ന്യൂദല്‍ഹി: അടച്ചിടല്‍ മൂലം വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍,തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍ മറ്റ് ആളുകള്‍ എന്നിവരെ മാറ്റുന്നതിനായി റെയില്‍വേ ‘ശ്രമിക്ക് ‘പ്രത്യേക ടെയിന്‍ ആരംഭിച്ചു.ബന്ധപ്പെട്ട ഇരു സംസ്ഥാന ഗവണ്മെന്റുകളുടെ അഭ്യര്‍ത്ഥന പ്രകാരം പ്രത്യേക ട്രെയിനുകള്‍ ‘പോയിന്റ് ടു പോയിന്റ് ‘ സര്‍വീസാണ് നടത്തുക. കേരളത്തില്‍ നിന്നുള്ള ആദ്യ ട്രയിന്‍ ആലുവയില്‍ നിന്ന് ഒറീസയിലേക്ക് വൈകുന്നേരം പുറപ്പെട്ടു
ഈ ട്രെയിനുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ഏകോപനത്തിനുമായി സംസ്ഥാന ഗവണ്മെന്റുകളും റെയില്‍വേയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കണം.
സംസ്ഥാനങ്ങള്‍ യാത്രക്കാരെ ശരിയായി പരിശോധിക്കുകയും രോഗലക്ഷണമില്ലാത്തവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കാവൂ. അയക്കുന്ന സംസ്ഥനങ്ങള്‍ ആളുകളെ കയറ്റേണ്ട റെയില്‍വേ സ്റ്റേഷനുകളിലേക്ക് സാമൂഹികാകല മാനദണ്ഡങ്ങളും മറ്റ് മുന്‍കരുതലുകളും പാലിച്ചുകൊണ്ട് സാനിറ്റൈസ് ചെയ്ത ബസ്സുകളില്‍ ബാച്ചുകളായി വേണം എത്തിക്കാന്‍. എല്ലാ യാത്രക്കാരും മുഖാവരണം ധരിക്കുകയെന്നത് നിര്‍ബന്ധമാണ്. യാത്ര ആരംഭിക്കുന്ന സ്റ്റേഷനില്‍ അയക്കുന്ന സംസ്ഥാനം യാത്രക്കാര്‍ക്ക് വേണ്ട ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കണം.
യാത്രക്കാരുടെ സഹകരണത്തോടെ സാമൂഹികാകല മാനദണ്ഡങ്ങളും ശുചിത്വവും ഉറപ്പാക്കുന്നതിന് റെയില്‍വേ പരിശ്രമിക്കും. ദീര്‍ഘദൂര റൂട്ടുകളില്‍ യാത്രയിലുടനീളം വഴിനീളെ ഭക്ഷണം റെയില്‍വേ ലഭ്യമാക്കും.
ലക്ഷ്യസ്ഥാനത്ത് എത്തുന്ന യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെന്റ് നടത്തും. അവരുടെ പരിശോധനയ്ക്കും ആവശ്യമായി വന്നാല്‍ സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തുന്നതിനും റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള യാത്രയ്ക്കും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അവര്‍ ഏര്‍പ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: