തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് നിര്‍ബന്ധമാക്കിയെങ്കിലും ഉത്തരവ് പാലിക്കാതെ മാതൃകയാകേണ്ട മന്ത്രിമാര്‍. കൊറോണ പ്രതിരോധത്തിന്റെ രണ്ടാം ഘട്ടമായാണ് മാസ്ക് നിര്‍ബന്ധമാക്കിയത്. എല്ലാവരും മാസ്ക് കൃത്യമായി ധരിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നത്. ഇതിനായുള്ള ഒരു വീഡിയോയും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍, ദിനംപ്രതി നൂറുകണക്കിന് ആള്‍ക്കാരുമായി ഇടപെഴകുന്ന കേരളത്തിലെ മന്ത്രിമാര്‍ മാസ്ക് കൃത്യമായി ധരിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന ചിത്രങ്ങളില്‍ വ്യക്തമാകുന്നത്. വ്യവസായ-സ്പോര്‍ട്സ് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി ഇപി ജയരാജന് മുഖത്തിന് പകരം മാസ്ക് തലയില്‍ കെട്ടിയാണ് പുറത്തിറങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇതിനെതിരെ വ്യാപക ട്രോളും സമൂഹമാധ്യമങ്ങളില്‍ പിറന്നിട്ടുണ്ട്.
മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ വ്യക്തമാക്കിയിരുന്നു. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ് ചെയ്യും. 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. വീടുകളില്‍ നിര്‍മിച്ച തുണികൊണ്ടുളള മാസ്ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണെന്നും അദേഹം അറിയിച്ചിരുന്നു. അതിനിടയിലാണ് മാസ്ക് തലയില്‍ കെട്ടി സംസ്ഥാന മന്ത്രി തന്നെ ഉത്തരവ് ലംഘിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: