കാസര്‍കോഡ്: ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 89 കൊവിഡ്-19 രോഗികളില്‍ അവസാനയാളും ഇന്ന് ഡിസ് ചാര്‍ജ്ജായി. കേരളത്തില്‍ ഏറ്റവുമധികം കൊവിഡ് രോഗബാധയുണ്ടായ ജില്ലയായ കാസര്‍കോഡ് ഒരു കൊവിഡ് മരണം പോലുമുണ്ടായില്ല.
കാസര്‍കോഡ് ജനറല്‍ ആശുപത്രിയുടെ പ്രചോദകപ്രദമായ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്നതാണെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ് പോലും ഇല്ലാത്ത സാഹചര്യവും പരമിതമായ അടിസ്ഥാനസൗകര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ഇത് വലിയ നേട്ടമാണ്. രോഗബാധ പടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നിരവധി രോഗികള്‍ കൊവിഡ് നെഗറ്റീവായി. കൊവിഡ് പ്രതിരോധത്തില്‍ ആഗോളതലത്തില്‍ കാസര്‍കോഡ് മാതൃകയാക്കാമെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
ദുബായില്‍ നിന്നെത്തിയ ആനങ്കൂര് സ്വദേശിയാണ് 27 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ചൊവ്വാഴ്ച ഡിസ്ചാര്‍ജ്ജായത്. ഉച്ചയ്ക്ക് 12 മണിയോടെ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് ശുഭാശംസകളോടെ അദ്ദേഹത്തെ വീട്ടിലേക്ക് യാത്രയാക്കി.
നാളിതു വരെ 4,112 കൊവിഡ് ടെസ്റ്റുകളാണ് കാസര്‍കോഡ് നടത്തിയത്. ഇതില്‍ 3,104 ഫലം നെഗറ്റീവായിരുന്നു. 833 പേരുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.
കൊവിഡ് പോസറ്റീവായ 175 പേരില്‍ 12 പേര് ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഇതില്‍ ഏഴ് പേര് ഗള്‍ഫില്‍ നിന്നെത്തിയവരും മറ്റ് അഞ്ച് പേര് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്.
കാസര്‍കോഡ് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം കെ കണ്ടിയിലിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരടങ്ങുന്ന 250 അംഗ സംഘമാണ് തിളക്കാമര്‍ന്ന ഈ നേട്ടത്തിനു പിന്നില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: