കൊച്ചി: തമിഴ്നാട്ടില്‍ നിന്ന് വിദഗ്ധ ചികിത്സ തേടി കേരളത്തിലെത്തി പതിനഞ്ചു ദിനങ്ങള്‍ക്ക് ശേഷം പൂര്‍ണ ആരോഗ്യത്തോടെ ഫസ്രിന്‍ ഫാത്തിമ അമ്മയുടെ കരങ്ങളിലേക്ക്. വിഷു ദിനത്തില്‍ നാഗര്‍കോവിലിലെ ജയഹരണ്‍ ആശുപത്രിയില്‍ ജനിച്ച കുഞ്ഞ് എറണാകുളം ലിസി ആശുപത്രിയിലെ വിജയകരമായ ശസ്ത്രക്രിയക്കു ശേഷം ഇന്നലെ തിരികെ അമ്മയുടെ അടുത്തെത്തി. ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തി തിരുവനന്തപുരം, കളിയിക്കാവിളയില്‍ വച്ചു, സംസ്ഥാന അതിര്‍ത്തി കടക്കാതെയാണ് ലിസി ആശുപത്രിയിലെ നഴ്സ് റീത്താ ഗീതുവിന്റെ കൈയില്‍ നിന്ന് സോഫിയ കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
ഏപ്രില്‍ 14ന്, വിഷുദിനത്തിലാണ് സോഫിയ തന്റെ രണ്ടാമത്തെ കുഞ്ഞിന് സിസേറിയനിലൂടെ ജന്മം നല്‍കിയത്. ജനിച്ച ഉടനെ കുഞ്ഞിന്റെ ശരീരത്തില്‍ നീലനിറം വ്യാപിച്ചു. ജയഹരണിലെ കാര്‍ഡിയോളജിസ്റ്റ് ഡോ വെങ്കിടേഷ് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. എഡ്വിന് ഫ്രാന്‍സിസിനെ ബന്ധപ്പെട്ടു. ലോക്ഡൗണ്‍ ആയതിനാല്‍ ലിസി ആശുപത്രി അധികൃതര്‍ യാത്രാസൗകര്യത്തിന് മുഖ്യമന്ത്രിയുടെ സഹായം തേടി. സംസ്ഥാനാന്തരയാത്ര സാധ്യമായി.
രാത്രി തന്നെ കുഞ്ഞിനെ ലിസി ആശുപത്രിയില്‍ എത്തിച്ചു. പിറ്റേന്ന് രാവിലെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. ശുദ്ധരക്തവും അശുദ്ധരക്തവും വഹിക്കുന്ന കുഴലുകള്‍ പരസ്പരം മാറിപ്പോകുന്ന ‘ട്രാന്‍സ്പൊസിഷന്‍ ഓഫ് ഗ്രേറ്റ് ആര്‍ട്ടറീസ്’ എന്ന സങ്കീര്‍ണമായ രോഗമായിരുന്നു കുഞ്ഞിന്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ ഏകദേശം ഏഴു മണിക്കൂറെടുത്തു. കുട്ടികളുടെ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. ജി.എസ്. സുനില്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കി.
ഇന്നലെ ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ചു ഹൃദ്യമായ യാത്രയയപ്പാണ് കുഞ്ഞിന് നല്‍കിയത്. എല്ലാവരുടെയും സാന്നിധ്യത്തില്‍ കുഞ്ഞിന്റെ അച്ഛന് മുഹമ്മദ് ഫൈസല്‍ ‘ഫസ്രിന്‍ ഫാത്തിമ’ എന്ന് കുഞ്ഞിന് പേരിടുകയും ചെയ്തു. ‘ദൈവത്തിന്റെ സമ്മാനം’ എന്നാണ് ഫസ്രിന്‍ എന്ന അറബി വാക്കിന്റെ അര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: