തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് ആറ് പേര്‍ക്കും തിരുവനന്തപുരം കാസര്‍കോട് എന്നിവിടങ്ങളിലായി രണ്ട് വീതം പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗം ബാധിച്ച ആറ് പേരില്‍ അഞ്ചുപേര്‍ക്കും സമ്പര്‍ക്കംവഴിയാണ് കൊറോണ ബാധിച്ചത്. ഒരാള്‍ ആന്ധ്രയില്‍ നിന്നു വന്നതാണ്.
ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷന് സ്വദേശികളുടെ ഒന്‍പതു വയസുള്ള മകന്, കല്ലുവാതുക്കല്‍ സ്വദേശിയും ചാത്തന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക 41 വയസുകാരി, കുളത്തൂപ്പുഴ പാമ്പുറം സ്വദേശിയായ 73 കാരന്, ചാത്തന്നൂര്‍ എം.സി.പുരം നിവാസിയായ 64കാരന്, തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിയും ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയുമായി 52 വയസുകാരി, ഓഗ് മെന്റഡ് സര്‍വൈലന്‍സിന്റെ ഭാഗമായി കണ്ടെത്തിയ 28 വയസുകാരനായ ആന്ധ്ര സ്വദേശി എന്നിവര്‍ക്കാണ് കൊല്ലത്ത് രോഗം ബാധിച്ചത്.
തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര സ്വദേശിയായ 48 കാരനും മേലേപ്പാല സ്വദേശിയായ 68 വയസുള്ളയാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. രോഗം വന്നതെങ്ങനെയെന്ന് വ്യക്തമല്ല. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ രോഗലക്ഷണങ്ങളുമായി പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് രോഗം ബാധിച്ചവരില്‍ ഒരാള്‍ ദൃശ്യമാധ്യമപ്രവര്‍ത്തകനാണ്. ഇന്ന് രോഗം ബാധിച്ച മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
അതേസമയം 10 പേര് രോഗമുക്തി നേടി. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ മൂന്ന് വീതം പേര്‍ക്കും പത്തനംത്തിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്. ഇതുവരെ 495 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഇപ്പോള്‍ 123 പേര് ചികിത്സയില്‍ കഴിയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: