കൊച്ചി: സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്തിന് പണം ചെലവഴിക്കുന്നുവെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിലാണിത്. രണ്ടു മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. മേയ് 20ന് കേസ് വീണ്ടും പരിഗണിക്കും.
ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ പരിധിയില്‍ വരുമെന്നും പറഞ്ഞ ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടഞ്ഞുവെക്കാനാകില്ലെന്നും വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
കൊവിഡ് കാലത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ അതിന്റെ പേരില്‍ വ്യക്തികളുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യാനാകില്ല. ശമ്പളം മാറ്റിവെക്കുന്നത് നിരസിക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു.
സര്‍ക്കാരിന്റെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവിനെതിരേ എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആര്‍ടിസി ജീവനക്കാരുടെയും സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്. മാറ്റിവെക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര ജീവനക്കാര്‍ക്ക് ലഭിച്ച പോലെ ഇവിടെ തിരഞ്ഞെടുപ്പിനുള്ള അവസരവുമില്ല. അതിനാല്‍, മാറ്റിവെയ്ക്കല്‍ യഥാര്‍ത്ഥത്തില്‍ വെട്ടിക്കുറയ്ക്കലായി മാറുന്നവെന്നും ഹര്‍ജികളില്‍ പറയുന്നു.
അതേസമയം, സാലറി കട്ടല്ല താല്ക്കാലികമായ മാറ്റിവെക്കലാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നായിരുന്നു അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് കോടതിയില്‍ വാദിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിന് 8000 കോടി രൂപയാണ് ആവശ്യം. സൗജന്യ റേഷനും സമൂഹ അടുക്കളയും ക്ഷേമപെന്ഷന് വിതരണവും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാര്‍ തയ്യാറാണ്. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്, എപിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ് എന്നിവ അനുസരിച്ച് സര്‍ക്കാരിന് ശമ്പളം പിടിക്കാമെന്നും അഡ്വക്കറ്റ് ജനറല്‍ വാദിച്ചു. ഈ വാദം തള്ളിയ കോടതി സാമ്പത്തിക പ്രതിസന്ധി ശമ്പളം നീട്ടിവെക്കാനുള്ള ന്യായീകരണമല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: