മുക്കം: ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതബില്ലില്‍ വന്വര്ദ്ധനയെന്നാക്ഷേപം. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പലര്‍ക്കും രണ്ടും മൂന്നും ഇരട്ടിയിലധികമാണ് ബില്ല് വന്നത്. നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി കെഎസ്ഇബിയെ സമീപിച്ചത്. വൈകി റീഡിംഗ് നടത്തിയതിനാലാണ് ബില്‍ തുക വന്‍തോതില്‍ വര്‍ദ്ധിച്ചതെന്നും ലോക്ഡൗണ്‍ കാലത്ത് ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുന്നതെന്നും ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. കഴിഞ്ഞ തവണ 1800 രൂപ ബില്ലടച്ച മണാശേരി സ്വദേശി മാടാരിപറമ്പില് മാധവന് ബില്ല് വന്നത് 6243 രൂപയാണ്. ഇങ്ങനെ നിരവധി പേര്‍ക്ക് മൂന്നും നാലും ഇരട്ടിയിലധികം ബില്‍ വന്നതായും പരാതിയുണ്ട്. സാധാരണ രണ്ടുമാസത്തിലൊരിക്കലാണ് ഗാര്‍ഹിക ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിംഗ് നടക്കുന്നത്. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വീടുകളിലെത്തി റീഡിംഗ് രേഖപ്പെടുത്തുന്നത് കെഎസ്ഇബി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പകരം കഴിഞ്ഞ മൂന്നുമാസത്തെ വൈദ്യുതി ബില്ലിന്റെ ശരാശരി കണക്കാക്കി ബില്ലിടുകയാണ് ചെയ്തത്. ഈമാസം 22 മുതല്‍ റീഡിംഗ് വീണ്ടും പുനഃരാരംഭിച്ചു. ഇതോടെ രണ്ടുമാസത്തിലധികമുള്ള റീഡിംഗ് എടുക്കാന്‍ തുടങ്ങിയതോടെയാണ് ഉപഭോക്താക്കളുടെ ബില്ലില്‍ വന്‍വര്‍ദ്ധന വരാന്‍ തുടങ്ങിയത്.
240 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി സബ്സിഡി നല്‍കുന്നുണ്ട്. എന്നാല്‍ വൈകി റീഡിംഗ് എടുത്തതു മൂലം സാധാരണ 240 യൂണിറ്റിന് താഴെ ഉപയോഗിച്ചിരുന്ന ഉപഭോക്താക്കളുടെ ഉപഭോഗം നിശ്ചിത യൂണിറ്റിന് മുകളില്‍ പോയതാണ് വര്‍ദ്ധനവിന് കാരണമായെതന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. ലോക്ഡൗണ്‍ മൂലം ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ഉപയോഗം ഗണ്യമായി വര്‍ദ്ധിച്ചതും ബില്‍തുക കൂടാന്‍ കാരണമായതായും അധികൃതര്‍ ചൂണ്ടി കാട്ടുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടെന്നും ബില്ലില്‍ വലിയ വ്യത്യാസമുണ്ടെങ്കില്‍ അടുത്ത മാസങ്ങളില്‍ തുക കുറവ് ചെയ്ത് കൊടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നത് മൂലം കെഎസ്ഇബി നേരിടുന്ന നഷ്ടം നികത്താന്‍ ഉപഭോക്താക്കളില്‍ നിന്ന് അമിത തുക ഈടാക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: