കൊച്ചി: കൊറോണാ പ്രതിരോധത്തിന് പ്രധാനമന്ത്രി വിളിച്ച നിര്‍ണായക യോഗത്തില്‍, പകരക്കാരനാക്കിയ ചീഫ് സെക്രട്ടറി ടോം ജോസിന് മുഖ്യമന്ത്രി പിണറായി വിജയന് കാലാവധിയും നീട്ടിക്കൊടുക്കുമോ? എങ്കില്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം പുതിയ കീഴവഴക്കവും പിണറായി വിജയന് തുടങ്ങിവെക്കും.
ടോം ജോസിന് ഇനി സര്‍വീസില്‍ ശേഷിക്കുന്നത് 32 ദിവസംകൂടിമാത്രമാണ്; 2020 മെയ് 30 വരെയാണ് കാലാവധി. സംസ്ഥാനത്ത് ചീഫ് സെക്രട്ടറിമാരുടെ കാലാവധി, അവര്‍ വിരമിച്ചശേഷം നീട്ടേണ്ടേന്ന തീരുമാനമുണ്ട്. എന്നാല്‍, കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക കാലത്ത് ടോം ജോസിന്റെ സര്‍വീസ് നീട്ടാനാണ് സാധ്യത. എങ്കില്‍ രണ്ടുപതിറ്റാണ്ടായി ഇല്ലാത്ത സമ്പ്രാദായം പിണറായി പുനസ്ഥാപിക്കുകയാകും.
കേരള ചീഫ് സെക്രട്ടറിയാകാന്‍ ഇപ്പോള്‍ യോഗ്യതയുള്ള കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒന്നാമന് ആനന്ദ് കുമാറാണ്. 1984 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് 2021 ആഗസ്ത് 11 വരെ കാലാവധി ഉണ്ട്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം സെക്രട്ടറിയാണ്. ഇദ്ദേഹത്തിന് കേരളത്തില്‍ വരാന്‍ താല്പര്യമില്ലാഞ്ഞതിനാലാണ് രണ്ടാമന് ടോം ജോസിന് അവസരം കിട്ടിയത്. മൂന്നാം സ്ഥാനത്തുള്ളത് ഡോ. അജയ് കുമാറാണ്. 1985 ഐഎഎസ് ബാച്ചുകാരനായ അജയ് കുമാര്‍ പ്രതിരോധ വകുപ്പ് സെക്രട്ടറിയാണ്. 2022 ഒക്ടോബര്‍ വരെ കാലാവധിയുണ്ട്. നാലാം സ്ഥാനം ഇന്ദര്‍ജിത് സിങ്ങിനാണ്. അദ്ദേഹം ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ, നോ ര്‍ത്ത് ഈസ്റ്റ് മേഖലാ വികസന മന്ത്രാലയത്തിന്റെ പ്രത്യേക ഓഫീസറാണ്. 2021 ആഗസ്ത് 17 വരെ കാലാവധിയുണ്ട്.
ഇപ്പോള്‍ കേരള ആഭ്യന്തര സെക്രട്ടറി ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഇവര്‍ കഴിഞ്ഞാല്‍ സംസ്ഥാന ചീഫ് സെക്രട്ടറിയാകാന്‍ യോഗ്യതയുള്ളയാള്‍. 2021 ഫെബ്രുവരി 10 വരെയാണ് കാലാവധി. ടോം ജോസ് വിരമിച്ചാല്‍ ഇപ്പോള്‍ കേന്ദ്രത്തിലുള്ളവര്‍ കേരളത്തിലേക്ക് വരാന്‍ തല്പ്പരരല്ല. അപ്പോള്‍ ടോം ജോസിന് കാലം നീട്ടിയാല്‍ വിശ്വാസ് മേത്തയ്ക്കാണ് അവസരം പോകുക. കൊറോണ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ്, സര്‍ക്കാരിനൊപ്പം നില്ക്കുന്ന ടോം ജോസിന് ആറുമാസമെങ്കിലും നീട്ടിക്കൊടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: