തിരുവനന്തപുരം: ശമ്പളം പിടിക്കല്‍ തടഞ്ഞ ഹൈക്കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ഓര്‍ഡിനന്‍സിന് ഇന്നു ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണയിലെത്തിയിരുന്നു.
കേരള ഡിസാസ്റ്റര്‍ ആന്‍ഡ് പബ്ലിക് എമര്‍ജന്‍സി സ്പെഷ്യല്‍ പ്രൊവിഷന്‍സ് ആക്ട് അനുസരിച്ച് ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം വരെ തടഞ്ഞുവയ്ക്കാന്‍ഡ സര്‍ക്കാരിന് അധികാരമുണ്ട്. എപ്പോള്‍ ഇതു തിരിച്ച് കൊടുക്കുമെന്ന് ആറ് മാസത്തിനകം പറഞ്ഞാല്‍ മതി. ഈ ഓര്‍ഡിനന്‍സിനാണ് മാന്ത്രിസഭ അംഗീകാരം നല്‍കിയത്. ഗവര്‍ണറുടെ അംഗീകാരം കിട്ടിയതിന് ശേഷം അടുത്ത മാസത്തെ ശമ്പളം വിതരണം ചെയ്യൂവെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
അഞ്ച് മാസത്തേക്ക് ആറ് ദിവസത്തെ വീതം ശമ്പളം മാറ്റിവയ്ക്കാനായിരുന്നു നേരത്തേ ഇറങ്ങിയ ഉത്തരവ്. ഇത് കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമ സാധുത പരിശോധിക്കാന്‍ നിയമ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി രണ്ട് മാസത്തെ സ്റ്റേ അനുവദിച്ചത്. ഇതൊരു നിയമപ്രശ്നമാണെന്നും അതിനെ നിയമപരമായി മാത്രമേ കാണാനാവൂ എന്നും കോടതി പറഞ്ഞു. എല്ലാവരുടെയും പിന്തുണ സര്‍ക്കാരിന് വേണ്ട അസാധാരണമായ സാഹചര്യമാണ് ഇപ്പോഴത്തേത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ ശമ്പളം അവകാശമാണെന്ന് കോടതി വിശദീകരിച്ചു.
സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുണ്ടെന്ന് കോടതി പറഞ്ഞു. ജീവനക്കാരുടെ വേതനത്തില്‍ നിന്ന് മാറ്റിവയ്ക്കുന്ന തുക എന്തിന് വേണ്ടിയാണ് ഉപയോഗിക്കുകയെന്ന് പറഞ്ഞിട്ടില്ല. സാമ്പത്തിക പ്രതിസന്ധി എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എന്ന പേരു പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: