Categories: Kerala

സിപിഎമ്മിന്റെ കൊലയാളികളെ രക്ഷിക്കാന്‍ കൊറോണകാലത്തും പണം ഒഴുക്കി പിണറായി സര്‍ക്കാര്‍; പെരിയ കേസ് അഭിഭാഷകരെ എത്തിച്ച തുക നല്‍കാന്‍ ഉത്തരവ്

തുക എത്രയെന്ന് പറയാതെയാണ് സര്‍ക്കാര്‍ ഉത്തരവ്. ബിസിനസ് ക്ലാസ് യാത്രക്കും ഹോട്ടല്‍ താമസത്തിനുമാണ് പണം അനുവദിച്ചത്. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിനായി ഹാജരായവര്‍ ആണ് ഈ അഭിഭാഷകര്‍.

Published by

തിരുവനന്തപുരം: കൊറോണ കാലത്ത് രാജ്യവും സംസ്ഥാനങ്ങളും വന്‍സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ രാഷ്‌ട്രീയവൈര്യം തീര്‍ക്കാര്‍ യുവാക്കളെ വെട്ടിക്കൊന്ന സിപിഎം കൊലയാളികളെ കൈവിടാടെ പിണറായി സര്‍ക്കാര്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന പെരിയയിലെ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊന്ന കേസിലാണ് അന്വേഷണം സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ വാരിയെറിയുന്നത്. ഏപ്രില്‍ എട്ടിലെ ഉത്തരവ് പ്രകാരം അഭിഭാഷകരുടെ യാത്രയ്‌ക്കും താമസത്തിനും ആണ് പണം അനുവദിച്ചത്. തുക എത്രയെന്ന് പറയാതെയാണ് സര്‍ക്കാര്‍ ഉത്തരവ്. ബിസിനസ് ക്ലാസ് യാത്രക്കും ഹോട്ടല്‍ താമസത്തിനുമാണ് പണം അനുവദിച്ചത്. സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാരിനായി ഹാജരായവര്‍ ആണ് ഈ അഭിഭാഷകര്‍.

നേരത്തേ, പെരിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് മുടക്കിയത് 88 ലക്ഷം രൂപയാണെന്നതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. കേവ്ദ്രസര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന വരെയാണ് ലക്ഷങ്ങള്‍ മുടക്കി കേസ് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറലുമായിരുന്ന മനീന്ദര്‍ സിങ്ങും അദ്ദേഹത്തിന്റെ ജൂനിയര്‍ പ്രഭാസ് ബജാജും ആണ് എറണാകുളം ഹൈക്കോടതിയിലെത്തി കേസ് വാദിച്ചത്.ഒരു സിറ്റിംഗിന് 20 ലക്ഷം രൂപയും സഹായിക്ക് ഒരു ലക്ഷവുമാണ് പ്രതിഫലം.

മനീന്ദര്‍ സിംഗ് ഇതിനകം മൂന്ന് തവണ എറണാകുളത്തെത്തി കേസ് വാദിച്ചു. നവംബര്‍ 4, 12, 16 തിയതികളിലാണ് അദ്ദേഹം കേസ് വാദിച്ചത്. നാലിന് കേസ് വാദിച്ചതിന് 21 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. 12, 16 തിയതികളില്‍ വാദിച്ചതിന് 40 ലക്ഷവും സഹായിക്ക് രണ്ട് ലക്ഷവും അനുവദിച്ചാണ് ഈ വര്‍ഷം ആദ്യം ഉത്തരവ് ഇറങ്ങിയിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറലായിരുന്ന രഞ്ജിത് കുമാറിനെയാണ് പെരിയ കേസില്‍ നിയമോപദേശത്തിന് സര്‍ക്കാര്‍ ആദ്യം നിയോഗിച്ചത്. 25 ലക്ഷം രൂപ പ്രതിഫലമായി നല്‍കിയിരുന്നു. എന്നാല്‍, അഭിഭാഷകരുടെ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് ഈ പ്രതിഫലത്തില്‍ പെട്ടിരുന്നില്ല. അതുകൂടി ഇപ്പോള്‍ നല്‍കാനാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.  കൃപേഷിനേയും ശരത് ലാലിനേയും 2019 ഫെബ്രുവരി 17 നാണ് വെട്ടിക്കൊന്നത്. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by