മുംബൈ: പ്രശസ്ത ബോളിവുഡ് നടന് ഇര്ഫാന് ഖാന് (54) അന്തരിച്ചു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് നടന് ഇര്ഫാന് ഖാനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ഹോളിവുഡ് സിനിമകളിലെ ഇന്ത്യന്‍ മുഖമായിരുന്നു ഇര്ഫാന്.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ല്‍ ഇര്ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. ‘അംഗ്രേസി മീഡിയ’മാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.
ശനിയാഴ്ച ഇര്ഫാന് ഖാന്റെ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗണ്‍ കാരണം ജയ്പൂരിലെത്തി മാതാവിനെ അവസാനമായി കാണാന്‍ ഇര്ഫാന് ഖാന് സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും രണ്ട് ആണ്മക്കള്ക്കുമൊപ്പം ഇര്ഫാന് മുംബൈയിലായിരിന്നു താമസം.
ചലച്ചിത്രങ്ങളില്‍ കൂടാതെ സീരിയലുകളിലും നാടക തിയേറ്റര്‍ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പാന്‍ സിംഗ് തോമര്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടി. 1987 ല്‍ പഠിത്തം പൂര്‍ത്തിയായതിനു ശേഷം ഇര്ഫാന് മുംബൈയിലേക്ക് മാറി. അക്കാലത്ത് അദ്ദേഹം ഒരു പാട് ടി വി സീരിയലുകളില്‍ അഭിനയിച്ചു. ‘ചാണക്യ’, ‘ചന്ദ്രകാന്ത’ എന്നിവ അവയില്‍ പ്രധാനമാണ്. വില്ലന്‍ വേഷത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചത്.
1988 ല്‍ മീര നായര്‍ സംവിധാനം ചെയ്ത സലാം ബോംബേ എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു. 1990 ല്‍ ഏക് ഡോക്ടര്‍ കി മൗത് എന്ന സിനിമയിലും 1998 ല്‍ സച് എ ലോങ് ജേര്‍ണി എന്ന സിനിമയിലും അഭിനയിച്ചു. പക്ഷേ ഈ സിനിമകളിലെല്ലം ശ്രദ്ധേയമായ ഒരു വേഷം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നീട് 2003 ല്‍ അശ്വിന് കുമാര്‍ സംവിധാന്മ് ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തില്‍ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി. ഹിന്ദിയിലെ ആദ്യ സിനിമ എന്നു പറയാവുന്നത് 2005 ല്‍ അഭിനയിച്ച രോഗ് എന്ന സിനിമയാണ്. 2004 ല്‍ ഹാസില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് മികച്ച് വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. 2007 ല്‍ അഭിനയിച്ച ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: