തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തില്‍ പഠനത്തോടുകൂടി മാത്രമേ നിയന്ത്രണങ്ങളിലെ ഇളവുകളും സോണുകള്‍ നിശ്ചയിക്കുന്നതും പാടുള്ളൂ വെന്ന് ന്യൂറോ സര്‍ജന്‍ പദ്മശ്രീ ഡാ. എ. മാര്‍ത്താണ്ഡപിള്ള. ചെറിയ അശ്രദ്ധപോലും രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
പിടിതരാത്ത ‘വൈറസ്’
കൊറോണ വൈറസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമല്ല. വ്യാപന രീതി, ഇന്‍ക്യുബേഷന്‍ കാലാവധി, ലക്ഷണങ്ങള്‍ എല്ലാം മാറിക്കൊണ്ടിരിക്കുന്നു. ‘സ്പാനിഷ് ഫഌ’ വൈറസിനെ അടിസ്ഥാനമാക്കിയാണ് കൊറോണയെയും പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിനപ്പുറമാണ് ഈ വൈറസ്. വിദേശത്ത് നിന്നെത്തി 28 ദിവസം കഴിഞ്ഞവര്‍ക്ക് ഇപ്പോഴും രോഗം സ്ഥിരീകരിക്കുന്നു. നെഗറ്റീവായവര്‍ വീണ്ടും പോസറ്റീവ് ആകുന്നു. അമേരിക്കയില്‍ വൈറസ് ബാധിച്ച യുവാക്കളില്‍ പക്ഷാഘാതം കൂടുതല്‍ ഉണ്ടാകുന്നു. ഇത് വ്യക്തമാക്കുന്നത് വൈറസിന്റെ പ്രവര്‍ത്തനരീതി ചിന്തയ്‌ക്കും അപ്പുറമാണെന്നാണ്.
പ്രതിരോധത്തോടൊപ്പം ഗവേഷണവും വേണം
കൊറോണയെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് സാമൂഹിക അകലം. അതിന് ഫലപ്രദമായ മാര്‍ഗം ലോക്ഡൗണ്‍ തന്നെയാണ്. അതിനൊപ്പം ഗവേഷണങ്ങളും നടക്കണം. സാധാരണ യുവാക്കളില്‍ വൈറസിനെ പ്രതിരോധിക്കുന്ന ആന്റിബോഡി കൂടുതലും പ്രായമായവരില്‍ കുറവുമാണ്. എന്നാല്‍ വൈറസ് ബാധിച്ച യുവാക്കളില്‍ ആന്റി ബോഡികുറവാണ്. ഈ ആന്റിബോഡിയാണോ വൈറസിനെ പ്രതിരോധിച്ചത് എന്നതില്‍ ഉറപ്പില്ല. ഇങ്ങനെ ഉള്ളവയില്‍ എല്ലാം ഗവേഷണവും നടക്കണം. നിപ വൈറസ് വ്യാപിച്ചപ്പോള്‍ നമുക്ക് ഗവേഷണം നടത്താന്‍ കഴിഞ്ഞില്ല. ഈ സമയത്തെങ്കിലും നമുക്ക് അതിന് കഴിഞ്ഞാല്‍ ഇനിയൊരു മഹാമാരിയെ നിഷ്പ്രയാസം തടയാനാകും.
നമ്മള്‍ രോഗവ്യാപനത്തിന്റെ രണ്ടാമത്തെ ഉന്നതിയില്‍
സാംക്രമിക രോഗങ്ങളുടെ വ്യാപനത്തില്‍ മൂന്ന് തവണ വര്‍ധനവ് ഉണ്ടാകും. മൂന്നാമത്തെ വര്‍ധനവിന് ശേഷമാകും രോഗവ്യാപനം കുറയുക. നമ്മള്‍ ഇപ്പോള്‍ രണ്ടാമത്തെ വര്‍ധനവിലാണ്. ഈഘട്ടത്തില്‍ ശാസ്ത്രീയമല്ലാത്ത ഇളവുകള്‍ വലിയ അപകടം വരുത്തിവയ്‌ക്കും. ഹോട്ട്‌സ്‌പോട്ടുകള്‍ നിശ്ചയിക്കുന്നതിലും അതില്‍ ഇളവുകള്‍ വരുത്തുന്നതിലെയും മാനദണ്ഡങ്ങള്‍ പുനക്രമീകരിക്കണം. അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ഇതരസംസ്ഥാനത്ത് നിന്ന് എത്തുന്നവരെ കൃത്യമായി നിരീക്ഷിക്കണം. അതിലെ വീഴ്ചയാണ് കോട്ടയം, ഇടുക്കി ജില്ലകള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രവാസികളെ സര്‍ക്കാര്‍ സംവിധാനത്തില്‍ത്തന്നെ നിരീക്ഷിക്കണം.
പ്രവാസികളെ നാട്ടിലെത്തിക്കുമ്പോള്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ തന്നെ നിര്‍ബന്ധമായും നിരീക്ഷിക്കണം. ഘട്ടം ഘട്ടമായി മാത്രമേ അവരെ നാട്ടിലെത്തിക്കാവൂ. നിരീക്ഷണം 28 ദിവസം മതിയോ എന്നതിനെ കുറിച്ചും ആലോചിക്കണം. ഇവിടെ എത്തുന്നവരുടെ സാമ്പിളുകള്‍ നിരവധി തവണ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കണം. അക്കാര്യത്തില്‍ വിട്ടുവീഴ്ചയോ ചെലവ് നോക്കാനോ പാടില്ല. അതിന് ശേഷമേ വീടുകളിലേക്ക് അയയ്‌ക്കാവൂ. രോഗലക്ഷണം ഇല്ലെന്ന് കരുതി വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നതിന്റെ തിക്തഫലം നമ്മള്‍ കണ്ടതാണ്. ഇതരസംസ്ഥാനത്ത് നിന്നുവരുന്നവരെയും ഇത്തരത്തില്‍ നിരീക്ഷിക്കണം.
ഉള്‍ക്കൊള്ളണം കൊറോണയുടെ നല്ലവശം
കൊറോണയെന്ന മാഹാമാരിയെ മാറ്റി നിര്‍ത്തിയാല്‍ സാമൂഹികമായി ഉണ്ടായ നല്ലവശങ്ങളെ നമ്മള്‍ പിന്തുടരണം. 20 വര്‍ഷത്തിനുശേഷം മലിനീകരണം കുറഞ്ഞു. ജങ്ക് ഫുഡുകള്‍ ഒഴിവാക്കി വീട്ടിലെ ആഹാരം ശീലിച്ചു. കൃഷി ശീലമാക്കി. വീടുകളിലിരുന്നും ഓഫീസ് പ്രവര്‍ത്തിപ്പിക്കാമെന്ന് തെളിഞ്ഞു. എല്ലാ പഠനത്തിനും ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ സാധ്യത കണ്ടെത്തി അധ്യയന ദിവസങ്ങള്‍ കുറയ്‌ക്കാം. മാസ്‌ക് ഉപയോഗിക്കുന്നതും കൈകകള്‍ ഇടയ്‌ക്കിടെ കഴുകുന്നതും ജീവിതശൈലിയുടെ ഭാഗമാക്കാം. ഇത് പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കും.
സ്വകാര്യ ആരോഗ്യമേഖലയെ സര്‍ക്കാരും സഹായിക്കണം
പേടികൊണ്ടാണ് രോഗമുള്ളവര്‍ ആശുപത്രികളിലേക്ക് എത്താത്തത്. അതുകൊണ്ട് രോഗം കുറഞ്ഞു എന്ന് പറയാനാകില്ല. അതേസമയം ജീവിതശൈലീ രോഗങ്ങളിലും മലിനീകരണം കൊണ്ടുള്ള രോഗങ്ങളിലും കുറവ് വരാം. എന്നാലും ആദ്യം മെച്ചപ്പെടുക സ്വകാര്യ ആരോഗ്യമേഖല തന്നെയാകും. ബാങ്ക് വായ്പ അടക്കമുള്ളവയില്‍ സര്‍ക്കാര്‍ സഹായമില്ലാതെ സ്വകാര്യ ആശുപത്രികള്‍ക്ക് മുന്നോട്ടുപോകാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: