Categories: Kerala

ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല ; ചികിത്സയിലുള്ളത് 102 ; 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

സംസ്ഥാനത്ത് 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലുമാണ്.

Published by

തിരുവനന്തപുരം: സംസ്ഥാനത്ത്  ഇന്ന് ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഒന്‍പതു പേര്‍ രോഗമുക്തരായി.   കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാല് പേര്‍ വീതവും എറണാകുളത്ത് ഒരാളുമാണ് രോഗമുക്തി നേടിയത്. ഇതോടെ 392 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലുമാണ്. 106 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്‌ക്ക് അയച്ചു. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങിയ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 1862 സാമ്പിളുകള്‍ ശേഖരിച്ചതില്‍ ഫലം ലഭിച്ച 999 സാമ്പിളുകള്‍ നെഗറ്റീവാണ്. സമൂഹത്തില്‍ കോവിഡ് പരിശോധന ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 3128 സാമ്പിളുകള്‍ പരിശോധനയ്‌ക്കയച്ചു. ഇതില്‍ 3089 എണ്ണം നെഗറ്റീവ് ആണ്. ഇതില്‍ പോസിറ്റീവായ 4 ഫലങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പുന:പരിശോധനയ്‌ക്കായി നിര്‍ദേശിച്ച 14 സാമ്പിളുകള്‍ ലാബുകളില്‍ പരിശോധിച്ച് വരികയാണ്. ലാബുകള്‍ തിരസ്‌കരിച്ച 21 സാമ്പിളുകളും പുന:പരിശോധനയ്‌ക്കായി നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പുതിയതായി 10 ഹോട്ട് സ്‌പോട്ടുകള്‍ കൂടിയായി. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ, മലപ്പുറം ജില്ലയിലെ മാറഞ്ചേരി, തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, പാറശാല, അതിയന്നൂര്‍, കാരോട്, വെള്ളറട, അമ്പൂരി, ബാലരാമപുരം, കുന്നത്തുകാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 80 ആയി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: keralacovid