2009 ലോകക്കപ്പ് ട്വന്റി ട്വന്റി രണ്ടാം സെമിഫൈനല്‍…. കെന്നിംഗ്ടണിലെ മൈതാനത്ത് ആ രാത്രി വെസ്റ്റിന്‍ഡീസ് ശ്രീലങ്കയോട് ഏറ്റുമുട്ടുന്നു. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ വിന്‍ഡീസിന്റെ സ്കോര്‍ കാര്‍ഡ് ഈ കഥ പറയും… അതിങ്ങനെയാണ്…. ഗെയ്ല്-63 നോട്ടൗട്ട്, മാര്‍ഷല്‍-0, സിമ്മണ്‍സ്-0, ബ്രാവോ-0, ചന്ദര്‍പോള്‍-7, സര്‍വന്‍-5, പൊള്ളാര്‍ഡ്-3, രാംദിന്-9, ടെയ്ലര്-2, സമി-1, ബെന്‍-0…….
ഇനിയെന്തു ചെയ്യാനാണെന്ന് എത്ര ആലോചിച്ചിട്ടും ജയന്തന് പിടികിട്ടിയില്ല. പേനയുന്താന്‍ തുടങ്ങിയതില്‍പ്പിന്നെ ഇങ്ങനെയൊരു പ്രതിസന്ധിയില്‍ അയാള്‍ അകപ്പെട്ടിരുന്നില്ല. ഇനി പറഞ്ഞിട്ട് കാര്യമില്ല…. എഴുതിയതെല്ലാം വിഴുങ്ങി മിണ്ടാതിരിക്കുകയേ നിര്‍വാഹമുള്ളൂ… എത്ര നിയന്ത്രിച്ചിട്ടും സങ്കടം സഹിക്കാനാകുന്നില്ല.
കെന്നിംഗ്ടണിലെ മൈതാനത്തുനിന്ന് ഈ രാത്രി ക്രിസ്റ്റഫര്‍ ഹെന്‍ട്രി ഗെയ്ല് കൂടാരത്തിലേക്ക് മടങ്ങിയിട്ടുണ്ടാവുമോ. ഓര്‍ത്തിട്ട് ചങ്ക് പൊട്ടുന്നു. ആ കൂറ്റന്‍ മനുഷ്യന് ഇതെങ്ങനെയാവും സഹിച്ചിട്ടുണ്ടാവുക. ചത്തുമലച്ച കണ്ണുകളുമായി, ക്രീസില്‍ ഇടം കാലിനാല്‍ മെല്ലെ താളം ചവിട്ടി…. എത്രയാണ് താന്‍ ക്രിസ്റ്റഫറിനെ വാഴ്ത്തിയത്. കണ്ണുകളില്‍ ആഴമുള്ള മൗനം നിറച്ചവന്, കൈക്കരുത്തില്‍ കൊടുങ്കാറ്റിനെ സന്നിവേശിപ്പിച്ചവന്‍, തകര്‍ച്ചയിലും തളരാതെ പൊരുതാന്‍ ചങ്കൂറ്റമുള്ളവന്…. എന്നിട്ടും ക്രിസ്റ്റഫര്‍, ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ പോലും നിന്റെ തുണയ്ക്കുണ്ടായിരുന്നില്ലല്ലോ…
നീളന്‍ മുടിയിഴകളെ മറച്ച് ഗെയ്ല് കെട്ടിയിരുന്ന പട്ടുതൂവാലയിലായിരുന്നു ജയന്തന്റെ കണ്ണ്. മുടിയിലാണ് കളിക്കാര്‍ കരുത്ത് ഒളിപ്പിക്കുന്നത് എന്ന ധാരണ പണ്ടേ അയാള്‍ക്കുണ്ടായിരുന്നു. കാല്‍പ്പന്തുകളിയുടെ ഗതിവേഗങ്ങളില്‍ ഹൃദയം മിടിച്ചിരുന്ന കാലത്ത് ഡച്ചുകാരന് റൂഡ് ഗുള്ളിറ്റായിരുന്നു തനിക്ക് പ്രിയപ്പെട്ടവനെന്ന് ജയന്തന് ഓര്‍ത്തു. കുട്ടിക്കാലത്തെപ്പഴോ കേട്ട കഥകളിലൊന്നില്‍ ഗംഗയെ മുടിക്കെട്ടിലൊളിപ്പിച്ച പരമേശ്വരന്റെ ചിത്രമുണ്ടായിരുന്നു. അഴിഞ്ഞുലഞ്ഞ മുടിയുമായി ആകാശഗംഗയെ സ്വീകരിക്കാന്‍ നില്ക്കുന്ന പരമശിവന്റെ ചിത്രമുള്ള കലണ്ടര്‍ ചൂണ്ടിക്കാട്ടിയാണ് അമ്മ ആ കഥ പറഞ്ഞുതന്നിരുന്നത്. അങ്ങനെയാണ് നീണ്ട മുടിയുള്ള പുരുഷന്മാര് ജയന്തന്റെ മനസ്സില്‍ ആരാധ്യരായത്. കുട്ടിക്കാലത്ത് ചൊല്ലിക്കേട്ട കഥകളിലെ എല്ലാ ദൈവങ്ങളും നീണ്ട മുടിയുള്ളവരായിരുന്നുവെന്ന് അയാള്‍ ഓര്‍ത്തു.
ദൈവങ്ങള്‍ നിറഞ്ഞാടിയ കുട്ടിക്കഥകളില്‍ നിന്ന് സിനിമാകൊട്ടകകളിലെ പൊട്ടിക്കീറിയ വെള്ളത്തുണിയില്‍ മാറ്റിനി കാണുന്ന കാലത്താണ് ജയന്തന്റെ നായക സങ്കല്പങ്ങള് തകിടം മറിഞ്ഞത്. മലയാളത്തിലെ ഒറ്റ നായകനും നീണ്ട മുടിയില്ലല്ലോ എന്നോര്‍ത്ത് അവന് സങ്കടപ്പെട്ടിരുന്നു. നീളമുള്ള മുടിയിഴകള്‍ കുടഞ്ഞെറിഞ്ഞ് മന്‍സൂര്‍ അലിഖാന് വില്ലനായി പൊട്ടിവീണപ്പോഴാണ് ജയന്തന് പരമ്പരാഗത നായകന്മാരെ തള്ളിപ്പറഞ്ഞ് വില്ലന്റെ പക്ഷത്തേക്ക് ചേക്കേറിയത്. സ്ക്രീനില്‍ മുടി നീട്ടിയെത്തുന്ന വില്ലന്മാരും ഗുണ്ടകളും നായകനെ അടിച്ചുപരത്തി വിജയം നേടുമെന്ന് ജയന്തന് സ്വപ്നം കണ്ടു.
ഇറ്റലിയില്‍ വെച്ചാണ് ജയന്തന് മുടിക്കരുത്തിനെക്കുറിച്ച് എഴുത്തുപണിയില്‍ ഏര്‍പ്പെട്ടത്. നാട്ടില്‍ നിന്ന് ഒരു പത്രപ്രവര്‍ത്തകന്റെ റോളില്‍ മഹാനഗരത്തിന്റെ തിരക്കിലേക്ക് കടന്നുവരുമ്പോള്‍ മനസ്സിലെ ചിത്രങ്ങളും മാറിയിരുന്നു. പരമശിവന്റേതൊഴിക. പത്രത്തിന്റെ സ്പോര്‍ട്സ് പേജ് നിറയ്ക്കാനുള്ള തത്രപ്പാടിനിടയിലാണ് ഓഫീസിലെ പഴയ ടിവി സ്ക്രീനില്‍ റൂഡ് ഗുള്ളിറ്റിനെ കണ്ടത്. ഓറഞ്ച് നിറമുള്ള കുപ്പായത്തില്‍, മുടിയഴിച്ചിട്ട് ഗുള്ളിറ്റ് വെടിയുണ്ട പോലെ പാഞ്ഞു. ഇറ്റലിയിലായിരുന്നു മത്സരം. ‘ബുള്ളറ്റ് ഗുള്ളിറ്റ്’ എന്ന രസികന്‍ തലക്കെട്ടില്‍ ആ ‘മുടി’യന്റെ കളിവിരുതിനെക്കുരിച്ച് താന്‍ പടച്ച കഥ ആരും വായിക്കാതെ പോയതില്‍ ജയന്തന് പരാതിയുണ്ടായിരുന്നില്ല. അയാള്‍ അങ്ങനെയാണ്.
ലോകത്തെ ഏറ്റവും മികച്ച സാഹിത്യം കളിയെഴുത്തിന്റേതാണെന്ന് എല്ലാവരോടും പറഞ്ഞുനടക്കുകയായിരുന്നു അയാളുടെ സ്വഭാവം. മാതൃഭൂമിയുടെ ‘സ്പോര്‍ട്സ് മാസിക’ മുടങ്ങാതെ വാങ്ങുന്നത് ആയിടയ്ക്കാണ് അയാള്‍ ശീലമാക്കിയത്. ഒ.ആര്. രാമചന്ദ്രന്റെ എഴുത്ത് ഒരു സംഭവമാണെന്നും അത് എം.ടി. വാസുദേവന്നായരുടേതിനേക്കാള് ഗംഭീരമാണെന്നും ജയന്തന് വാദിച്ചു.
പനങ്കുല മുടിയുമായി ബേര്ണബ്യൂ സ്റ്റേഡിയത്തില്‍ റൊണാള്‍ഡീന്യോ കത്തിപ്പടര്‍ന്നതിന്റെ ആവേശം രാമചന്ദ്രനിലൂടെ വായിച്ചപ്പോള്‍ ജയന്തന്റെ ഉള്ളില്‍ ‘മുടി’യന്മാരുടെ പെരുങ്കളിയാട്ടമാണ് നടന്നത്. കൊളംബിയക്കാരന്‍ റെനെ ഹിഗ്വിറ്റയെ എന്‍.എസ്. മാധവന് കഥയാക്കിയതറിഞ്ഞ് ജയന്തന് അയാളോട് അസൂയയും പകയും തോന്നി.ഇന്ത്യയില്‍ ഫുട്ബോള്‍ നന്നാവണമെങ്കില്‍ ക്ലോഡിയോ കനീജിയയെപ്പോലെ മുടി വളര്‍ത്തിയ ഒരാളെങ്കിലും ടീമില്‍ ഉണ്ടാവണമെന്ന് ജയന്തന് വാശിപിടിച്ചു.
അതിനിടെയാണ് ഇന്ത്യന്‍ക്രിക്കറ്റില്‍ ഒരു നീണ്ട മുടിക്കാരനെ കണ്ടതിന്റെ ആനന്ദത്തില്‍ ജയന്തന് കാല്പന്ത് കളിയുടെ ലഹരിയില്‍ നിന്ന് ക്രിക്കറ്റിന്റെ അലസതയിലേക്ക് മൂക്കുംകുത്തി വീണത്. മഹേന്ദ്രസിങ് ധോണിയെന്ന ചെറുക്കന് മദയാനയെപ്പോലെ ക്രീസില്‍ തിണ്ടുകുത്തിതിമിര്ക്കുന്നതിന്റെ രഹസ്യം അവന്റെ മുടിയാണെന്ന് ജയന്തന് അടുത്ത സുഹൃത്തുക്കളോടു മാത്രം അടക്കം പറഞ്ഞു. അല്ലെങ്കില്‍ എങ്ങനെയാണ് അയാള്‍ക്ക് പൊടിപടലങ്ങള്‍ പറത്തി പടുകൂററന്‍ ഹെലിക്കോപ്ടര്‍ ഷോട്ടുകളുതിര്‍ക്കാന്‍ സാധിക്കുന്നതെന്ന് അവരോട് തര്‍ക്കിച്ചു. ജോഹന്നസ്ബര്‍ഗില്‍നിന്ന് ഇരുപതോവറിന്റെ കപ്പുമായി നാട്ടിലെത്തിയതിനുശഷം ധോണി മുടികളഞ്ഞത് ജയന്തന്റെ സര്‍ഗവാസനകളെയും സങ്കല്പങ്ങളെയും വല്ലാതെ തകര്‍ത്തുകളഞ്ഞു. തോളൊപ്പമെത്തുന്ന നീണ്ട മുടി പരമശിവന്റെ വരമാണെന്ന് ആ മണ്ടന്‍ മനസ്സിലാക്കിയില്ലല്ലോ എന്ന് അയാള്‍ പരിതപിച്ചു.
അതുകൊണ്ട് ഇക്കുറി ഇംഗ്ലണ്ടില്‍ ധോണി പച്ചതൊടില്ലെന്ന് കണക്കുകൂട്ടി കളിയെഴുതിയ ഏകവ്യക്തി ജയന്തനായിരുന്നു. തട്ടിയും മുട്ടിയും സൂപ്പര്‍ എട്ടില്‍ നിന്ന് എട്ടുനിലയില്‍പൊട്ടി ഇന്ത്യക്കാര്‍ മടക്കവണ്ടി കയറുമ്പോള്‍ കൈകൊട്ടിയാര്ത്തുവിളിച്ച ഏക ഇന്ത്യക്കാരനും താന്‍ ആയിരിക്കുമെന്ന് ജയന്തന് പരസ്യമായി അഭിമാനിച്ചു.
ധോണിയെ വഴിയിലുപേക്ഷിച്ച് അയാള്‍ ക്രിസ്റ്റഫര്‍ ഹെന്‍ട്രി ഗെയ്ല് എന്ന ജമൈക്കക്കാരനുവേണ്ടി വാതുവെച്ചു.
വെസ്റ്റിന്ത്യന്‍ പടനായകനായി ഗെയ്ല് എന്ന കരിവീട്ടിക്കറുമ്പന് അവതരിച്ചപ്പോഴേക്കും ഭൂമി കുലുങ്ങിയുണര്ന്നുവെന്ന് ജയന്തന് അടിച്ചുവിട്ടു. നമ്മളുടെ ദൈവങ്ങളുടെ നിറമാണ് ക്രിസ്റ്റഫറിനെന്ന് അയാള്‍ ഗവേഷിച്ചുകണ്ടെത്തി.അളന്നുതിരിച്ച അതിര്‍ത്തിവരകളെ തെല്ലും മാനിക്കാതെ ഗെയ്ലുതിര്ത്ത വെടിക്കെട്ട് ഷോട്ടുകള്‍ക്ക് പുതിയ വിശേഷണങ്ങള്‍ ചാര്‍ത്തി അയാള്‍ സഹപ്രവര്‍ത്തകരുടെ ആദരവുകള്‍ ഏറ്റുവാങ്ങി.
പക്ഷേ കെന്നിംഗ്ടണില്‍ സ്വപ്നങ്ങള്‍ അസ്തമിച്ചിരിക്കുന്നു. ക്രിസ്റ്റഫര്‍ ഒറ്റയ്ക്കായിരുന്നു അവിടെ. ഗ്യാലറിയില്‍ ആര്‍ത്തുവിളിക്കുന്ന പതിനായിരങ്ങള്‍ക്ക് മുഖം കൊടുക്കാതെ ഗെയ്ല് എന്ന ഒറ്റയാന് നിന്നു. ഫ്ളെച്ചര്‍ മുതല്‍ സുലൈമാന്‍ ബെന്‍ വരെ ഒരാളും ഗെയിലിനൊപ്പം നിന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ജയന്തന് കരച്ചില് വന്നുപോയി. സൂത്രക്കാരനായ കുറുക്കനെപ്പോലെ കുമാര്‍ സംഗക്കാര ഗെയ്ലിന്റെ മുടി മൂടിക്കിടക്കുന്ന പട്ടുതൂവാല വലിച്ചുമാറ്റിയേക്കുമെന്നും തന്റെ ദൈവം കരുത്തുചോര്‍ന്ന് അസ്തമിച്ചേക്കുമെന്നും തലേ രാത്രി കണ്ട ദുഃസ്വപ്നം മറക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വെസ്റ്റിന്ത്യന്‍ പതനം.
ഈ രാത്രി കെന്നിംഗ്ടണില്‍ പറന്നെത്താന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അയാള്‍ ആശിച്ചു. ഒരു വശത്ത് നങ്കൂരമിട്ട് വിജയത്തിലേക്ക് കുതിക്കുന്നതിന് ഗെയ്ലിനെ പിന്തുണയ്ക്കാന്‍ തനിക്കാവുമായിരുന്നല്ലോ എന്നായിരുന്നു ജയന്തന്റെ ചിന്ത. അവസാനത്തെ വിക്കറ്റും പിഴുതുവീഴുമ്പോള്‍ ടിവി സ്ക്രീനില്‍ ക്രിസ്റ്റഫര്‍ ധ്യാനത്തിലായിരുന്നു.മരിച്ചവന്റേതുപോലെ ശാന്തമായിരുന്നു അയാളുടെ കണ്ണുകള്‍. ബാറ്റും നിലത്തുകുത്തി, ക്രീസിനോടെന്ന പോലെ എന്തോ മന്ത്രിച്ച് ക്രിസ്റ്റഫര്‍ ഇരുന്നു. മനസ്സിലെവിടെയോ നിത്യശാന്തനായ മഹാദേവന് സമാധിസ്ഥനായിരുന്നരുളുന്നു. ഇടയ്ക്കെപ്പോഴെങ്കിലും ക്രിസ്റ്റഫറിന്റെ ബാറ്റില്‍ നിന്ന് തുരുതുരാ സിക്സറുകള്‍ പറക്കുമെന്നും സൂത്രക്കാരനായ കുമാര്‍ സംഗക്കാര അടിയറവ് പറയുമെന്നും ജയന്തന് വെറുതേ മോഹിച്ചു….. ഇല്ല, ഒന്നുമുണ്ടായില്ല. നിലത്തുവിരിച്ച പായയിലേക്ക് നെടുവീര്‍പ്പോടെ ചരിയുമ്പോള്‍ ജയന്തന്റെ മനസ്സില്‍ പുതിയ പ്രശ്നങ്ങളായിരുന്നു. എവിടെയാണ് പിഴച്ചത്… നീണ്ട മുടിയുടെ കരുത്തില്‍ എവിടെയാണ് ചോര്‍ച്ച സംഭവിച്ചത്….
നാളെ എന്തെഴുതുമെന്ന് കൂടുതല്‍ ചിന്തിച്ചില്ല. ക്രിസ്റ്റഫര്‍ ഹെന്‍ട്രി ഗെയ്ലിന്റെ തലമുടിയിഴകള്‍ യഥാര്‍ത്ഥമായിരുന്നോ എന്ന ശങ്കയാണ് അയളെ അലട്ടിയത്… അല്ലെങ്കില്‍ എങ്ങനെ ഇത് സംഭവിക്കാനാണ്….
പ്രതികരിക്കാൻ ഇവിടെ എഴുതുക: