കണ്ണൂര്‍: മുസ്ലീം ലീഗ് വിമതന്റെ പിന്തുണയോടെ കണ്ണൂര്‍ കോര്പറേഷന് ഭരണം പിടിക്കാനിറങ്ങിയ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. കോര്പറേഷന് മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ എല്‍.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്യില്ലെന്നും താന്‍ യുഡിഎഫ് ചേരിയില്‍ നില്‍ക്കുമെന്നും മുസ്ലിം ലീഗ് വിമതന് കെ.പി.എ. സലിം പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയില്‍ സലീമിന്റെ വോട്ടിനാണ് ഡെപ്യൂട്ടി മേയറായിരുന്ന പി.കെ. രാഗേഷിന് സ്ഥാനം പോയത്. നിലവിലുള്ള മേയര്‍ സ്ഥാനം രാജിവെച്ച് മുസ്ലീം ലീഗിന് കൈമാറാമെന്ന യുഡിഎഫിലെ ധാരണയും ഇതു കാരണം ഇല്ലാതായിരുന്നു. മേയര്‍ സുമ ബാലകൃഷ്ണന് രാജിവെച്ച് മുസ്ലീംലീഗിലെ സി.സീനത്തിന് അധികാരം കൈമാറാനായിരുന്നു യുഡിഎഫിലെ ധാരണ.എന്നാല്‍ മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നമാണ് ലീഗിന് ആദ്യമായി കിട്ടുന്ന മേയര്‍ സ്ഥാനം ഇല്ലാതാക്കിയത്.
മുസ്ലീം ലീഗ് ജില്ലാ നേത്യത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് കക്കാട് കൗണ്‍സിലറായ കെ.പി.എ. സലിമിനെ എല്‍ഡിഎഫ് പാളയത്തിലെത്തിച്ചത്. സലീമിന്റെ ഉടമസ്ഥതയില്‍ കക്കാട് പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയില്‍ സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡു നടത്തിയിരുന്നു.എന്നാല്‍ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയെന്നും സലീമിനെതിരെ ആരോപണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സലീം രംഗത്തുവരുകയും ലീഗ് ജില്ലാ നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ അവഹേളിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് സലീം എല്‍ഡിഎഫിനൊപ്പം നിന്നത്.
എന്നാല്‍ പിന്നീട് ലീഗ് നേതൃത്വം അനുനയത്തിലെത്തുകയും വിഷയം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ്. സലീം മുസ്ലിം ലീഗിലേക്ക് തന്നെ മടങ്ങിയെത്തിയത്. ഇതോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് പിന്നാലെ കോര്പ്പറേഷന് ഭരണവും യുഡിഎഫിന് നഷ്ടപ്പെടുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ ഇല്ലാതായിരിക്കുകയാണ്. യുഡിഎഫ് വിമതനെ വിലയ്ക്കെടുത്ത് 0ഭരണം വീണ്ടും പിടിച്ചെടുക്കാനുളള സിപിഎം നീക്കത്തിനും തിരിച്ചടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: