോപ്ടറുകള്‍ ആശുപത്രികള്‍ക്ക് മുകളില്‍ പൂക്കള്‍ വിതറും. കൊറോണ ചികിത്സ നടത്തുന്ന ആശുപത്രികള്‍ക്ക് സമീപം ആര്‍മി ബാന്‍ഡ് പ്രകടനം നടത്തുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു
സായുധ സേനയെ പ്രതിനിധീകരിച്ച് എല്ലാ കോവിഡ് 19 പോരാളികള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചിത്വ തൊഴിലാളികള്‍, ഗാര്‍ഡുകള്‍, ഭക്ഷണവിതരണക്കാര്‍, മാധ്യമങ്ങള്‍ എന്നിവര്‍ പ്രയാസകരമായ ഘട്ടത്തില്‍ ജീവിതം എങ്ങനെ മുന്നോട്ട്ക്കൊണ്ടു പോകാമെന്ന സന്ദേശം കാണിച്ച് തന്നു. ഇവര്‍ക്കാദരവര്‍പ്പിച്ചുക്കൊണ്ട് ചില പ്രത്യേക കാഴ്ചകള്‍ രാജ്യം സാക്ഷ്യം വഹിക്കുമെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി. കൊറോണവൈറസ് ലോകമാകെ പടര്‍ന്ന സാഹചര്യത്തിലാണ് മൂന്നു സൈനിക മേധാവികളും സംയുക്ത സൈനിക മേധാവിയും ചേര്‍ന്ന് ആദ്യമായി മാധ്യമങ്ങളെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: