സഹോദരീ സഹോദരന്മാരെ, ഞാന്‍ ഇര്ഫാന്. ഇന്ന് നിങ്ങള്ക്കൊപ്പമുണ്ടെങ്കിലും നിങ്ങള്‍ക്കടുത്തില്ല. ഒടുവിലഭിനയിച്ച ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമാകാന്‍ ഏറെ ആഗ്രഹിച്ചു. എന്നാല്‍, ശരീരത്തിനുള്ളില്‍ കടന്നു വന്ന അനാവശ്യ അതിഥിയുമായി തുടര്‍ച്ചയായ ചര്‍ച്ചയിലാണ്. എങ്ങനെ അവസാനിക്കുമെന്ന് നോക്കാം. എനിക്കു വേണ്ടി കാത്തിരിക്കൂ…
രണ്ട് മാസം മുന്‍പ് പുറത്തിറങ്ങിയ അംഗ്രേസി മീഡിയം എന്ന അവസാന ചിത്രത്തിന്റെ പ്രമോഷന് എത്താനാകാതെ പ്രേക്ഷകര്‍ക്ക് വേണ്ടി ഇര്ഫാന് റെക്കോഡ് ചെയ്ത ശബ്ദരേഖയിലെ വാക്കുകളാണിത്. എന്നാല്‍, ഇഷ്ട നടന് മടങ്ങി വരുമെന്ന് കരുതി കാത്തിരുന്ന പ്രേക്ഷകരുടെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് അദ്ദേഹം ഇന്നലെ യാത്രയായി, എന്നന്നേക്കുമായി.
ബോളിവുഡ് സിനിമകളില്‍ സാധാരണക്കാരന്റെ ജീവിതം വരച്ചു കാട്ടിയ നടന്, അന്താരാഷ്ട്ര സിനിമയിലെ സ്ഥിരം ഇന്ത്യന്‍ മുഖം, ആഴമേറിയ കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ നടന്. വിശേഷണങ്ങളേറെയാണ് ഇര്ഫാന് ഖാനെന്ന പ്രതിഭയ്ക്ക്. ഗ്ലാമറിലേക്ക് മാത്രമായി ബോളിവുഡ് ഒതുങ്ങിയ കാലത്ത് കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും പ്രാധാ ന്യമുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ധൈര്യം കാട്ടി ഒരുപിടി നല്ല ചിത്രങ്ങള്‍ പ്രേക്ഷകനു സമ്മാനിച്ച നടനായിരുന്നു ഇര്ഫാന്.
നാല് ഓസ്കര് പുരസ്കാരങ്ങളടക്കമുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയ ലൈഫ് ഓഫ് പൈ, സ്ലംഡോഗ് മില്യനേര്‍, അമേസിങ് സ്പൈഡര്മാന്, ജുറാസിക് വേള്‍ഡ്്, ഇന്‍ഫെര്‍ണോ, തുടങ്ങി നിരവധി ഹോളിവുഡ് ചിത്രങ്ങളിലും ഇര്ഫാന് പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന് നല്കി.
പാന്‍സിങ് തോമറും, മഖ്ബൂലും, ഹൈദറിലെ രൂഹ്ദാറും, ലൈഫ് ഇന്‍ എ മെട്രോയിലെ മോണ്ടിയും ലഞ്ച്ബോക്സിലെ സാജന് ഫെര്‍ണാണ്ടസും പീകുവിലെ റാണാ ചൗധരിയുമെല്ലാം ഇര്ഫാന് അനശ്വരമാക്കിയ ഒരുപിടി നല്ല കഥാപാത്രങ്ങളാണ്.
ഷേക്സ്പിയറിന്റെ മാക്ബത്തും ഹാംലെറ്റും വിശാല്‍ ഭരദ്വാജ് എന്ന വിഖ്യാത സംവിധായകന് ചലച്ചിത്രമാക്കിയപ്പോള്‍ പ്രധാന വേഷങ്ങളില്‍ ഇര്‍ഫാനുമുണ്ടായിരുന്നു. 2003ല്‍ മാക്ബത്ത് അടിസ്ഥാനമാക്കി നിര്‍മിച്ച മഖ്ബൂല്‍ എന്ന ചിത്രത്തില്‍ ഇര്ഫാന് കേന്ദ്രകഥാപാത്രമായി തിളങ്ങി. 2014ല്‍ ഹാംലെറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച ഹൈദറില്‍ രൂഹ്ദാര് എന്ന കഥാപാത്രത്തെ അനശ്വരമാക്കി.
തബു, കൊങ്കണ സെന്‍, മലയാളിയായ പാര്‍വതി തിരുവോത്ത് തുടങ്ങിയ നായികമാര്‍ക്കൊപ്പം തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള അഭിനയത്തിലൂടെ ഉള്ളില്‍ തൊടുന്ന പ്രണയ ചിത്രങ്ങള്‍ സമ്മാനിച്ച അദ്ദേഹം, സീരിയസ് വേഷങ്ങള്‍ മാത്രമല്ല തനിക്കിണങ്ങുക എന്ന് തെളിയിച്ചു.
മലയാളി താരം പാര്‍വതി തിരുവോത്തിന്റെ അരങ്ങേറ്റ ഹിന്ദി ചിത്രം ഖരീബ് ഖരീബ് സിങ്കിളില്‍ നായകനായും ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ഹിന്ദി ചിത്രം കാര്‍വാനില്‍ പ്രധാന വേഷത്തിലും ഇര്ഫാന് എത്തിയിരുന്നു. ഇരുവരും തന്റെ സഹപ്രവര്‍ത്തകന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. കഥപറയുമ്പോള്‍ എന്ന മലയാള സിനിമയുടെ ഹിന്ദി പതിപ്പായ ബില്ലുവില്‍ ബാര്‍ബര്‍ ബില്ലുവായി തിളങ്ങിയ ഇര്ഫാന് അന്ന് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇന്ന് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ലൈഫ് ഓഫ് പൈയില്‍ ഇര്ഫാന് പറഞ്ഞ ഒരു സംഭാഷണം ആരാധകരുടെ മനസ്സില്‍ തളം കെട്ടുകയാണ്. ജീവിതം അവസാനിക്കാറാകുമ്പോള്‍ നാം എല്ലാം വിട്ടുകളയും. എന്നാല്‍, വിടപറയാന്‍ ഒരവസരം ലഭിക്കാതെ വരുന്നതാണ് ഏറ്റവും വേദനാജനകം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: