പത്തനംതിട്ട: കൊറോണ ഭീതിക്കിടെ ഡെങ്കി, എലിപ്പനി രോഗങ്ങളും ജില്ലയിൽ വ്യാപകമാകുന്നത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ ജനുവരിക്കുശേഷം 84 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. വേനൽമഴ ആരംഭിച്ചതോടെ രോഗവ്യാപന തോത് കൂടി. 14 ഡെങ്കിപ്പനി കേസുകളാണ് മൂന്നാഴ്ചയ്ക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ടു ചെയ്തത്.
വെച്ചൂച്ചിറ, നാറാണംമൂഴി, കുറ്റൂർ ഗ്രാമ പഞ്ചായത്തുകളിലാണ് ഡെങ്കി കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. കൊതുക് പരത്തുന്ന രോഗം കൂടുതലായി തോട്ടം മേഖലകളിലാണ് കണ്ടുവരുന്നത്. ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. ഇത്തവണ കൊതുകുകളുടെ വ്യാപനവും കൂടുതലായിട്ടുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. തദ്ദേശസ്ഥാപനങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധതിരിച്ചതോടെ കൊതുക് ശല്യം ഒഴിവാക്കാനുള്ള ഫോഗങ് അടക്കമുള്ള ജോലികൾ നടന്നിട്ടില്ല.
മഴക്കാല പൂർവ ശുചീകരണവും കാര്യക്ഷമമായി നടന്നിട്ടില്ല. ജനുവരി മുതൽ 45 പേരിലാണ് എലിപ്പനി കണ്ടെത്തിയത്. പത്തനംതിട്ട മുനിസിപ്പാലിറ്റി, ഇലന്തൂർ, വെച്ചൂച്ചിറ, ആറന്മുള ഗ്രാമപഞ്ചായത്തുകളിലാണ് എലിപ്പനി കൂടുതലായി കണ്ടത്. ആറന്മുളയിലെ വല്ലനയിലാണ് എലിപ്പനി കണ്ടെത്തിയത്. ഡെങ്കി, എലിപ്പനി രോഗങ്ങൾ വ്യാപകമാകാതിരിക്കുന്നതിലേക്ക് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: