സോള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നതിനിടെ കിമ്മിന്റെ ഉല്ലാസ നൗകകള്‍ അദ്ദേഹത്തിന്റെ കടലോര റിസോര്‍ട്ടിനടുത്ത് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഹൃദയശസ്ത്രക്രിയയ്‌ക്കു ശേഷം കിമ്മിന്റെ ആരോഗ്യം മോശമായെന്ന റിപ്പോര്‍ട്ടിനിടെയാണ് വൊന്‍സാനില്‍ ആഡംബര നൗകകളുടെ ചിത്രങ്ങള്‍ ഉപഗ്രഹ ക്യാമറ ഒപ്പിയെടുത്തത്.
രാജ്യത്തെങ്ങുമായി കിമ്മിന് 13 വസതികളാണ് ഉള്ളത്. അതില്‍ ഏറ്റവും പ്രിയപ്പെട്ടതാണ് വോള്‍സാനിലെ കടലോര റിസോര്‍ട്ടെന്ന് രാജ്യാന്തര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡ് കാരണമാണ് കിം മാറി നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഉത്തര കൊറിയയില്‍ ഇതുവരെ ഒരാള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
ഏപ്രില്‍ 15ന് നടന്ന മുത്തച്ഛന്റെ ജന്മദിന വാര്‍ഷികാഘോഷത്തില്‍നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് അസുഖബാധിതനാണെന്നും മരിച്ചെന്നുമുള്ള വാര്‍ത്തകള്‍ പരന്നത്. നേരത്തെ തന്നെ വോള്‍സാന്‍ മേഖലയിലെ സ്റ്റേഷനില്‍ കിം ഉപയോഗിക്കുന്ന ട്രെയിന്‍ നിറുത്തിയിട്ടിരിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ യു.എസ് നിരീക്ഷ സംഘമായ 38 നോര്‍ത്ത് പുറത്ത് വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: