തിരുവനന്തപുരം: സാലറി കട്ട് ഓര്‍ഡിനന്‍സിനെതിരെ ഭരണപക്ഷ യൂണിയനിലും അമര്‍ഷം പുകയുന്നു. പുതിയ ഉത്തരവ് പ്രകാരം മാനം കറുത്താലും ജീവനക്കാരില്‍ നിന്നും പണം പിടിക്കാമെന്നാണ് യൂണിയന് നേതാക്കള്‍ ഓര്‍ഡിനന്‍സിനെക്കുറിച്ച് പ്രതികരിച്ചത്. ദുരന്തനിവാരണ നിയമത്തിന്റ അടിസ്ഥാനത്തിലാണ് ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. ഇതു പ്രകാരം സംസ്ഥാനത്ത് എവിടെ ദുരന്തമുണ്ടായാലും പകര്‍ച്ച വ്യാധിയുണ്ടായാലും സര്‍ക്കാരു ശമ്പളം പിടിക്കാം. അതിനാല്‍ സര്‍ക്കാര്‍ ശമ്പളം എന്നത് ഇനി സുരക്ഷിതമല്ലെന്ന് ഭരണപക്ഷ സംഘടനകള്‍ വരെ സമ്മതിക്കുന്നു. ഇതിനെതിരെ ഭരണപക്ഷ യൂണിയന് നേതാക്കള്‍ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കാത്തതിനാല്‍ സംഘടനയ്ക്കുള്ളില്‍ അമര്‍ഷം പുകഞ്ഞു തുടങ്ങി.
സെക്രട്ടേറിയറ്റിലെ ഭരണപക്ഷ സംഘടനായ എംപ്ലോയീസ് അസോസിയേഷനിലെ അംഗങ്ങള്‍ യൂണിയന് നേതാക്കള്‍ക്കെതിരെ പ്രതിഷേധത്തിലാണ്. കഴിഞ്ഞ സാലറി കട്ടില് രണ്ട് ഗ്രൂപ്പായി നിന്ന് സംഘടന നേതാക്കള്‍ പോരടിച്ച് നോട്ടീസും ഇറക്കിയിരുന്നു. സിപിഐ സംഘനടയായ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷനും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട തങ്ങളുടെ സേവനം അധ്യാപകരുടെ ജോലിയുമായി ബന്ധപ്പെടുത്തരുത് എന്നാണ് നേതാക്കള്‍ പറയുന്നത്. ഡ്യൂട്ടി സമയം കഴിഞ്ഞും ഇപ്പോള്‍ പണിയെടുക്കുന്നുണ്ട്. അതിനാല്‍ ശമ്പളത്തില്‍ നിന്നും നിര്‍ബന്ധമായും പണം പിരിക്കാന്‍ പാടില്ല. ഇത്തരത്തില്‍ ഒരു നിയമം ഇറക്കിയതിനെതിരെ റവന്യൂ മന്ത്രിയോട് പരാതിപ്പടുമെന്നും അറിയിച്ചിട്ടുണ്ട്.
എന്‍ജിഒ യൂണിയനാണ് കടുത്ത പ്രതിരോധത്തിലായിരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് നടപ്പിലാക്കിയ സാലറി ചലഞ്ച് സുപ്രീം കോടതി റദ്ദാക്കിയതോടെ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടാതിരിക്കാന്‍ ഭീഷണിപ്പെടുത്തി പണം പിരിച്ച് സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് അടുത്ത സാലറി കട്ട്. സര്‍ക്കാരിന്റെ നീക്കം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന് എന്‍ജിഒ യൂണിയനിലെ നേതാക്കള്‍ പറയുന്നു.
പോലീസും ആരോഗ്യവിഭാഗം ജീവനക്കാരും സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്. പോലീസുകാരുടെ സംഘടന ഇതിനകം പരാതി നല്‍കിക്കഴിഞ്ഞു. ജന ജീവിതം സാധാരണ രീതിയിലായിക്കഴിഞ്ഞാല്‍ സര്‍ക്കാരിനെതിരെ യൂണിയന് വക ഭേദമില്ലാതെ രംഗത്തിറങ്ങാനാണ് നീക്കം.
സാലറി കട്ട് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടു
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചു വയ്ക്കുന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പു വച്ചു. കേരള ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി സ്പെഷ്യല്‍ പ്രൊവിഷന്‍ എന്നാണ് ഓര്‍ഡിനന്‍സിനു നല്‍കിയിരിക്കുന്ന പേര്. ഇതോടെ ജീവനക്കാരുടെ ശമ്പളത്തിന്റെ ഇരുപത്തഞ്ച് ശതമാനം സര്‍ക്കാരിനു പിടിച്ചു വയ്ക്കാം.
കിരാത നിയമമെന്ന് ജീവനക്കാര്‍
സംസ്ഥാനത്ത് എവിടെ ദുരന്തമുണ്ടായാലും ശമ്പളത്തില്‍ നിന്നും പണം പിടിക്കാം എന്നത് കിരാത നിയമമെന്ന് ജീവനക്കാര്‍ പറയുന്നു. ഇനി വരുന്ന സര്‍ക്കാരുകളും ഈ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശികയില്ലാതെ ക്ഷാമ ബത്ത നല്കി. എന്നിട്ടും ദുരിതാശ്വാസത്തിലേക്ക് ഇഷ്ടമുണ്ടെങ്കില്‍ തുക നല്കിയാല് മതിയെന്നാണ് അറിയിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷത്തെ ക്ഷാമബത്തപോലും നല്‍കാതെയാണ് ശമ്പളം പിടിക്കുന്നതെന്നും ജീവനക്കാര്‍ ആരോപിക്കുന്നു.
ശമ്പളം നാലിന് നല്‍കും
ജിവനക്കാരുടെ ശമ്പളം മെയ് 4ന് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പിടിച്ചു വയ്ക്കുന്ന ശമ്പളം സര്‍ക്കാരിന് നല്ലകാലം വരുമ്പോള്‍ തിരികെ നല്‍കും. അല്ലെങ്കില്‍ പിഎഫില്‍ ലയിപ്പിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: